വെള്ളക്കെട്ട്; റോഡുകള്‍ തകരുന്നു: കൈതക്കല്‍-കൊയിലേരി റോഡ്
പനമരം: പനമരം- മാനന്തവാടി റൂട്ടിലെ കൈതക്കല്‍-കൊയിലേരി റോഡ് പാടെ തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായി.
വലിയ കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡായിട്ടും വേനല്‍കാലത്ത് കുഴികളടക്കാന്‍ പൊതുമരാമത്ത് വകുപ്പ് നടപടിയെടുക്കാത്തതാണ് ഈ ദുരിതത്തിന് കാരണം.
പനമരത്ത് നിന്ന് എളുപ്പത്തില്‍ മാനന്തവാടിയിലെത്താനും കുറുവാ ദ്വീപിലെത്താനും ഈ വഴിയാണ് വാഹനയാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്നത്.
കൂടാതെ രാത്രി അന്തര്‍ സംസ്ഥാന വാഹനങ്ങള്‍ മുഴുവനും ഇതുവഴിയാണ് കടന്ന് പോകുന്നത്. മാനന്തവാടി ടൗണില്‍ പ്രവേശിക്കാതെ കാട്ടിക്കുളത്തേക്കും തുടര്‍ന്ന് കുടക് വഴി യാത്ര ചെയ്യാനും ബൈപ്പാസ് ചെറ്റപ്പാലം വഴി മൈസൂരുവിലേക്കും യാത്ര ചെയ്യാന്‍ എളുപ്പവും ടൗണിലെ തിരക്കില്‍പ്പെടാതെ ലക്ഷ്യസ്ഥാനത്തെത്താനും ഈ റോഡ് ഉപയോഗിക്കുന്ന നിരവധി യാത്രക്കാര്‍ക്ക് ഈ തോടായി മാറിയ റോഡിലൂടെ വേണം യാത്ര ചെയ്യാന്‍.
റോഡരികില്‍ താമസിക്കുന്നവരുടെ വീടുകള്‍ക്ക് ഗട്ടറില്‍ വാഹനം കയറിയിറങ്ങുന്നത് കാരണം വിള്ളല്‍ വീണതായി പരിസരവാസികള്‍ പറയുന്നു.
ചെമ്പാല - ഒന്നാംമൈല്‍ റോഡ്
ഗൂഡല്ലൂര്‍: ഗൂഡല്ലൂര്‍ നഗരസഭയിലെ ചെമ്പാല-ഒന്നാംമൈല്‍ റോഡ് തകര്‍ന്ന് ഗതാഗതം ദുഷ്‌കരമായി. നാലു കിലോമീറ്റര്‍ ദുരമുള്ള റോഡിന്റെ മൂന്ന് കിലോമീറ്റര്‍ ദൂരം കുഴി നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നു.
ഒന്നാംമൈലില്‍ നിന്ന് ഗൂഡല്ലൂര്‍ നഗരത്തില്‍ ബന്ധപ്പെടാതെ നിലമ്പൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. കൂടാതെ ഗൂഡല്ലൂര്‍ നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടാല്‍ ഈ വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിടുത്തും.
മഴ ആരംഭിച്ചതോടെ റോഡിലെ കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ ചെറിയ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇതുവഴി സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഡ്രൈനേജ് സംവിധാനമൊരുക്കാത്തതാണ് റോഡ് തകരാനുള്ള പ്രധാന കാരണം. ഹൈവേ വകുപ്പിന്റെ കീഴിലുള്ള ഈ റോഡ് അറ്റക്കുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വെള്ളക്കെട്ടൊഴിയാതെ തരുവണ ടൗണ്‍
തരുവണ: മഴ പെയ്താല്‍ തരുവണ ടൗണില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നു. മഴുവന്നൂര്‍കുന്ന് റോഡില്‍ നിന്ന് ഒലിച്ചെത്തുന്ന വെള്ളമാണ് ടൗണിലെ പടിഞ്ഞാറത്തറ റോഡില്‍ വെള്ളക്കെട്ടിന് കാരണമാകുന്നത്.
എന്നാല്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ലക്ഷങ്ങള്‍ മുടക്കി ഡ്രൈനേജ് നിര്‍മിച്ചെങ്കിലും ഫലമില്ലാത്ത സ്ഥിതിയാണ്. മഴുവന്നൂര്‍കുന്നില്‍ നിന്നറ റോഡിലേക്കെത്തുന്ന വെള്ളത്തെ തടയാനായിട്ടായിരുന്നു ചാലുകള്‍ നിര്‍മിച്ചത്.
എന്നാല്‍ പലയിടങ്ങളിലും ഡ്രൈനേജ് ഇല്ലാത്തത് കാരണമാണ് വെള്ളം റോഡിലൂടെ ഒഴുകുന്നത്. മഴ നിന്നാലും വെള്ളം ഒഴുകാന്‍ ഇടമില്ലാതെ റോട്ടില്‍ വെള്ളക്കെട്ട് തുടരുകയാണ്. കാല്‍നട യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കുമാണ് വെള്ളക്കെട്ട് കൂടുതല്‍ ദുരിതമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."