ഫുട്‌ബോളില്‍ അഭിമാനമായി തൃപ്പനച്ചിയുടെ താരങ്ങള്‍
മഞ്ചേരി: കഴിഞ്ഞ ദിവസം ചേര്‍ത്തലയില്‍ സമാപിച്ച സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോളില്‍ വിവിധ ജില്ലകള്‍ക്കായി ബൂട്ടണിഞ്ഞ തൃപ്പനച്ചിയിലെ എട്ട് കൗമാര താരങ്ങള്‍ നേടിയത് അഭിമാനകരമായ വിജയം. കളിച്ചുമിടുക്കരാവാനാണ് ഇവരുടെ തീരുമാനമെങ്കിലും അതിനു അനുയോജ്യമായ ഇടങ്ങളില്ലാത്തതാണ് പ്രശ്‌നം. പത്തനംതിട്ട ജില്ലക്കുവേണ്ടി മുഹമ്മദ് റിഷാദ്, അദ്‌നാന്‍, അന്‍ഷിദ്, അഭിനവ്, മിജ്മല്‍ഷാന്‍, കെ. അഫ്‌സല്‍ എന്നീ ആറുപേരും, ഇടുക്കി, കോട്ടയം ജില്ലകള്‍ക്കുവേണ്ടി ആദില്‍ ആര്‍ഷലും, ശിവപ്രസാദുമായിരുന്നു കളത്തിലിറങ്ങിയത്.
പരിശീലനത്തിനുവേണ്ടി മികച്ചൊരു ഗ്രൗണ്ടോ മറ്റടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാതെയാണ് തൃപ്പനച്ചിയിലെ ഈ കുരുന്നു താരങ്ങള്‍ മികച്ച വിജയം കൈവരിച്ചത്. തൃപ്പനച്ചി ഡൈനാമോസ് ഫുട്‌ബോള്‍ അക്കാദമിയും കോച്ച് ഒ.പി.സി മുജീബ് റഹ്മാനുമാണ് ഉള്ള സൗകര്യങ്ങളില്‍ മികച്ച പരിശീലനം നല്‍കി ഇവരെ പ്രതിഭകളാക്കിയത്. നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനം ലഭിക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നും കടുത്ത അവഗണനയാണ് വളര്‍ന്നുവരുന്ന ഈ താരങ്ങള്‍ക്കു ലഭിക്കുന്നത്. മഴപെയ്ത് ചളിക്കുളമായിമാറി അത്യന്തം ശോച്യാവസ്ഥയിലുള്ള തൃപ്പനച്ചി മിനി സ്റ്റേഡിയത്തിലാണ് ഇവരുടെ പരിശീലനം. ഒരുവശത്ത് ഏതു നിമിഷവും ഗ്രൗണ്ടിലേക്ക് പതിക്കാവുന്ന തരത്തില്‍ കൂറ്റന്‍ പാറ ഭീഷണിയായി നില്‍ക്കുന്നു. മറുഭാഗം നന്നായൊന്ന് മഴപെയ്താല്‍ ചളിക്കുളമാവുകയും ചെയ്യുന്ന അവസ്ഥയും. ഗ്രൗണ്ടിനുവേണ്ടി പാസായ വിവിധ ഫണ്ടുകള്‍ വേണ്ടരീതിയില്‍ വിനിയോഗിക്കാനും നീക്കങ്ങളുണ്ടായിട്ടില്ല .
കഴിഞ്ഞവര്‍ഷം നടന്ന സബ്ജൂനിയര്‍ ഫുടബോളില്‍ അഞ്ചുപേരായിരുന്നു വിവിധ ജില്ലകള്‍ക്കായി ബൂട്ടണിഞ്ഞത്. അത് എട്ടാക്കി ഉയര്‍ത്താന്‍ സാധിച്ചുവെന്നതും അഭിമാനാര്‍ഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."