ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ് ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ മേധാവിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു
തൃശൂര്‍: ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയെന്ന കേസില്‍ ബാങ്കിതര ധനകാര്യ സ്ഥാപനത്തിന്റെ മേധാവിക്കു തൃശൂര്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു.
സ്ഥാപനം അടച്ചുപൂട്ടിയെന്നും നിക്ഷേപത്തട്ടിപ്പിനു കൂടുതല്‍ പരാതികളുണ്ടെന്നും കേസ് ഡയറിയില്‍നിന്നു വ്യക്തമാണെന്നു ജില്ലാ ജഡ്ജി ആനി ജോണ്‍ ഉത്തരവില്‍ പറഞ്ഞു. ബാങ്കിതര ധനകാര്യ സ്ഥാപനമായ ഹോംഫിറ്റ് ഫിനാന്‍സ് ആന്‍ഡ് ലീസിംഗ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പുല്ലഴി സ്വദേശി എം.ജി സുകുമാരന്‍ (64) സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണു ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. നിക്ഷേപ തട്ടിപ്പിനെതിരേ തൃശൂര്‍ വെസ്റ്റ് പൊലിസില്‍ നിലവിലുള്ള കേസുകളിലായി ഇയാളെ വൈകാതെ തന്നെ പൊലിസ് അറസ്റ്റു ചെയ്യും. സ്ഥിരം നിക്ഷേപത്തുക തിരിച്ചു തരാമെന്നു വിശ്വസിപ്പിച്ച് രശീതികളെല്ലാം കൈക്കലാക്കി 46 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള മറ്റൊരു കേസില്‍ ജില്ലാ കോടതി നേരത്തെ ഇയാള്‍ക്കു മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.
നാലര ലക്ഷം രൂപ നിക്ഷേപിച്ച കുറുമ്പിലാവ് കളരിക്കല്‍ വീട്ടില്‍ ഗ്രീനോള്‍ (63) നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്ത് അറസ്റ്റിലേക്കു നീങ്ങിയപ്പോഴാണ് സുകുമാരന്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചത്. നിക്ഷേപിച്ച 46 ലക്ഷം രൂപ തിരിച്ചു തരാമെന്നു വിശ്വസിപ്പിച്ച് രശീതികള്‍ കൈക്കലാക്കി പണം നല്‍കാതെ കബളിപ്പിച്ചതിന് പാമ്പൂര്‍ സ്വദേശി കാച്ചപ്പിള്ളി വീട്ടില്‍ ജോസഫിന്റെ പത്‌നി ബെറ്റി (70) നല്‍കിയ കേസും നിലവിലുണ്ട്. തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവനുസരിച്ച് വെസ്റ്റ് പൊലിസ് സുകുമാരനെതിരേ കേസെടുത്തത് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്. ബാങ്ക് അക്കൗണ്ടിലൂടെ പണം നിക്ഷേപിച്ച ഭര്‍ത്താവ് ജോസഫ് കഴിഞ്ഞ വര്‍ഷം നവംബറില്‍ മരിച്ചു.
റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചും കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തുമാണ് നിക്ഷേപം സ്വീകരിച്ചത്. സ്ഥാപനത്തില്‍ ഉയര്‍ന്ന ജോലി വാഗ്ദാനം ചെയ്തും നിക്ഷേപം സ്വീകരിച്ചിട്ടുണ്ട്. ഭര്‍ത്താവിനു ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പത്തു ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് കമ്പനിയുടെ ഡയറക്ടര്‍ അയ്യന്തോള്‍ സ്വദേശി സി.കെ ദിനേഷിന്റെ ഭാര്യ ഷീജ മാമ്പറ്റയും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."