സ്ഥലം ഉണ്ട്; കെട്ടിടമില്ല പൂച്ചാക്കല്‍ പോസ്റ്റ് ഓഫിസ് ദുരവസ്ഥയില്‍
പൂച്ചാക്കല്‍: പോസ്റ്റല്‍ വകുപ്പിന് സ്വന്തമായി സ്ഥലം ഉണ്ടായിട്ടും കെട്ടിടം നിര്‍മ്മിക്കാന്‍ നടപടിയില്ല.പൂച്ചാക്കല്‍ പോസ്റ്റോഫീസ് പഴകി ജീര്‍ണ്ണിച്ച വാടക കെട്ടിടത്തില്‍.ചേര്‍ത്തല-അരൂക്കുറ്റി റോഡരികില്‍ പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷന് സമീപമായാണ് പോസ്റ്റല്‍ വകുപ്പ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥലമെടുത്തിട്ടുള്ളത്.ഇന്ന് ലക്ഷങ്ങള്‍ വില മതിക്കുന്ന ഈ സ്ഥലം ചുറ്റും കമ്പിവേലി കെട്ടി സംരക്ഷിച്ചിരിക്കുന്നു. എന്നാല്‍ സ്ഥലം കുറ്റിക്കാടുകള്‍ നിറഞ്ഞ് കിടക്കുകയാണ്.
പൂച്ചാക്കല്‍ പോസ്‌റ്റോഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് പൂച്ചാക്കല്‍ പഴയ പാലത്തിന്റെ തെക്കേ കരയിലാണ്. ഇവിടെ സ്ഥല പരിമിതി മൂലം ഞെരുങ്ങി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ തന്നെ കെട്ടിടത്തിന്റെ മുന്നോട്ടുള്ള എക്സ്റ്റന്‍ഷന്‍ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പൊളിച്ച് കൊടുക്കേണ്ടിയും വന്നു.ഇതോടെ വെയിലും മഴയും ഏറ്റാണ് പോസ്‌റ്റോഫീസില്‍ എത്തുന്ന മഹിളാ പ്രധാന്‍ ഏജന്റുമാര്‍ ഉള്‍പ്പടെ കഴിയുന്നത്.നാലാളുകള്‍ ഒരേ സമയം പോസ്‌റ്റോഫീസില്‍ എത്തിയാല്‍ പുറത്ത് നില്‍ക്കേണ്ടതായ അവസ്ഥയും. പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷന് സമീപം വെറുതെ കിടക്കുന്ന സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കുകയല്ലാതെ പ്രശ്‌നത്തിന് പ്രതിവിധിയില്ല.അത് എന്ന് നടക്കുമെന്ന് ആര്‍ക്കും ഒരറിവുമില്ല.വെറുതെ എന്തിന് പോസ്‌റ്റോഫീസിന് കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം വാങ്ങിയിട്ടിരിക്കുന്നു എന്നതാണ് മനസിലാകാത്ത കാര്യമെന്ന് നാട്ടുകാര്‍ പറയുന്നു..പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിംങ്, മറ്റ് പൊതുജന സേവനങ്ങള്‍ തുടങ്ങിയവ നടപ്പാക്കി വരുന്ന ഇന്നത്തെ സാഹചര്യത്തിലും സ്ഥലം വെറുതെ കിടന്ന് പോകുകയാണ്.
ജില്ലയില്‍ ചില ഇടങ്ങളില്‍ പോസ്റ്റോഫീസുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ നേരത്തെ സ്ഥലം വാങ്ങിയിട്ടുണ്ട്. ഒരു കാലയളവില്‍ പല പ്രദേശങ്ങളിലും ഇങ്ങനെ സ്ഥലം വാങ്ങിയ കൂട്ടത്തിലുള്ള സ്ഥലമാണ് പൂച്ചാക്കലിലേതും.ഇതുപോലെ വാങ്ങിയ സ്ഥലങ്ങളില്‍ ചിലതില്‍ കൈയ്യേറ്റം മൂലവും റോഡ് വികസനം തുടങ്ങിയവ മൂലവും സ്ഥലം നഷ്ടപ്പെടുന്നു എന്ന സാഹചര്യമുണ്ട്. ഇത് കണക്കിലെടുത്ത് മേല്‍ ഓഫീസില്‍ നിന്നും ആവശ്യപ്പെട്ടതിന്‍ പ്രകാരം വകുപ്പിന്റ വസ്തുക്കളെ സംബന്ധിച്ച് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്ന് ആലപ്പുഴ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസ് അധികൃതര്‍ പറഞ്ഞു. എറണാകുളം റീജണല്‍ ഓഫീസിലേക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."