വെള്ളയില്‍ പുലിമുട്ട്: എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രിക്ക് കത്തയച്ചു
കോഴിക്കോട്: വെള്ളയില്‍ ഫിഷിങ് ഹാര്‍ബര്‍ പദ്ധതിയുടെ അവസാനഘട്ട പ്രവൃത്തിയുടെ പൂര്‍ത്തീകരണത്തിനായി കിഫ്ബിയുടെ കീഴില്‍ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും കത്തയച്ചു.
സി.ഡബ്ല്യു.പി.ആര്‍.എസിന്റെ നിര്‍ദേശ പ്രകാരം തെക്കുഭാഗത്തെ പുലിമുട്ടിന് 750 മീറ്റര്‍ നീളമാണ് നിജപ്പെടുത്തിയിരുന്നത്. ഇതിന്റെ പ്രവൃത്തി പൂര്‍ത്തിയാവുകയും ചെയ്തു. എന്നാല്‍ തുടര്‍പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പുലിമുട്ട് 490 മീറ്റര്‍ അധികം നീളത്തില്‍ നിര്‍മിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനു ഏകദേശം 21 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ആവശ്യമായ പഠനങ്ങള്‍ നടത്തി കിഫ്ബിയില്‍നിന്നു ഫണ്ട് അനുവദിച്ച് കോഴിക്കോട് വെള്ളയില്‍ ഫിഷിങ് ഹാര്‍ബര്‍ എത്രയും പെട്ടെന്ന് യഥാര്‍ഥ്യമാക്കണമെന്ന് എം.പി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
എം.പിയുടെ ശ്രമഫലമായി 2012 നവംബറില്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലയം, കേരള മത്സ്യബന്ധന-തുറമുഖ വകുപ്പുകള്‍ സംയുക്തമായി 39.30 കോടി രൂപ അനുവദിച്ചിരുന്നു. സി.ഡബ്ല്യു പി.ആര്‍.എസ് (സെന്റ്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസേര്‍ച്ച് സ്റ്റേഷന്‍) തയാറാക്കിയ പദ്ധതി രൂപരേഖ പ്രകാരമായിരുന്നു വെള്ളയില്‍ ഫിഷിങ് ഹാര്‍ബര്‍ പദ്ധതിയുടെ നിര്‍മാണം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."