ജനാധിപത്യത്തിന്റെ ബാലപാഠം പകര്‍ന്ന് മദ്‌റസ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
പരപ്പനങ്ങാടി: മദ്‌റസാ പാര്‍ലമെന്ററി തെരഞ്ഞെടുപ്പിന്റെ ചൂടിലായിരുന്നു മൂന്നിയൂര്‍ കുന്നത്ത്പറമ്പ് നൂറാനിയ്യ ഹയര്‍ സെക്കന്‍ഡറി മദ്‌റസാ വിദ്യാര്‍ഥികള്‍. മദ്‌റസാ ലീഡര്‍, ഡെപ്യൂട്ടി ലീഡര്‍ പോസ്റ്റുകളിലേക്കടക്കമായിരുന്നു തെരഞ്ഞെടുപ്പ്.
ഒരാഴ്ച മുന്‍പ് വിജ്ഞാപനം പുറപ്പെടുവിച്ച്, പൊതുതെഞ്ഞെടുപ്പിന്റെ രീതിയില്‍ സ്ഥാനാര്‍ഥി നിര്‍ണയവും പത്രിക സമര്‍പ്പണവുമെല്ലാം നടത്തി. സ്റ്റാഫ് കൗണ്‍സിലിന് കീഴിലുള്ള ഇലക്ഷന്‍ ബോര്‍ഡാണ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചത്. സൂക്ഷ്മ പരിശോധനക്ക് ശേഷം അന്തിമ സ്ഥാനാര്‍ഥി പട്ടികയായതോടെ കൊച്ചു സ്ഥാനാര്‍ഥികളും സജീവമായി.
പേനയും, പുസ്തകവും, കൂടാതെ ബോര്‍ഡ്, സ്ലൈറ്റ്, കസേരയും ചിഹ്നങ്ങളായി കിട്ടിയ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ വോട്ടുകള്‍ ഉറപ്പിച്ചു. കൊച്ചു ഗായകരെയും പ്രഭാഷകരെയും ഉപയോഗപ്പെടുത്തിയായിരുന്നു പ്രചാരണം. ഹയര്‍സെകണ്ടറി തലം വരെയുള്ള മദ്‌റസയിലെ അഞ്ചാം തരം മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന മുന്നൂറോളം വിദ്യാര്‍ഥികള്‍ക്കായിരുന്നു വോട്ടവകാശമുണ്ടായിരുന്നത്. രണ്ട് ബുത്തുകളിലായി ഇലക്ട്രിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. വിദ്യാര്‍ഥികള്‍ തന്നെ റിട്ടേണിങ് ഓഫിസറായും പോളിങ് ഓഫിസറായും പ്രവര്‍ത്തിച്ചു. മദ്‌റസാ സ്‌കൗട്ട് സംഘമാണ് തെരഞ്ഞടുപ്പ് സുരക്ഷാ സുരക്ഷാചുമതല വഹിച്ചത്. ജലീല്‍ ഫൈസി,ഇബ്രാഹിം ബാഖവി, ബദറുദ്ദീന്‍ ചുഴലി, സഹീറുദ്ദീന്‍ ബദ്‌രി, മുസ്തഫ മുസ്‌ലിയാര്‍,അഫ്‌സല്‍ മുസ്‌ലിയാര്‍, സൈതലവി മുസ്‌ലിയാര്‍, എം.കെ അഫ്‌സല്‍, പി ഷാമില്‍, എം.സി യാസര്‍ നേതൃത്വം നല്‍കി. ഇന്നലെ വോട്ടെണ്ണി വിജയികളെ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."