പൊലിസ് ഗുണ്ടകളുടെ സംരക്ഷകരാകരുത്: മുഖ്യമന്ത്രി
കൊച്ചി: പൊലിസ് ഗുണ്ടകളുടെ സംരക്ഷകരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ടൗണ്‍ പൊലിസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ പരിഛേദമാണ് പൊലിസ്. അതിനാല്‍ മോശം സ്വഭാവമുള്ളവരും പൊലിസില്‍ ഉണ്ടാകാം. ക്രമവിരുദ്ധമായി ആരെയും സംരക്ഷിക്കരുത്. ചില വികസനപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ രേഖകളും ഉടമസ്ഥന് ലഭിച്ചാലും ഗുണ്ടകളുടെ സഹായത്തോടെ ചിലര്‍ അതിന് തടസം സൃഷ്ടിക്കാറുണ്ട്. ഈ ഗുണ്ടകള്‍ക്ക് സംരക്ഷണമൊരുക്കുന്നത് ചില പൊലിസുകാരാണ്. നാടിന്റെ പല വികസനപ്രവര്‍ത്തനങ്ങളുമാണ് ഇത്തരത്തില്‍ ഇല്ലാതാകുന്നത്.
സമൂഹത്തില്‍ മാന്യന്മാരെന്ന് നടിക്കുന്ന പലരും ഇത്തരം പ്രവര്‍ത്തനത്തിന് പിന്നിലുണ്ട്. ഗുണ്ടകളെ സംരക്ഷിക്കുന്നതില്‍ നിന്ന് പൊലിസ് വിട്ടുനില്‍ക്കണം. പൊലിസ് എപ്പോഴും നിയമവാഴ്ച ഉറപ്പാക്കണം. ക്രമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പൊലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും.
പല അസൗകര്യങ്ങള്‍ക്ക് നടുവിലായിരിക്കാം പൊലിസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പൊലിസ് സ്റ്റേഷനില്‍ എത്തുന്നവരോട് നല്ല രീതിയില്‍ പെരുമാറണം. അവശ്യഘട്ടത്തില്‍ സ്വാഭാവികമായി സമീപിക്കേണ്ട ബന്ധു എന്ന തരത്തിലുള്ള ഒരു മുഖമാണ് പൊലിസിന് വേണ്ടത്. സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്നവര്‍ തുടങ്ങിയവരുടെ കാര്യത്തിലെല്ലാം പ്രത്യേക ശ്രദ്ധ വേണം.
സംസ്ഥാനത്തെ റോഡുകളിലെല്ലാം അത്യാധുനിക കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. വാഹനത്തിന്റെ അകത്തുള്ള കാര്യങ്ങള്‍പോലും പകര്‍ത്താന്‍ ഇത്തരം സംവിധാനങ്ങള്‍ക്ക് കഴിയും. എല്ലാവരും ഈ സുരക്ഷാസംവിധാനത്തില്‍ സമന്മാരായിരിക്കും. പൊലിസ് സ്റ്റേഷന്‍ പരിസരത്ത് കുന്നുകൂടുന്ന വാഹനങ്ങള്‍ നീക്കംചെയ്യാന്‍ ശ്രമം തുടരുകയാണ്. സംസ്ഥാനത്തെ പ്രധാന സിറ്റികളിലെ പൊലിസ് സ്റ്റേഷനുകളില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.വി തോമസ് എം.പി, മേയര്‍ സൗമിനി ജയിന്‍, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ഐ.ജി പി.വിജയന്‍, ജില്ലാ പൊലിസ് മേധാവി എം.പി ദിനേശ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."