ഉപതെരഞ്ഞെടുപ്പ്: ഡല്‍ഹിയില്‍ ബി.ജെ.പിക്ക് തിരിച്ചടി; ഗോവയില്‍ സീറ്റ് നിലനിര്‍ത്തി
ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ നാല് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഡല്‍ഹിയിലെ ബവാന സീറ്റിലേതാണ്. ബി.ജെ.പിയുടെയും അമിത്ഷായുടേയും ചാക്കിട്ടുപിടിത്തത്തിന് ശക്തമായ തിരിച്ചടി നല്‍കി ഈ മണ്ഡലത്തില്‍ വീണ്ടും എ.എ.പി സ്ഥാനാര്‍ഥി തെരഞ്ഞെടുക്കപ്പെട്ടു.
ഗോവയില്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ 4,803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗിരീഷ് ചോദന്‍കറിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
ഗോവയിലെ വാല്‍പൊയ് മണ്ഡലത്തില്‍ സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോയ് നായിക്കിനെതിരേ 10,066 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് റാണെ ഇവിടെ ജയിച്ചത്.
ഡല്‍ഹി ബവാന മണ്ഡലത്തില്‍ എ.എ.പി എം.എല്‍.എ വേദ് പ്രകാശ്, രാജിവച്ച് ബി.ജെ.പിയിലെത്തി വീണ്ടും തെരെഞ്ഞടുപ്പിനെ നേരിടുകയായിരുന്നു. വേദ് പ്രകാശിനെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രാം ചന്ദര്‍ 24,052 വോട്ടിനാണ് തോല്‍പ്പിച്ചത്. രാംചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പി സ്ഥാനാര്‍ഥി വേദ് പ്രകാശ് 35,834 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരീന്ദര്‍ കുമാര്‍ 31, 919 വോട്ടുകളും നേടി. ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ മണ്ഡലത്തില്‍ തെലുങ്കുദേശം പാര്‍ട്ടി സ്ഥാനാര്‍ഥി ബി. ബ്രഹ്മാനന്ദ റെഡ്ഡി വിജയിച്ചു.
വൈ.എസ്.ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ്. മോഹന്‍ റെഡ്ഡിയെ 27,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി.ഡി.പി തോല്‍പിച്ചത്.
ബി.ജെ.പിയുടെ കുതിരക്കച്ചവടം വിജയിച്ചില്ല
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനുള്ള ശക്തമായ തിരിച്ചടിയാണ് ഡല്‍ഹി ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് നേരിട്ടത്. മറ്റ് പാര്‍ട്ടികളിലെ ജനപ്രതിനിധികളെ ചാക്കിട്ട് പിടിക്കുന്ന ബി.ജെ.പി തന്ത്രം മറികടന്ന് ഡല്‍ഹിയിലെ ബവാന അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം ഇതാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മണ്ഡലത്തിലെ എ.എ.പി എം.എല്‍.എയായിരുന്ന വേദ് പ്രകാശ് എം.എല്‍.എ സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇതേ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 45 ശതമാനം വോട്ടു നേടിയാണ് എ.എ.പി മണ്ഡലം നിലനിര്‍ത്തിയത്. എ.എ.പിയില്‍ നിന്നു ബി.ജെ.പിയിലെത്തിയ വേദ് പ്രകാശ് തന്നെയായിരുന്നു ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി. 2015ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലധികം വോട്ടുകളാണ് കോണ്‍ഗ്രസ് ഇത്തവണ നേടിയത്.
ആം ആദ്മി പാര്‍ട്ടിയുടെ സംശുദ്ധ രാഷ്ട്രീയത്തിനും ഡല്‍ഹി സര്‍ക്കാരിന്റെ ഭരണത്തിനും ലഭിച്ച അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."