മരം കടപുഴകി വൈദ്യുതലൈനില്‍ വീണു; ഒഴിവായത് വന്‍ദുരന്തം
നീലേശ്വരം: നീലേശ്വരത്ത് കൂറ്റന്‍ പൂമരം കടപുഴകി വൈദ്യുതി ഹൈടെന്‍ഷന്‍ ലൈനില്‍ വീണു. ഒഴിവായത് വന്‍ ദുരന്തം. ഇന്നലെ വൈകിട്ട് 4.15 ഓടെ കോണ്‍വന്റ് ജങ്ഷനില്‍ സെന്റ് പീറ്റേഴ്‌സ് ഐ.സി.എസ്.സി ഇംഗ്ലീഷ് മീഡിയം സ്‌കൂളിനു മുന്‍പിലാണു സംഭവം. മൂന്നു വൈദ്യുത തൂണുകള്‍ തകര്‍ന്നു.
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലാണ് ഒരു തൂണ്‍ വീണത്. കമ്പികള്‍ ഓട്ടോറിക്ഷയ്ക്കുള്ളിലേയ്ക്കു തറച്ചു കയറിയെങ്കിലും ഡ്രൈവര്‍ പൂവാലംകൈ അയ്യപ്പന്‍ കോട്ടയിലെ വി.വി അശോകന്‍ (50), യാത്രക്കാരായ പൂവാലംകൈയിലെ വിജയന്‍ (62), മകള്‍ വിജിന (24), പേരക്കുട്ടി അനയ് (4) എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
അനയന് നിസാര പരുക്കുണ്ട്. ഇന്നലെ സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികളില്ലാതിരുന്നതും രക്ഷയായി.
ഇതേതുടര്‍ന്ന് ഇടത്തോട്, ചിറ്റാരിക്കാല്‍, പരപ്പ ഭാഗങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. വാഹനങ്ങള്‍ പട്ടേന വഴി തിരിച്ചുവിട്ടു. വൈദ്യുതബന്ധവും താറുമാറായി. അഗ്‌നിശമന സേന, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രാത്രി വളരെ വൈകിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ എ.കെ കുഞ്ഞികൃഷ്ണന്‍, കൗണ്‍സലര്‍മാരായ പി. കുഞ്ഞികൃഷ്ണന്‍, എ.വി സുരേന്ദ്രന്‍, കെ.വി സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."