'ഓണം ഒരുമ': മാരത്തണ്‍ ഇന്ന്
കാസര്‍കോട്: ജില്ലാ ഭരണകൂടം ഓണാഘോഷ പരിപാടികള്‍ക്ക് ഇന്ന് നടക്കുന്ന മാരത്തണോടെ തുടക്കമാകും. രാവിലെ ഏഴിന് കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ നിന്ന് മാരത്തോണ്‍ ആരംഭിക്കും. മത്സരം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഫഌഗ് ഓഫ് ചെയ്യും. മാരത്തണ്‍ ബേക്കല്‍ കോട്ടയില്‍ സമാപിക്കും. മതമൈത്രിയുടേയും സാഹോദര്യത്തിന്റേയും സമഭാവനയുടേയും നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നമ്മുടെ ജില്ലയില്‍ സമ്പന്നമായ സാംസ്‌ക്കാരിക പാരമ്പര്യത്തിന മൂല്യച്യുതിയുണ്ടാകാതെ കാത്തുസൂക്ഷിക്കുന്നതിനായാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാരവകുപ്പ്, കുടുംബശ്രീ, ഉദുമ-പള്ളിക്കര ഗ്രാമ പഞ്ചായത്തുകള്‍ ബി.ആര്‍.ഡി.സി, ഡി.ടി.പി.സി, നെഹ്‌റുയുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിക്കുന്നതെന്ന് കലക്ടര്‍ കെ. ജീവന്‍ബാബു പറഞ്ഞു. നാളെ ബേക്കല്‍ ബീച്ച് പാര്‍ക്ക് പള്ളിക്കരയില്‍ കുടുംബശ്രീ ഭക്ഷ്യമേള, പായസമേള ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്നുമണി മുതല്‍ വടംവലി മത്സരവും നടക്കും. 31നും കുടുംബശ്രീ ഭക്ഷ്യ-പായസമേള തുടരും. കുടുംബശ്രീ സി.ഡി.എസ് പൂവിളി എന്ന പേരില്‍ മെഗാ പൂക്കളം ഒരുക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ പാലക്കുന്ന് മുതല്‍ പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്ക് വരെ ആയിരങ്ങള്‍ അണിനിരക്കുന്ന വര്‍ണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. തുടര്‍ന്ന് പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ വൈകീട്ട് ആറിന് ഔദ്യോഗിക ഉദ്ഘാടനം പി. കരുണാകരന്‍ എം.പി നിര്‍വഹിക്കും. സംഘാടകസമിതി ചെയര്‍മാന്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."