ഗുര്‍മീതിന്റെ കാര്യം തീര്‍പ്പായി; ഇനി എല്ലാ കണ്ണുകളും ആസാറാം ബാപ്പുവിലേക്ക്
ന്യൂഡല്‍ഹി: ആശാ റാം ബാപ്പുവിന്റെ വിധി എന്ത് എന്ന ചോദ്യമാണ് ഇനി. ഗുര്‍മീത് സിങ്ങിനേക്കാള്‍ വലിയ ആത്മീയ ഗുരുവായി അറിയപ്പെടുന്നയാളാണ് ആസാറാം ബാപ്പു. ഗുര്‍മീതിനേക്കാള്‍ ഗുരുതരമായ കേസിലാണ് 76 കാരനായ ഈ ആള്‍ ദൈവം വിചാരണ നേരിടുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് ആസാറാം ബാപ്പുവിനെതിരായ കേസ്.
കേസിന്റെ വിചാരണ വൈകുന്നതില്‍ ഗുജറാത്ത് സര്‍ക്കാരിനെതിരേ സുപ്രിം കോടതിയുടെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇരയുടെ മൊഴിയെടുക്കാനോ, വൈദ്യപരിശോധനക്ക് വിധേയമാക്കാനോ തയാറാകാതെ കേസ് മനപൂര്‍വം വൈകിപ്പിക്കുന്ന നടപടിയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാനും ജസ്റ്റിസുമാരായ എന്‍.വി.രാമണ്ണ, അമിതാവ് റോയ് എന്നിവരടങ്ങിയ സുപ്രിം കോടതി ബെഞ്ച് ആവശ്യപ്പെട്ടു.
രാജസ്ഥാനിലെ ആശ്രമത്തില്‍ 16 കാരിയെ അനധികൃതമായി തടവിലിട്ടതിനും കുട്ടിയെ പീഡിപ്പിച്ചതിനുമായി രണ്ടു കേസുകളാണ് ഇയാള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. പെണ്‍കുട്ടിയുടെ പരാതിപ്രകാരമായിരുന്നു പൊലിസ് കേസെടുത്തത്.
ആരോഗ്യ സ്ഥിതി മോശമാണെന്ന് കാണിച്ച് ഇയാള്‍ നല്‍കിയ ജാമ്യ ഹരജി കഴിഞ്ഞ ജനുവരി 30ന് സുപ്രിം കോടതി തള്ളിയിരുന്നു. ആസാറാം ബാപ്പുവിന്റെ മകന്‍ നാരായണ്‍ സായിയും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്. 2013 ഓഗസ്റ്റ് 31നാണ് ആസാറം ബാപ്പുവിനെ അറസ്റ്റ് ചെയ്തത്.
ഗുജറാത്തിലെ ഗാന്ധിനഗര്‍ വിചാരണക്കോടതിയിലാണ് ബാപ്പുവിന്റെ കേസ് നടക്കുന്നത്. അടുത്ത ദീപാവലിക്കുശേഷം വാദം കേള്‍ക്കുമെന്നറിയിച്ച് കേസ് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."