പൂവിന് തീവില; പൂക്കളം ഇടാന്‍ ഇത്തവണ കൈപൊളും
തൃപ്പൂണിത്തുറ: തിരുവോണത്തിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ മലയാളിക്ക് വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കണമെങ്കില്‍ പൂവിന് നല്ല വില കൊടുക്കേണ്ടി വരും. ഉത്സവങ്ങളുടെ നാടായ രാജ നഗരിയില്‍ അത്തം മുതല്‍ നഗര വീഥികളില്‍ പൂക്കള്‍ വില്പനക്കാര്‍ നിരന്നു.
ദൂര ദിക്കുകളില്‍ നിന്നും സ്‌ക്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ മുതല്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പൂക്കള്‍ ഇവിടെ നിന്നാണ് വാങ്ങാറുള്ളത്. കഴിഞ്ഞ ഓണത്തിന് വിവിധ തരം വര്‍ണ്ണങ്ങളിലുള്ള വിവിധ തരം പൂക്കള്‍ ലോഡു കണക്കിന് വില്പന നടന്നിരുന്നിടത്ത് ഇത്തവണ ചുരുക്കം ചില പൂ കച്ചവടക്കാരേ എത്തിയിട്ടുള്ളൂ. ഓണത്തിന് വീട്ടുമുറ്റത്തും സ്വകാര്യ സ്ഥാപനങ്ങളിലും പൂവിടണമെങ്കില്‍ മലയാളി തമിഴ്‌നാടിനെ ആശ്രയിക്കണം. പൂ കൃഷിയില്‍ ഇത്തവണ ഉല്‍പാദനം തീരെ കുറവായതിനാല്‍ പൂക്കള്‍ക്ക് പൊള്ളുന്ന വിലയാണ് . ഒരു കിലോ വാടാമല്ലിക്ക് 300-350 ,ചെണ്ടുമല്ലി 150-200, അരളി 300-400, ചെറിയ റോസ 400-500 എന്നിങ്ങനെയാണ് വില.
വില്പനക്കാരില്‍ ഏറിയ പങ്കും തമിഴ് നാട്ടുകാരാണ്. പൂവിന് വില കൂടാനും വില്പനക്കാര്‍ ഗണ്യമായി കുറയാനും കാരണം നഗരസഭ തറവാടകയായി ഭീമമായ തുക പിരിക്കുന്നതും ഒരു കാരണമാണെന്ന് തോവാളയില്‍ നിന്നും പൂവില്പനയ്‌ക്കെത്തിയ രാജമ്മാള്‍ പാണ്ഡീശ്വരി പറഞ്ഞു. പത്തു ദിവസത്തേയ്ക്ക് മൂന്നു മീറ്റര്‍ നീളത്തില്‍ റോഡ് സൈഡില്‍ പൂവില്പനയ്ക്ക് മാത്രം അന്‍പതിനായിരം മുതല്‍ ഒരു ലക്ഷം വരെ തറവാടകയിനത്തില്‍ നഗരസഭയ്ക്ക് നല്‍കണം.
പൂക്കച്ചവടം കുറഞ്ഞതിനാല്‍ തറവാടക പോയിട്ട് നിത്യവൃത്തിക്കുള്ള ചിലവിനു പോലും കഷ്ടപെടുകയാണെന്ന് അവര്‍ പറഞ്ഞു. പൂവിന്റെ ലഭ്യത കുറവും ഉയര്‍ന്ന തറവാടകയും വില കൂട്ടാന്‍ വില്പനക്കാരെ നിര്‍ബന്ധിതരാക്കി. ഹരിത കേരളം പദ്ധതിയില്‍ ഇത്തവണ ഓണത്തിന് ഒരു മുറം പച്ചക്കറിയും ഒരു കുട്ട പൂവും എന്നത് പ്രഖ്യാപനത്തില്‍ മാത്രം. മലയാളിക്ക് ഓണത്തിന് മുറ്റത്ത് ഇത്തവണയും പൂക്കളം തീര്‍ക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നും വരുന്ന പൂക്കള്‍ വലിയ വില കൊടുത്ത് വാങ്ങേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."