വിദ്യാഭ്യാസ വായ്പ നിഷേധിച്ചു: ഗ്രാമീണ്‍ ബാങ്ക് ഉപരോധിച്ചു
തളിപ്പറമ്പ്: ചെങ്ങളായിയിലെ കിരാത്ത് താമസിക്കുന്ന ബിനു മാത്യുവിന്റെ മകളുടെ വിദ്യാഭ്യാസത്തിന് വായ്പ അനുവദിക്കാത്ത കേരള ഗ്രാമീണ്‍ ബാങ്ക് ചുഴലി ശാഖ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ 11ഓടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിദ്യാര്‍ഥിനിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചത് ചോദ്യം ചെയ്യുകയും ബാങ്ക് പടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തുകയുമായിരുന്നു.
ഒരു മാസം മുന്‍പ് വായ്പ നല്‍കാമെന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു വളക്കൈ കിരാത്ത് സ്വദേശിനിയായ വിദ്യാര്‍ഥിനി മംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനം ആരംഭിച്ചത്. പിന്നീട് വായ്പക്കായി ബാങ്കിലെത്തിയപ്പോള്‍ പല കാരണങ്ങള്‍ പറഞ്ഞും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അനാവശ്യമായി ആവശ്യപ്പെട്ടും അധികൃതര്‍ ബുദ്ധിമുട്ടിച്ചു.
ബാങ്ക് ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചപ്പോള്‍ കുട്ടിക്ക് എല്ലാ വിഷയങ്ങള്‍ക്കും 60 ശതമാനം മാര്‍ക്ക് വേണമെന്നായി അധികൃതര്‍. പുതിയ വാദം കേട്ടതോടെ വായ്പ കിട്ടില്ലെന്ന് രക്ഷിതാവായ ബിനു മാത്യുവിന് ഉറപ്പായി.
ഇതുമൂലം പ്രവേശന ഫീസായി നല്‍കിയ 10,000 രൂപ നഷ്ടമാകുമെന്നും വിദ്യാര്‍ഥിനിയുടെ തുടര്‍പഠനം നിന്നുപോകുമെന്ന സ്ഥിതിയായതോടെ രക്ഷിതാവ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. മാനേജറുടെ പരാതി പ്രകാരം ബാങ്കിലെത്തിയ സി.ഐ വി.വി ലതീഷും എ.എസ്.ഐ നാരായണനും പരാതിക്കാരും ഗ്രാമീണ ബാങ്ക് റീജ്യണല്‍ മാനേജര്‍ ടി.പി വേണുഗോപാലുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഏഴ് ദിവസത്തിനുള്ളില്‍ വായ്പ നല്‍കാമെന്ന് ധാരണയായി.
ഉപരോധത്തിന് മനോജ് പാറക്കാടി, വി.കെ വിജയകുമാര്‍, എ.കെ വാസു, പി. പ്രദീപന്‍, കെ. ജംഷീര്‍, ഷാജു കണ്ടമ്പേത്ത്, പി.വി ജിസണ്‍, കെ. രാഘവന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."