തളിപ്പറമ്പില്‍ അനധികൃത കച്ചവടത്തിനെതിരേ വ്യാപാരികള്‍ രംഗത്ത്
തളിപ്പറമ്പ്: സര്‍വകക്ഷിയോഗ തീരുമാനപ്രകാരം അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ച തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡിലും ഫുട്പാത്തിലും വീണ്ടും കച്ചവടം ആരംഭിച്ചതിനെതിരേ വ്യാപാരികള്‍ രംഗത്ത്. നിരവധി കാലത്തെ പരിശ്രമഫലമായാണ് മാര്‍ക്കറ്റ് റോഡിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചിരുന്നത്. ബസുകള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കേണ്ട റോഡുകള്‍ കച്ചവടക്കാര്‍ കൈയേറുകയും കാല്‍നടക്കാരന്‍ അനധികൃത കച്ചവടത്തിനും ബസുകള്‍ക്കുമിടയില്‍ ഞെരിഞ്ഞമര്‍ന്ന് മരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് നഗരസഭ മുന്‍കൈയെടുത്ത് സര്‍വകക്ഷിയോഗം വിളിച്ച് മുഴുവന്‍ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗങ്ങളുടെയും സബ്കമ്മിറ്റി അംഗങ്ങളുടെയും സംയുക്ത യോഗത്തിലും തീരുമാനം അംഗീകരിക്കുകയായിരുന്നു. പൊലിസ് സന്നാഹത്തോടെ മുഴുവന്‍ അനധികൃത കച്ചവടങ്ങളും ഒഴിപ്പിക്കുകയും നഗരസഭാ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ സ്ഥലം ഉപയോഗിക്കുന്നത് പൊളിച്ച് നീക്കുകയും ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്റെ അനുമതിയോടെയാണ് കച്ചവടം നടക്കുന്നതെന്ന പ്രചാരണവും നടക്കുന്നുണ്ട്. ഓണം-പെരുന്നാള്‍ കച്ചവടത്തെ ബാധിക്കുന്ന രീതിയിലാണ് കടകള്‍ക്കു മുന്നില്‍ റോഡും ഫുട്പാത്തും കൈയേറി കച്ചവടം നടത്തുന്നത്. മാര്‍ക്കറ്റ് റോഡും ഫുട്പാത്തും കൈയേറാന്‍ ആരെയും അനുവദിക്കില്ലെന്നും ശക്തമായ സമരപരിപാടികളുമായി നേരിടുമെന്നും വ്യാപാരി നേതാവ് കെ.എസ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."