കോലങ്ങളൊരുങ്ങുന്നു കരവിരുതിനാല്‍
കണ്ണൂര്‍: കളിചിരി നിറഞ്ഞ ബാല്യത്തില്‍ കമനീയ ശില്‍പങ്ങള്‍ ഒരുക്കി കാഴ്ചയിലെ കൗതുകമാവുകയാണ് പ്രതുല്‍. തെയ്യക്കാലമായാല്‍ പിന്നെ പ്രതുലിനെ കാവുകളില്‍ നോക്കിയാല്‍ മതി. രാപ്പകല്‍ ഭേദമില്ലാതെ മണിക്കൂറുകളോളം ചെലവഴിച്ച് ഓരോ തെയ്യങ്ങളെയും അടിമുടി നിരീക്ഷിക്കും. പിന്നെ വീട്ടിലെത്തിയാല്‍ മനസില്‍ പതിഞ്ഞ രൂപം നിര്‍മിക്കാന്‍ തുടങ്ങും. ഓരോ രൂപങ്ങളുണ്ടാക്കുമ്പോഴും അതിന്റെ തനിമയ്ക്ക് മങ്ങലേക്കാതിരിക്കാന്‍ പ്രതുല്‍ ശ്രമിക്കുന്നു.
തെര്‍മൊക്കോളും ബോര്‍ഡുകളും ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന രൂപങ്ങളാക്കി മാറ്റുകയാണ് ഈ കൊച്ചുമിടുക്കന്‍. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍, ഡിസൈനുകളിലുള്ള വീടുകള്‍, ഹംസവും ദമയന്തിയും, കൊടിപിടിച്ചു നില്‍ക്കുന്ന കുട്ടി, ഇലക്ടോണിക്ക് ലോക്കര്‍ തുടങ്ങിയ നിരവധി സാധനങ്ങള്‍ പ്രതുലിന്റെ കരവൈഭവത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. തെയ്യക്കോലങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഈ കലാകാരന്‍ പ്രത്യേക അനുഭൂതി അനുഭവിക്കുന്നു. ഇതുകൂടാതെ തുന്നല്‍പ്പണിയും ചെയ്യുന്നുണ്ട്. പ്രതുല്‍ നിര്‍മിക്കുന്നതൊന്നും തന്നെ മറ്റുള്ളവര്‍ പഠിപ്പിച്ചു നല്‍കിയതല്ല, സ്വന്തമായി ഓരോന്നും പഠിച്ച് ചെയ്യുന്നതാണ്. ചേലോറമുക്കിലെ വീട്ടില്‍ എത്തുന്നവര്‍ക്ക് പ്രതുലിന്റെ കരവിദ്യ കൗതുക കാഴ്ചയാണ്.
കുണ്ടുങ്കര പ്രകാശന്‍- ശ്രീകല ദമ്പതികളുടെ ഇളയ മകനാണ് പ്രതുല്‍. ജ്യേഷ്ഠന്‍ അതുലും സുഹൃത്തുക്കളും നല്ല പ്രോത്സാഹനം നല്‍കാറുണ്ടെന്ന് പ്രതുല്‍ പറഞ്ഞു. കണ്ണാടിപ്പറമ്പ് ഹൈസ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ്. ശാസ്ത്രമേളകളില്‍ പലതരം രൂപങ്ങള്‍ നിര്‍മിച്ച് നല്‍കാറുണ്ട് ഈ കൊച്ചുമിടുക്കന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."