ദോക്‌ലാം: ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചു
ബെയ്ജിങ് /ന്യൂഡല്‍ഹി: സിക്കിം അതിര്‍ത്തിയില്‍ കിഴക്കന്‍ ഹിമാലയത്തിലെ ദോക്്‌ലാമില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പരിഹാരം. അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ദോക്്‌ലാമില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറിയെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെയാണ് ഇന്ത്യന്‍ സൈന്യത്തിന്റെ പിന്മാറ്റം പൂര്‍ണമായതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ ദോക്്‌ലാം വിഷയത്തില്‍ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. ദോക്്‌ലാമില്‍ ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ചൈനയുടെ ആവശ്യം അംഗീകരിച്ച് ഇന്ത്യ മേഖലയില്‍ നിന്ന് പിന്മാറുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ദോക്്‌ലാമില്‍ നിന്ന് ചൈനീസ് സൈന്യവും പിന്മാറിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിര്‍ത്തി മേഖലയില്‍ പട്രോളിങ് തുടരുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ദോക്്‌ലാം തങ്ങളുടേതാണെന്ന അവകാശവാദവും ചൈന ആവര്‍ത്തിച്ചു.
കഴിഞ്ഞ ജൂണില്‍ ദോക്്‌ലാമില്‍ ചൈനീസ് സേന റോഡ് നിര്‍മിക്കാനുള്ള നീക്കം തുടങ്ങിയതാണ് സംഘര്‍ഷത്തിന് കാരണം. റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെ ഇരു ഭാഗത്തും സൈന്യം നിലയുറപ്പിച്ചു.
നയതന്ത്രതലത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ദോക്‌ലാം വിഷയത്തില്‍ പരിഹാരത്തിന് വഴിതെളിഞ്ഞത്. ഉച്ചയ്ക്ക് 2.30 നാണ് ഇതുസംബന്ധിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവാ ചുന്‍യിങ് തങ്ങളുടെ നിലപാട് അറിയിച്ചത്. ദോക്്‌ലാമില്‍ നിന്ന് ഇന്ത്യ അവരുടെ സൈനികരെയും ആയുധങ്ങളും അതിര്‍ത്തിയിലേക്ക് മാറ്റിയെന്നാണ് ചൈനയുടെ പ്രസ്താവന. എന്നാല്‍ സേനാ പിന്മാറ്റം ആരംഭിച്ചുവെന്നും ഒരു ദിവസം കൊണ്ട് നടപടി പൂര്‍ത്തിയാകില്ലെന്നും ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.
ചൈനയില്‍ ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലുണ്ടായത്. 300 സൈനികരാണ് ഇരുപക്ഷത്തുമായി നിലയുറപ്പിച്ചിരുന്നത്. ചൈന പലതവണ പ്രകോപനത്തിന് മുതിര്‍ന്നെങ്കിലും ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു. ഭൂട്ടാന് ചൈനയുമായി നയതന്ത്രബന്ധമില്ലാത്തതിനാല്‍ ഇന്ത്യവഴിയാണ് ആശയവിനിമയം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."