പിണറായി സര്‍ക്കാര്‍ ആര്‍.എസ്.എസിന് വഴങ്ങി ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു: കെ.പി.എ മജീദ്
പാലക്കാട്: ആര്‍.എസ്.എസിന്റെ അജണ്ടകള്‍ക്ക് കീഴൊതുങ്ങിയ പിണറായി വിജയന്റെ പൊലിസ് ന്യൂനപക്ഷ വിഭാഗങ്ങളെ അകാരണമായി വേട്ടയാടുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ജന.സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. പതിറ്റാണ്ടുകളോളം ബംഗാളിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച് അധികാരത്തില്‍ തൂങ്ങിയ സി.പി.എമ്മിന് പിന്നീടുണ്ടായ കനത്ത തിരിച്ചടി മറക്കരുത്. ബീഫ് ഫെസ്റ്റ് നടത്തി തങ്ങള്‍ സംഘ്പരിവാറിനെതിരാണെന്ന് വരുത്തിതീര്‍ത്ത് കേരളത്തിലെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാനാവില്ലെന്ന് സി.പി.എം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാര്‍-പൊലിസ് കൂട്ടുകെട്ടിനെതിരേ മുസ്‌ലിംലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സംരക്ഷണ പോരാട്ടത്തിന്റെ ജില്ലാ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തീവ്രവാദത്തിനെതിരേ പ്രചാരണം നടത്തിയ മതപ്രബോധകരെ പറവൂരില്‍ അറസ്റ്റ് ചെയ്ത പൊലിസ് നടപടിയെ ഒരുതരത്തിലും നീതികരിക്കാനാവില്ല. ഉത്തരേന്ത്യന്‍ മോഡലില്‍ ആള്‍ക്കൂട്ട ആക്രമണം നടത്തിയ ആര്‍.എസ്.എസ് നടപടിയെ പിണറായിയുടെ പൊലിസ് സംരക്ഷിക്കുകയായിരുന്നു. സംഘ്പരിവാര്‍ ശക്തികള്‍ ഇവിടെ എന്തു പ്രവര്‍ത്തിച്ചാലും നിയമസംരക്ഷണം നല്‍കലും ന്യൂനപക്ഷങ്ങള്‍ക്കെതിരേ യു.എ.പി.എ ചുമത്തലുമാണ് പൊലിസിന്റെ പണി. ദേശീയ ഗാനത്തെ പരസ്യമായി ആക്ഷേപിച്ച ശശികല ടീച്ചര്‍ക്കെതിരേ കേസെടുക്കാത്ത പൊലിസാണ് ചലച്ചിത്രമേളയിലെ കാണികളെ അറസ്റ്റ് ചെയ്തത്. ആര്‍.എസ്.എസിന് വഴങ്ങിയാണ് പിണറായി ഭരണം നടത്തുന്നതെന്ന് സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നതായും മജീദ് പറഞ്ഞു.
എം.എം ഹമീദ് അധ്യക്ഷനായി. മരക്കാര്‍ മാരായമംഗലം സ്വാഗതം പറഞ്ഞു. മുജീബ് കാടേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സി.എ.എം.എ കരീം, റഷീദ് ആലായന്‍, പി.എ തങ്ങള്‍, പൊന്‍പാറ കോയക്കുട്ടി, സി.എ സാജിത്ത്, ഗഫൂര്‍ കോല്‍ക്കളത്തില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."