കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എം.ഡിയുടെ മുന്നറിയിപ്പ്: പണിമുടക്കിയാല്‍ പണി പോകും
തിരുവനന്തപുരം: പണിമുടക്കിയാല്‍ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി കെ.എസ്.ആര്‍.ടി.സി എം.ഡി രാജമാണിക്യം. പ്രതിഷേധ പരിപാടികള്‍ നടത്തിയാലും തൊഴിലെടുക്കുന്നത് തടസപ്പെടുത്തിയാലും നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും എം.ഡി ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. യൂനിയന്‍ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് തീരുമാനം.
കഴിഞ്ഞ 2ന് എ.ഐ.ടി.യു.സി നേതൃത്വത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ നടത്തിയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരെയെല്ലാം സ്ഥലംമാറ്റിക്കൊണ്ടാണ് രാജമാണിക്യം പുതിയ തീരുമാനത്തിന്റെ ആദ്യഘട്ടം നടപ്പാക്കിയത്. പണിമുടക്കുമായി സഹകരിച്ച 266 ജീവനക്കാരില്‍ 211 പേരുടെ സ്ഥലംമാറ്റ ഉത്തരവ് പിന്നീട് മരവിപ്പിച്ചെങ്കിലും മാപ്പപേക്ഷ എഴുതിവാങ്ങിയിരുന്നു.
കെ.എസ്.ആര്‍.ടി.സിയിലെ ഒരു യൂനിയനുമായും സഹകരിക്കില്ലെന്നും ജോലിയില്‍ വീഴ്ചവരുത്തില്ലെന്നുമാണ് എഴുതിവാങ്ങിയത്. മാപ്പപേക്ഷ നല്‍കാത്ത 55 പേരുടെ സ്ഥലംമാറ്റ ഉത്തരവ് ഇതുവരെ പിന്‍വലിച്ചിട്ടില്ല. ഇവര്‍ക്കെതിരേ ശക്തമായ നിലപാടെടുക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്‌മെന്റ്. എ.ഐ.ടി.യു.സി പ്രഖ്യാപിച്ച പണിമുടക്കില്‍ പങ്കെടുത്ത ബി.എം.എസ്- ഐ.എന്‍.ടി.യു.സി യൂനിയനുകളില്‍പ്പെട്ടവര്‍ക്കെതിരേയും നടപടിയെടുത്തിരുന്നു. സി.ഐ.ടി.യു യൂനിയന്‍ പണിമുടക്കില്‍ നിന്ന് വിട്ടുനിന്നതിനാല്‍ നടപടി ഉണ്ടായില്ല. എം.ഡിയും മുഖ്യമന്ത്രിയും ചേര്‍ന്നെടുത്ത തീരുമാനം നേരത്തേതന്നെ അറിഞ്ഞതിനാലാണ് സി.ഐ.ടി.യു സമരങ്ങളില്‍ നിന്ന് മാറിനില്‍ക്കുന്നത്.
ജീവനക്കാര്‍ക്കെതിരായ നടപടി തിരുത്തണമെന്ന് ഗതാഗതമന്ത്രി തോമസ്ചാണ്ടി അഭ്യര്‍ഥിച്ചിട്ടും എം.ഡി ചെവിക്കൊണ്ടില്ല. സമരം ചെയ്തതിന്റെ പേരില്‍ ജയിലിലായ എ.ഐ.ടി.യു.സി നേതാക്കളെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് രാജമാണിക്യം യൂനിയനുകള്‍ക്ക് മറുപടി നല്‍കിയത്. സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച എ.ഐ.ടി.യു.സിയുടെ നിരാഹാര സമരം അവസാനിപ്പിക്കാന്‍ സി.പി.ഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ നേരിട്ടുകണ്ടിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് കൂടിക്കാഴ്ച നടന്നത്. എന്നിട്ടും, മന്ത്രിമാര്‍ക്ക് യാതൊരു ഉറപ്പും മുഖ്യമന്ത്രി നല്‍കിയില്ല.
വകുപ്പുമന്ത്രിക്കെതിരേ അവകാശലംഘനത്തിന് കേസ് കൊടുക്കുമെന്ന് സി. ദിവാകരന്‍ എം.എല്‍.എ പറഞ്ഞതോടെയാണ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ തയാറായത്. 55 പേരില്‍ 19 പേരെ തിരികെ കയറ്റാമെന്നും ബാക്കിയുള്ള 46 പേര്‍ക്കെതിരേയുള്ള നടപടി പിന്‍വലിക്കില്ലെന്നും എം.ഡി വാശിപിടിച്ചു. തിരിച്ചെടുക്കുന്നവര്‍ മാപ്പപേക്ഷ എഴുതി നല്‍കണമെന്നും വ്യവസ്ഥവച്ചു. മാപ്പപേക്ഷ നല്‍കില്ലെന്നാണ് എ.ഐ.ടി.യു.സി നേതാക്കള്‍ പറയുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും സമരം അടിച്ചമര്‍ത്തുകയും ചെയ്യുന്നത് തൊഴിലാളിവര്‍ഗ പാര്‍ട്ടികളുടെ സര്‍ക്കാരിനു ചേര്‍ന്നതല്ലെന്ന നിലപാടാണ് എ.ഐ.ടി.യു.സിക്കുള്ളത്.
യൂനിയന്‍ പ്രവര്‍ത്തനത്തിന്റെപേരില്‍ കെ.എസ്.ആര്‍.ടി.സിയില്‍ തൊഴില്‍സമയം നഷ്ടപ്പെടുന്നുണ്ടെന്നാണ് മാനേജ്‌മെന്റിന്റെ വാദം. ഷെഡ്യൂളുകള്‍ കൃത്യമായി ഓപറേറ്റ് ചെയ്യാനും തയാറാകുന്നില്ല. ഇതൊഴിവാക്കാനും കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുമാണ് നടപടികളെന്നാണ് മാനേജ്‌മെന്റ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."