കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തും: സുദര്‍ശന്‍ നാച്ചിയപ്പ
പാലക്കാട്: കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തിക്കാത്തവരെ മാറ്റാനും പ്രവര്‍ത്തിക്കുന്നവരെ പകരം കൊണ്ടുവരാനുമുള്ള നടപടി ക്രമമായിരിക്കുമെന്ന് കേരള പ്രദേശ് കോണ്‍ഗ്രസ് റിട്ടേണിങ് ഓഫിസര്‍ സുദര്‍ശന്‍ നാച്ചിയപ്പ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്ന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാലയളവിലെ പ്രവര്‍ത്തനം വിലയിരുത്തലാണ് മുഖ്യമാനദണ്ഡം. കോണ്‍ഗ്രസിന് മുഴുവന്‍ സമയ പ്രവര്‍ത്തകരെയാണ് ഭാരവാഹികളായി ആവശ്യമുള്ളത്. ബൂത്തുതലം മുതല്‍ എല്ലാ മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിലും പ്രവര്‍ത്തിക്കുന്നവരെ സജ്ജമാക്കാനാണ് എ.ഐ.സി.സി തീരുമാനം. കേന്ദ്രത്തിലും സംസ്ഥാനത്തും ശക്തമായ എതിരാളികളാണ് കോണ്‍ഗ്രസിനുള്ളത്. അതുകൊണ്ടു തന്നെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്. പദവികളില്‍ ഇരുന്നു കൊണ്ട് പ്രവര്‍ത്തിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ല. പദവി അലങ്കാരമായി കൊണ്ടു നടക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സമവായമാണ് ഉണ്ടാകുന്നതെങ്കിലും പ്രവര്‍ത്തന മികവ് പരിഗണിച്ചായിരിക്കും ഭാരവാഹികളെ തീരുമാനിക്കുക. ബൂത്ത് കമ്മിറ്റികള്‍ ചേരാന്‍ സെപ്റ്റംബര്‍ 10 വരെ സമയം അനുവദിച്ചിട്ടുണ്ട്. കുടുംബസംഗമങ്ങള്‍ വിപുലമായി നടത്തണം. ഇതില്‍ വീഴ്ച വരുത്തുന്നവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും. സെപ്തംബറിനുള്ളില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷം ബൂത്തുതലത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള എട്ട് ഡി.സി.സി പ്രസിഡന്റുമാരുടെയും ജില്ലാ റിട്ടേണിങ് ഓഫിസര്‍മാരുടെയും യോഗം എറണാകുളത്ത് നടക്കും. നാളെ തിരുവനന്തപുരത്ത് എത്തി മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി സംഘടനാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുമെന്നും സുദര്‍ശന്‍ നാച്ചിയപ്പ കൂട്ടിച്ചേര്‍ത്തു.
കാസര്‍കോഡ് മുതല്‍ പാലക്കാട് ജില്ല വരെയുള്ള മലബാര്‍ മേഖലയിലെ ഡി.സി.സി പ്രസിഡന്റുമാരുമായും ജില്ലാ റിട്ടേണിങ് ഓഫിസര്‍മാരുമായും അദ്ദേഹം ചര്‍ച്ച നടത്തി.
യോഗത്തില്‍ വി.കെ ശ്രീകണ്ഠന്‍ അധ്യക്ഷനായി. വി.എസ് വിജയരാഘവന്‍, കെ. ചന്ദ്രന്‍, സി.വി ബാലചന്ദ്രന്‍, സി. ചന്ദ്രന്‍, എ. രാമസ്വാമി, ഷാഫി പറമ്പില്‍ എം.എല്‍.എ, പി.വി രാജേഷ്, ടി.പി ഷാജി, ശാന്താ ജയറാം, കെ. ഗോപിനാഥ്, സി.എച്ച് ഷൗക്കത്തലി, എം.ആര്‍ രാമദാസ്, സി. അച്യുതന്‍, എന്‍. ദിവാകരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."