കരുതലിന്റെ മധുരവുമായി വീണ്ടും ചായക്കുറി
കൊടുങ്ങല്ലൂര്‍: കരുതലിന്റെ മധുരവുമായി ചായക്കുറിയുമായി പഴയ കാല പരസ്പര സഹായ പദ്ധതിക്ക് പുനര്‍ജന്മം.
ഒരു പെണ്‍കുട്ടിയുടെ വിവാഹാവശ്യത്തിനും ഒരു കുടുംബത്തിന്റെ വീടിന്റെ അറ്റകുറ്റപ്പണിക്കുമുള്ള സഹായ ധനം കണ്ടെത്താനായാണ് ഒരു കൂട്ടം മനുഷ്യ സ്‌നേഹികള്‍ ചായക്കുറിയുമായി ഒന്നിച്ചത്. പണ്ടു കാലങ്ങളില്‍ ഗ്രാമീണ മേഖലകളില്‍ സജീവമായിരുന്ന ചായക്കുറിയുടെ പുതിയ പതിപ്പാണ് ധനസമാഹരണത്തിനായി പരീക്ഷിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കുവാനായി നടത്തുന്ന പരസ്പര സഹകരണ പ്രവര്‍ത്തനമാണ് ചായക്കുറി. പണ്ട് ചായക്കടകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇത് നടന്നിരുന്നത്. സാമ്പത്തിക ഞെരുക്കമുള്ളയാള്‍ പരിചയക്കാരായ നാട്ടുകാരെ ക്ഷണിച്ച് ചായക്കുറി നടത്തും. ചായക്കുറിയ്‌ക്കെത്തുന്നവര്‍ക്ക് ലഘുഭക്ഷണം വിളമ്പും.
അതിഥികള്‍ മടങ്ങും മുന്‍പ് തങ്ങളാല്‍ കഴിയുന്ന ഒരു തുക ചായക്കുറി നടത്തുന്നയാള്‍ക്ക് നല്‍കും. ലഭിക്കുന്ന തുക കൃത്യമായി പുസ്തകത്തില്‍ രേഖപ്പെടുത്തി വെയ്ക്കും. പിന്നീട് മറ്റൊരാള്‍ ചായക്കുറി നടത്തുമ്പോള്‍ പതിവ് ആവര്‍ത്തിക്കും. പരസ്പരം സഹായിക്കുകയെന്ന ഗ്രാമീണ കേരളത്തിന്റെ നല്ല മനസിന്റെ അടയാളമായിരുന്നു ചായക്കുറി.
പുല്ലൂറ്റ് ആദിത്യ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ നടന്ന ചായക്കുറിയില്‍ പങ്കെടുത്തവര്‍ക്ക് പ്രകൃതിദത്ത കാപ്പി ഉള്‍പ്പടെയുള്ള ലഘു വിരുന്നൊരുക്കി.
വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍.എ ചായക്കുറി ഉദ്ഘാടനം ചെയ്തു. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ രാമനാഥന്‍, ചന്ദ്രിക മധുസൂദനന്‍ , നെജു ഇസ്മയില്‍, സണ്ണി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."