പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ദേശീയപതാകകള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി
കാസര്‍കോട്: സംസ്ഥാനത്ത് പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച ദേശീയപതാകകളുടെ ഉല്‍പാദനവും ഉപയോഗവും പ്രദര്‍ശനവും സര്‍ക്കാര്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ഈ ഉത്തരവിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ഇ ദേവദാസനും ജില്ലാ പൊലിസ് മേധാവി തോംസണ്‍ ജോസും അറിയിച്ചു.
ദേശീയപതാകയുടെ പ്രാധാന്യവും മഹത്വവും കണക്കിലെടുത്തു ദേശീയ ഫ്‌ളാഗ് കോഡ് നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ പതാക ഉപയോഗിക്കുന്നതിനും പൊതുജനങ്ങളും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശ്രദ്ധപതിപ്പിക്കണം. കമ്പിളി, പരുത്തി, ഖാദി സില്‍ക്ക് എന്നിവ ഉപയോഗിച്ചു കൈകൊണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കണമെന്നാണു ദേശീയ ഫ്‌ളാഗ് കോഡ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.
വിശേഷാവസരങ്ങളില്‍ പേപ്പറില്‍ നിര്‍മിക്കുന്ന ദേശീയ പതാക ഉപയോഗിക്കാന്‍ പൊതുജനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അത് ആഘോഷ ശേഷം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണെന്നും ഫ്‌ളാഗ് കോഡില്‍ വിശദമാക്കിയിട്ടുണ്ടന്ന് ജില്ലാ പൊലിസ് മേധാവിയും ജില്ലാ കലക്ടറും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."