ലാവ്ലിന് വിധിക്കു ശേഷം ആദ്യമായി കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് ഉജ്ജ്വല സ്വീകരണം
കണ്ണൂര്‍: ലാവ്ലിന് കേസില്‍ ഹൈക്കോടതി വിധിയിലൂടെ കുറ്റവിമുക്തനായ മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നാട്ടില്‍ സി.പി.എം
പ്രവര്‍ത്തകരുടെ ഉജ്ജ്വല സ്വീകരണം.
ഇന്നലെ പുലര്‍ച്ചെ അഞ്ചേപത്തോടെ മാവേലി എക്സ്പ്രസില്‍ കണ്ണൂരിലെത്തിയ മുഖ്യമന്ത്രിയെ ജില്ലാസെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്.
കനത്തമഴയിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പിണറായിയെ സ്വീകരിക്കാനെത്തി. രണ്ടുപതിറ്റാണ്ടിലേറെക്കാലം വിടാതെ പിന്തുടര്‍ന്ന ലാവ്ലിന് കേസിന്റെ സമയത്ത് ഏറിയകാലവും പിണറായി പാര്‍ട്ടി സെക്രട്ടറിയായിരുന്നു. അതുകൊണ്ടു തന്നെ സി.പി.എമ്മിനെതിരെയുള്ള മൂര്‍ച്ചയേറിയ ആയുധമായിരുന്നു ലാവ്ലിന് കേസ്.
അതുകൊണ്ടാണ് കേസില്‍നിന്ന് മുക്തമായ പിണറായി വിജയന് ആദ്യമായി കണ്ണൂരിലെത്തുമ്പോള്‍ മികച്ച സ്വീകരണം തന്നെ ഒരുക്കിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി.ഗോവിന്ദനും മുഖ്യമന്ത്രിക്കൊപ്പം തീവണ്ടിയിലുണ്ടായിരുന്നു. പി. ജയരാജനു പുറമെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി ജയരാജന്, കെ.പി സഹദേവന്, ടി.വി രാജേഷ് എം.എല്‍.എ, എം. പ്രകാശന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നീ നേതാക്കളും പുലര്‍ച്ചെതന്നെ റയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.
ചെറുചിരിയോടെ സ്വീകരണം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി ലാവ്ലിനെക്കുറിച്ച് ഒന്നും സംസാരിക്കാതെ നേരെ ഗസ്റ്റ് ഹൗസിലേക്ക് പോകുകയും ചെയ്തു. ഇന്നലെ കണ്ണൂരില്‍ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. അവിടെയെല്ലാം പ്രവര്‍ത്തകരുടെ പങ്കാളിത്തവും പതിവില്‍ കൂടുതലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."