പൊലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണം: മുസ്‌ലിം ലീഗ്
കമ്പളക്കാട്: കമ്പളക്കാട് പൊലിസ് സ്റ്റേഷനുള്ളില്‍ സി.പി.എം നേതാക്കള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അവസരം നല്‍കിയ പൊലിസ് ഉദ്യോഗസ്ഥരുടെ പേരില്‍ നിയമനടപടി കൈക്കൊള്ളണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി ആവശ്യപ്പെട്ടു.
പൊലിസ് സ്റ്റേഷനിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാര്‍ച്ചോ ധര്‍ണ്ണയോ നടത്തുമ്പോള്‍ ഗെയിറ്റിന് മുന്നില്‍വച്ച് തടയാറാണ് പതിവ്. ഏതെങ്കിലും പ്രശ്‌നങ്ങള്‍ പറയാനായി ആള്‍ക്കൂട്ടം ഒന്നടങ്കം സ്റ്റേഷനില്‍ പോവാറില്ല. സംഘടനാ നേതാക്കളാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിക്കാറുള്ളത്. സ്‌റ്റേഷനുള്ളില്‍വച്ച് പ്രസംഗിക്കലും കൈയടിക്കലും ചാനലുകള്‍ക്ക് അഭിമുഖം നല്‍കലുമെല്ലാം ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കലാണ്.
നിയമം പരസ്യമായി ലംഘിച്ച് സ്റ്റേഷനില്‍വച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി വെല്ലുവിളിക്കുമ്പോള്‍ പൊലിസ് നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും അഹമ്മദ് ഹാജി ആരോപിച്ചു.
കൃത്യനിര്‍വഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നാരോപിച്ച് കമ്പളക്കാട് ടൗണില്‍ ആറോളം പേര്‍ക്കെതിരെ സി.പി.എം നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ കുറ്റപ്പെടുത്തി. ഇത് തെളിയിക്കുംവിധം സ്റ്റേഷനില്‍വച്ച് സി.പി.എം നേതാക്കള്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ അടക്കമുള്ള തെളിവുകള്‍ യു.ഡി.എഫ് നേതാക്കള്‍ എസ്.പിക്ക് കൈമാറിയിട്ടുണ്ട്.
സമഗ്രമായ അന്വേഷണം നടത്തി പൊലിസ് ഉദ്യോഗസ്ഥരുടെയും സ്‌റ്റേഷനില്‍ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സി.പി.എമ്മുകാരുടെയും പേരില്‍ കെസെടുക്കണമെന്നും അല്ലാത്തപക്ഷം സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."