ദോക്‌ലാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇന്ത്യയോട് ചൈന
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന് വിരാമമിട്ട് ദോക്‌ലാമില്‍ നിന്നും ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെ പ്രകോപനപരമായ പ്രസ്താവനയുമായി ചൈന. ദോക്‌ലാം സംഭവത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാനാണ് ചൈനയുടെ സൈന്യത്തിന്റെ നിര്‍ദ്ദേശം.
ചൈനയില്‍ ബ്രിക്‌സ് ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിക്കാനിരിക്കെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലുണ്ടായത്.
അതിനിടെ സംഘര്‍ഷത്തിനു ശേഷം തങ്ങള്‍ പ്രവശ്യകള്‍ സംരക്ഷിക്കുന്നതിലും തങ്ങള്‍ ജാഗരൂകരാണെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേണല്‍ വു ഖിയാന്‍ പറഞ്ഞു.
ദോക് ലാ സംഘര്‍ഷത്തില്‍ നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. അന്താരാഷ്ട്ര നിയമങ്ങളും തത്വങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂണിലാണ് ഇന്ത്യയും ചൈനയും തമ്മില്‍ ദോക്്‌ലാം വിഷയത്തില്‍ അതിര്‍ത്തി തര്‍ക്കം തുടങ്ങിയത്. ദോക്്‌ലാമില്‍ ഭൂട്ടാനും ചൈനയും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ചൈനയുടെ ആവശ്യം അംഗീകരിച്ച് ഇന്ത്യ മേഖലയില്‍ നിന്ന് പിന്മാറുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. ദോക്്‌ലാമില്‍ നിന്ന് ചൈനീസ് സൈന്യവും പിന്മാറിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അതിര്‍ത്തി മേഖലയില്‍ പട്രോളിങ് തുടരുമെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. ദോക്്‌ലാം തങ്ങളുടേതാണെന്ന അവകാശവാദവും ചൈന ആവര്‍ത്തിച്ചു.
കഴിഞ്ഞ ജൂണില്‍ ദോക്്‌ലാമില്‍ ചൈനീസ് സേന റോഡ് നിര്‍മിക്കാനുള്ള നീക്കം തുടങ്ങിയതാണ് സംഘര്‍ഷത്തിന് കാരണം. റോഡ് നിര്‍മാണം ഇന്ത്യ തടഞ്ഞതോടെ ഇരു ഭാഗത്തും സൈന്യം നിലയുറപ്പിച്ചു.
300 സൈനികരാണ് ഇരുപക്ഷത്തുമായി നിലയുറപ്പിച്ചിരുന്നത്. ചൈന പലതവണ പ്രകോപനത്തിന് മുതിര്‍ന്നെങ്കിലും ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു. ഭൂട്ടാന് ചൈനയുമായി നയതന്ത്രബന്ധമില്ലാത്തതിനാല്‍ ഇന്ത്യവഴിയാണ് ആശയവിനിമയം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."