ലോക ബോക്സിങ്: ഗൗരവ് ബിധുരി ക്വാര്‍ട്ടറില്‍
ഹാംബര്‍ഗ്: ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി ഗൗരവ് ബിധുരിയുടെ മുന്നേറ്റം. 56 കിലോ വിഭാഗത്തില്‍ ബിധുരി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു. അതേസമയം മറ്റ് ഇന്ത്യന്‍ താരങ്ങളായ മനോജ് കുമാര്‍, വികാസ് കൃഷ്ണന്, സുമിത് സംഗ്വാന് എന്നിവര്‍ തോല്‍വിയോടെ പുറത്തായത് ഇന്ത്യക്ക് നിരാശ സമ്മാനിച്ചു.
അഞ്ചാം സീഡും നേരത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ സ്വന്തമാക്കുകയും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്ത ശിവ ഥാപയുടെ രണ്ടാം ലോക ചാംപ്യന്‍ഷിപ്പ് മെഡലെന്ന സ്വപ്നത്തിന് തിരിച്ചടിയേറ്റതും ഇന്ത്യക്ക് നിരാശയേകുന്നതായി മാറി. ഭക്ഷ്യ വിഷബാധയും കടുത്ത പനിയേയും തുടര്‍ന്ന് താരം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. 60 കിലോ വിഭാഗത്തില്‍ രണ്ടാം റൗണ്ടില്‍ ജോര്‍ജിയന്‍ താരം ഒടര്‍ എര്നോസിയനുമായുള്ള പോരാട്ടത്തിനിറങ്ങാതെ ശിവ പിന്മാറി. 2015ലെ ലോക പോരാട്ടത്തില്‍ ശിവ വെങ്കലം സ്വന്തമാക്കിയിരുന്നു. 56 കിലോയില്‍ ഗൗരവ് ഉക്രൈന് താരം മികോല ബുറ്റ്സെന്കോയെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറിലെത്തിയത്. 2011ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ വികാസ് ഇംഗ്ലണ്ട് താരം ബെഞ്ചമിന്‍ വിറ്റകറോട് രണ്ടാം റൗണ്ടില്‍ പരാജയപ്പെടുകയായിരുന്നു. 91 കിലോയില്‍ മത്സരിച്ച ഏഷ്യന്‍ വെള്ളി മെഡല്‍ ജേതാവ് സുമിത് ആസ്ത്രേലിയന്‍ കാരം ജസോന് വാട്ലെയോടാണ് തോല്‍വി വഴങ്ങിയത്. മനോജ് കുമാര്‍ വെനസ്വലന്‍ താരം ഗബ്രിയേല്‍ മയിസ്റ്റ്രെ പെരസിനോടാണ് 69 കിലോ പോരാട്ടത്തില്‍ പരാജയം വഴങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."