സഹകരണ ബാങ്കിങ് മേഖല വെല്ലുവിളി നേരിടുന്ന കാലം: മന്ത്രി കടകംപള്ളി
കണ്ണൂര്‍: സഹകരണ ബാങ്കിങ് മേഖല വലിയ വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്ണൂരില്‍ സഹകരണ കോണ്‍ഗ്രസ് സംഘാടക സമിതി രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ന്യൂജനറേഷന്‍ ബാങ്കുകളടക്കം സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ ആധുനിക രീതിയിലുള്ള മൊബൈല്‍ ബാങ്കിങ് സംവിധാനങ്ങള്‍ വഴി ജനങ്ങള്‍ക്ക് ഇടപാടുകള്‍ എളുപ്പത്തില്‍ ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. സഹകരണ ബാങ്കുകളും ഇത്തരം സംവിധാനങ്ങള്‍ തുടങ്ങി യുവാക്കളെ ആകര്‍ഷിക്കുന്ന രീതിയിലേക്ക് മാറണം.
ബാങ്കുകളുടെ ലയനത്തിലൂടെ ഭീമന്‍ ബാങ്കുകളെ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇത്തരം ബാങ്കുകള്‍ വഴി സാധാരണക്കാരടക്കമുള്ളവരില്‍ നിന്നു നിക്ഷേപം സ്വീകരിച്ച് വന്‍കിടക്കാര്‍ക്ക് മാത്രം വായ്പ നല്‍കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്.
സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്ന സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുകയാണെങ്കില്‍ ജനങ്ങള്‍ സഹകരണ മേഖലയെ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതിയുടെ ഓഫിസും ജില്ലാ ബാങ്കിനു സമീപം മന്ത്രി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സഹകരണ യൂനിയന്‍ കണ്‍വീനര്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ അധ്യക്ഷനായി. ഇ.പി ജയരാജന്‍ എം.എല്‍.എ, കെ.കെ നാരായണന്‍, എം.കെ ദിനേശന്‍, സി. വിജയന്‍, ഇബ്രാഹിംകുട്ടി, കെ.വി മോഹനന്‍, എ. പ്രദീപന്‍, മുണ്ടേരി ഗംഗാധരന്‍, കെ.കെ സുരേഷ് സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി ഇ.പി ജയരാജന്‍ (ചെയര്‍.), കെ.കെ സുരേഷ്(ജന കണ്‍.) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."