മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച സംഭവം; കേസ് രജിസ്റ്റര്‍ ചെയ്തു
കൊല്ലം: വിദേശകപ്പല്‍ ഇടിച്ച് മത്സ്യബന്ധനബോട്ട് തകര്‍ന്ന സംഭവത്തില്‍ കപ്പലിനെതിരേ കോസ്റ്റല്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. അലക്ഷ്യമായി കപ്പലോടിക്കല്‍, മത്സ്യബന്ധന ബോട്ടിന് നാശംവരുത്തല്‍, മത്സ്യത്തൊഴിലാളികള്‍ക്ക് പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കൊച്ചി കോസ്റ്റല്‍ പൊലിസാണ് കേസെടുത്തിരിക്കുന്നത്. കോസ്റ്റല്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം കൊല്ലത്ത് എത്തി അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൊഴിയെടുത്തിരുന്നു. ഇതിനു ശേഷമാണ് കപ്പലിനെതിരേ കേസെടുത്തിരിക്കുന്നത്.
ഇതിനിടെ മത്സ്യബന്ധന ബോട്ടിലിടിച്ച ഹോങ്കോങില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അങ്‌യാങ് കപ്പല്‍ നേവിയുടെ നിര്‍ദേശം അവഗണിച്ച് മുന്നോട്ട് പോകുകയാണ്. കൊച്ചി തീരത്തേക്ക് അടുക്കാന്‍ കഴിയില്ലെങ്കില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്ക് അടുക്കണമെന്നാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇത് വകവയ്ക്കാതെ സഞ്ചരിക്കുന്ന കപ്പലിനെ നേവി പിന്തുടരുന്നുണ്ട്.
ഹോങ്കോങ് ഭാഗത്തേക്കാണ് കപ്പല്‍ സഞ്ചരിക്കുന്നത്. നേവിയുടെ യുദ്ധകപ്പലുകളും കപ്പല്‍ സഞ്ചരിക്കുന്ന ഭാഗത്തുണ്ട്. നിര്‍ദേശം പാലിക്കാതെ കപ്പല്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അന്താരാഷ്ട്ര മാരിടൈം നിയമങ്ങള്‍ അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഇന്ത്യന്‍ നേവിയുടെ തീരുമാനം.
നിര്‍ദേശം ലംഘിച്ച് കപ്പല്‍ ഇനിയും മുന്നോട്ട് പോയാല്‍ ഇറാനില്‍നിന്നു ചരക്കുമായി സിംഗപ്പൂരിലേയ്ക്ക് യാത്രചെയ്യുന്ന കപ്പലിനെ സിംഗപ്പൂരില്‍വച്ച് കസ്റ്റഡിയിലെടുക്കാനുള്ള സാധ്യതയുമുണ്ട്. വിദേശകാര്യമന്ത്രാലയം വഴി സിംഗപ്പൂര്‍ സര്‍ക്കാരിനെ ബന്ധപ്പെടാനാണ് നാവികസേന തീരുമാനം. നിയപരമായ മാര്‍ഗങ്ങളിലൂടെ സിംഗപ്പൂരില്‍നിന്ന് കപ്പല്‍ കസ്റ്റഡിയിലെടുക്കുകയോ പരിശോധിക്കുയോ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
കസ്റ്റഡിയില്‍ എടുക്കുന്ന കപ്പലില്‍ പോര്‍ട്ട് ബ്ലയറിലോ
സിംഗപ്പൂരിലോ പരിശോധന നടത്തും. കോസ്റ്റല്‍ പൊലിസ്, നേവി, കോസ്റ്റ്ഗാര്‍ഡ്, മറൈന്‍ മര്‍ക്കന്റയന്‍ വിഭാഗം തുടങ്ങിയിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരായിരിക്കും പരിശോധന നടത്തുക. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ ഇന്ത്യന്‍ നിയമം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് 12.15ന് കൊല്ലത്തുനിന്നും 38 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലില്‍ ആയിരുന്നു അപകടം. അപകടസമയത്ത് ആറ് മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റൊരു ബോട്ടിലെ ജീവനക്കാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."