സൗജന്യ അരിയും ധാന്യങ്ങളും കരിഞ്ചന്തയിലേക്ക് ഒഴുകുമോ
കൊല്ലം: ഓണത്തിനൊാപ്പം വലിയ പെരുന്നാളും എത്തുന്നതോടെ ജില്ലയിലെ വിപണി ഓണത്തിനുമുമ്പേ സജീവമായതോടെ സൗജന്യ നിരക്കിലുള്ള അരിയും ഭക്ഷ്യധാന്യങ്ങളും കരിഞ്ചന്തയിലേക്ക് ഒഴുകാന്‍ സാധ്യത.
തൊഴിലാളികള്‍ക്കു ബോണസും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷനും വിതരണം ആരംഭിച്ചതോടെ ഉപഭോക്താക്കള്‍ക്ക് സംതൃപ്തി നല്‍കാവുന്ന അന്തരീക്ഷം പൊതുവിപണിയില്‍ കണ്ടു തുടങ്ങി.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ കച്ചവട സ്ഥാപനങ്ങളില്‍ തിരക്കാണ്.മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി വന്‍കിട കമ്പനികള്‍ മത്സരിക്കുകയാണ്.
ഇതിനിടയിലാണ് പൊതുവിപണി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. പൊതുവിപണിയില്‍ അരി, പലചരക്ക്, പയറു വര്‍ഗങ്ങളുടെ വില നിയന്ത്രിക്കാന്‍ കഴിഞ്ഞതായി ജില്ലാ സപ്ലൈ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു.
വൈകുന്നേരങ്ങളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് കാരണം മാവേലി സ്‌റ്റോര്‍, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ഏറെ വൈകുവോളം തുറന്നുവയ്‌ക്കേണ്ടി വരുന്നു.
നാട്ടിന്‍പുറങ്ങളിലെ സ്‌പെഷ്യല്‍ മാവേലിച്ചന്തകള്‍ കൂടി സജീവമാകുന്നതോടെ തിരക്കു കുറക്കാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.
13 ഇനം സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. അഞ്ച് കിലോ അരിയും ഒരു കിലോ പഞ്ചസാരക്കും പുറമെയാണിത്.
പച്ചക്കായ, പച്ചപ്പയര്‍, സവാള, ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ്, തക്കാളി, ബീന്‍സ്, നാരങ്ങ, മുരിങ്ങ തുടങ്ങി മിക്ക പച്ചക്കറികളുടെ വിലയ്ക്ക് തടയിടാനായിട്ടില്ല. കുടുംബശ്രീ, സഹകരണ സംഘങ്ങള്‍ ആരംഭിച്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.
ഹോര്‍ട്ടി കോര്‍പ്പിന്റെ സാധനങ്ങള്‍ 30ന് വന്നെത്തുന്നതോടെ വില ഇനിയും കുറയാനാണ് സാധ്യത. ഹോര്‍ട്ടി കോര്‍പ്പ് കവലകള്‍ തോറും ക്യാംപു ചെയ്താണ് വില്‍പ്പന നടത്തുക.
വിഷരഹിത പച്ചക്കറി പരമാവധി കുറഞ്ഞ വിലക്കെത്തിക്കുക, പൊതു വിപണി നിയന്ത്രിക്കുക തുടങ്ങയവയാണ് ലക്ഷ്യം. ഹോര്‍ട്ടി കോര്‍പ്പിനും കൃഷിഭവനുമാണ് ഇതിന്റെ ചുമതല.
ഓണം പ്രമാണിച്ച് എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും അഞ്ച് കിലോ അധിക ഭക്ഷ്യധാന്യം നല്‍കാന്‍ ഉത്തരവായിട്ടുണ്ട്.
മുന്‍ഗണന (പിങ്ക് കാര്‍ഡ്), എ.ഐ.വൈ. മുന്‍ഗണന (മഞ്ഞ കാര്‍ഡ്) കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ സൗജന്യമായി നല്‍കാനാണ് ഉത്തരവ്.പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുടമകള്‍ക്ക് (നീല കാര്‍ഡ്) അഞ്ച് കിലോ അരിയോ ആട്ടയോ യഥാക്രമം രണ്ട് രൂപ, 15 രൂപ നിരക്കില്‍ ലഭിക്കും.
പൊതുവിഭാഗം (വെള്ള) കാര്‍ഡുടമകള്‍ക്ക് അഞ്ച് കിലോ അരിയോ ആട്ടയോ യഥാക്രമം 8.90, 15 രൂപ നിരക്കുകളില്‍ ലഭിക്കും.
കൂടാതെ എല്ലാ കാര്‍ഡുടമകള്‍ക്കും ഒരു കിലോ പഞ്ചസാര 22 രൂപ നിരക്കില്‍ അനുവദിച്ചിട്ടുണ്ട്. വിജിലന്‍സ് സംവിധാനം ക്രമപ്പെടുത്താതെ വന്നാല്‍ സൗജന്യ നിരക്കിലുള്ള അരിയും ഭക്ഷ്യധാന്യങ്ങളും കരിഞ്ചന്തയായി ഒഴുകാന്‍ സാധ്യത വര്‍ധിച്ചിരിക്കുകയാണ്.
റേഷന്‍ വാങ്ങി വീട്ടിലെത്തി അളന്നു നോക്കിയാല്‍ നാലരക്കിലോ. മണ്ണെണ്ണയുടെ അളവിലും കുറവ്. ഓണ വിപണിയില്‍ ഇടപെടുന്ന റേഷന്‍ സംവിധാനങ്ങളില്‍ അളവ് തൂക്ക വെട്ടിപ്പ് വര്‍ധിച്ചിരിക്കുന്നതായി പരാതി ഉയരുന്നുണ്ട്.പിഴവുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ രേഖാമൂലം പരാതിപ്പെടാനാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞു മാറുകയാണ്.
റേഷന്‍കടകള്‍ക്ക് പുറമേ പല സപ്ലൈകോ ഔട്ട്‌ലെറ്റുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും അളവിലും തൂക്കത്തിലും തട്ടിപ്പ് നടത്തുന്നതായി പരാതി ഉയരുന്നുണ്ടെങ്കിലും അളവു തൂക്ക വകുപ്പ് ഇനിയും ഇതൊന്നും കണക്കിലെടുത്തിട്ടില്ല.
പൊതുവിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് ത്രാസ് സംവിധാനത്തിലോട്ട് മാറിയെങ്കിലും വെട്ടിപ്പിലും തട്ടിപ്പിലും മാറ്റമായിട്ടില്ലെന്നതാണ് സ്ഥിതി.
ഇലക്ട്രോണിക് ത്രാസില്‍ രണ്ടു ഭാഗങ്ങളാണുള്ളത്. ഇതില്‍ ഒന്ന് ഉപഭോക്താവിന് കാണുന്നതിനും അളവ് കൃത്യമാണോ എന്ന് ഉറപ്പ് വരുത്തുന്നതിനുമാണ്.
എന്നാല്‍ പല സ്ഥാപനങ്ങളിലും ഉപഭോക്താവിന് കാണാനുള്ള ഭാഗം മറച്ചു വയ്ക്കുകയോ തിരിച്ച് വയ്ക്കുകയോ ആണ് ചെയ്യുന്നത്.
ഇത് കൂടാതെ ത്രാസില്‍ അളവ് മുന്‍കൂര്‍ സെറ്റ് ചെയ്ത് കൃത്രിമത്വം കാണിക്കുന്നതായും പരാതിയുണ്ട്. ജില്ലയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി അഞ്ച് കിലോ വീതം ജയ അരിയും നല്‍കിത്തുടങ്ങി.
പൊതുവിപണിയില്‍ നിന്നു വാങ്ങിയ കിലോക്ക് 36 രൂപ വില വരുന്ന മേല്‍ത്തരം അരിയായാണ് സൗജന്യമായി സ്‌കൂളുകളെ തേടിയെത്തുന്നത്.
കൂടാതെ അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് രണ്ടായിരം രൂപക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡിലൂടെ പത്തുകിലോ ജയ അരിയും ആദ്യാമായിട്ടാണ് വിതരണം ചെയ്യുന്നത്. കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലമായ കൊല്ലത്താണ് ആനുകൂല്യം കൂടുതല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."