രോഗം തളര്‍ത്തിയ സീത്തമ്മയ്ക്ക് സഹായവുമായി ആയിശുമ്മ
കുമ്പള: ആരോരുമില്ലാതെ ചെറിയ കുടിലില്‍ രോഗം തളര്‍ത്തിയ വേദനയുമായി കഴിയുന്ന സീത്തമ്മയ്ക്ക് ഒരിത്തിരി ആശ്വാസമാവുകയാണ് കൊടിയമ്മ പുണ്ടിക്കട്ടയിലെ ആയിശുമ്മ. കുമ്പള കൊടിയമ്മ പുണ്ടിക്കട്ടയിലെ ചെറുകുടിലില്‍ രണ്ടു കണ്ണിന്റെയും കാഴ്ച നഷ്ട്ടപ്പെട്ടു ഏറെ ബുദ്ധിമുട്ടിയാണ് എഴുപതുകാരിയായ സീത്തമ്മ കഴിയുന്നത്. ഇരുപത് വര്‍ഷത്തോളം കൊടിയമ്മ ഗവ. യു.പി സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാചകം ചെയ്ത് കൊടുക്കുന്ന ജോലിയായിരുന്നു ഇവര്‍ക്ക്. പിന്നീട് കാഴ്ച ശക്തി കുറഞ്ഞതോടെയാണ് ജോലിചെയ്യാന്‍ കഴിയാതെ വന്നത്. ഈ കാലയളവില്‍ പ്രദേശവാസികള്‍ക്കിടയില്‍ ഏറെ പ്രശംസപിടിച്ചു പറ്റിയ സീത്തമ്മയെ നാട്ടുകാരും വിദ്യാര്‍ഥികളും അധ്യാപകരും അജജി എന്നാണ് ഇവരെ സ്‌നേഹത്തോടെ വിളിക്കുന്നത്. വിവാഹം കഴിക്കാത്ത ഇവര്‍ ഇപ്പോള്‍ പത്തു വര്‍ഷത്തിലധികമായി ഒറ്റപ്പെട്ട ജീവിതം തള്ളിനീക്കുകയാണ്. സീത്തമ്മയ്ക്ക് ജോലിയും കൂലിയുമില്ലാതെ വന്നതോടെ ഏറെകാലം ഒപ്പമുണ്ടായിരുന്ന സഹോദര പുത്രനും വല്ലപ്പോഴുമാണ് ഇവരെ കാണാന്‍ വരുന്നത്. പ്രാഥമിക കര്‍മം നിര്‍വഹിക്കാന്‍ പോലും ഇവര്‍ക്ക് കൈ കാലുകള്‍ക്ക് സ്വാധീനമില്ല. ഇപ്പോള്‍ ഭക്ഷണവും മരുന്നും കൊടുക്കുന്നത് അയല്‍വാസിയായ ആയിശുമ്മയാണ്. പത്ത് സെന്റ് സ്ഥലത്താണ് ഓടും പ്ലാസ്റ്റിക്ക് ഷീറ്റുമായി നിവര്‍ന്ന് നില്‍ക്കാന്‍ പോലും പറ്റാത്ത ഒരു ചെറു കുടിലാണ് ഇവര്‍ക്കുള്ളത്. ദിവസവും ആയിഷുമ്മ സീത്തമ്മയുടെ വീട്ടിലെത്തിയാണ് ഇവരെ പരിചരിക്കുന്നത്. ആവശ്യമായ ഭക്ഷണവും മരുന്നും നല്‍കി ഇവരുടെ ശരീരം വൃത്തിയാക്കി കൊടുക്കുകയും ചെയ്യുന്നു. ഒട്ടനവധി തവണ തവണ പഞ്ചായത്തില്‍നിന്നു വീടിനായി തുക അനുവദിച്ചിട്ടും പട്ടയമില്ലെന്ന കാരണത്താല്‍ മുടങ്ങുകയായിരുന്നു. അതേസമയം പട്ടയം ലഭിക്കുവാനുള്ള അപേക്ഷ നിരവധി തവണ നല്‍കിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്തില്‍നിന്നു ലഭിക്കുന്ന പെന്‍ഷന്‍ തുക കൊണ്ടാണ് ഇവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."