ഗവ. കരാറുകാര്‍ ടെന്‍ഡറുകള്‍ ബഹിഷ്‌കരിക്കും: കോഡിനേഷന്‍ കമ്മിറ്റി
കോഴിക്കോട്: ജി.എസ്.ടി നടപ്പിലാക്കിയതോടെ ഗവ. കരാറുകാര്‍ വന്‍പ്രതിസന്ധി നേരിടുകയാണെന്നും പ്രശ്‌നത്തിനു സര്‍ക്കാര്‍ പരിഹാരം കാണുന്നില്ലെങ്കില്‍ ടെന്‍ഡറുകള്‍ ബഹിഷ്‌കരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും എല്‍.എസ്.ജി.ഡി (തദ്ദേശ സ്വയംഭരണ വകുപ്പ്) കോഴിക്കോട് ഡിസ്ട്രിക്ട് കോണ്‍ട്രാക്ടേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ടെന്‍ഡറുകളും ബഹിഷ്‌കരിക്കും. ഗവ. കാരാറുകാര്‍ക്ക് 12 ശതമാനം മുതല്‍ 18 ശതമാനം വരെ നികുതിയാണ് ജി.എസ്.ടി നിലവില്‍ വന്നതോടെ ചുമത്തുന്നത്. വെറും 10 ശതമാനം ലാഭത്തില്‍ കരാര്‍ ഏറ്റെടുക്കുന്ന തങ്ങള്‍ക്ക് ഇതെങ്ങനെ നല്‍കാനാകുമെന്ന് കമ്മിറ്റി കണ്‍വീനര്‍ കെ.അബ്ദുല്‍ അസീസ് ചോദിച്ചു.
നാളിതുവരെ കരാറുകാര്‍ നല്‍കിയിരുന്നത് നാലു ശതമാനം കോംപൗണ്ടിങ് ടാക്‌സായിരുന്നു. രണ്ടു ശതമാനം മറ്റു നികുതികളും ചുമത്തിയിരുന്നെങ്കിലും അഞ്ചു ശതമാനം ഓവര്‍ഹെഡ് ഇനത്തില്‍ സര്‍ക്കാര്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കരാറുകാര്‍ക്ക് നല്‍കിയിരുന്നു. ഇതുവരെ വര്‍ഷത്തില്‍ ഒരുതവണ നല്‍കിയിരുന്ന സ്ഥാനത്ത് ജി.എസ്.ടിയുടെ ഭാഗമായി മൂന്നു തവണ നികുതി അടയ്ക്കണമെന്നതും പ്രായോഗികമല്ലാത്ത കാര്യമാണ്. ഈ വിഷയത്തില്‍ സര്‍ക്കാരില്‍നിന്ന് അനുകൂലമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു.
16 മാസം താമസിച്ചാണ് തങ്ങളുടെ ബില്ലുകള്‍ പാസാക്കി കിട്ടുന്നത്. ഇതു കരാറുകാരെ കടക്കെണിയിലേക്ക് നയിക്കുകയാണ്. കൊല്ലത്ത് രണ്ടു കരാറുകാര്‍ ആത്മഹത്യ ചെയ്തത് കടം പെരുകിയാണെന്നും അബ്ദുല്‍ അസീസ് പറഞ്ഞു. നിര്‍മാണ സാമഗ്രികളായ ചെങ്കല്ല്, ക്വാറിവേസ്റ്റ് തുടങ്ങിയവക്ക് ക്രഷറുകള്‍ തോന്നിയപോലെ വില വര്‍ധിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്നും കോഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജോയന്റ് കണ്‍വീനര്‍ ടി.ടി ജയദേവന്‍, പി.വി ജലീലുദ്ദീന്‍, സി. സജീഷ്, കെ.വി സന്തോഷ് കുമാര്‍, പി. മോഹന്‍ദാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."