HOME
DETAILS

സുപ്രിം കോടതി വിധിയും ത്വലാഖിന്റെ നിയമസാധുതയും

  
backup
August 30 2017 | 00:08 AM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a4%e0%b5%8d

അനാവശ്യവും ഏകപക്ഷീയവുമായ വിവാഹമോചനങ്ങളെ വെറുക്കപ്പെട്ടതും ഒഴിവാക്കെപ്പെടേണ്ടതുമായിട്ടാണ് ഇസ്‌ലാം കാണുന്നത്. ലൈംഗികബന്ധത്തിലേര്‍പ്പെടാത്ത ശുദ്ധിസമയത്തു ന്യായമായ കാരണങ്ങള്‍ക്കുവേണ്ടി മാത്രമാവണം ത്വലാഖ്. അതുതന്നെ തിരിച്ചെടുക്കാവുന്ന ഒറ്റ ത്വലാഖ് ആവുകയും വേണം. അതിനു മുമ്പ്, ഖുര്‍ആന്‍ നിര്‍ദേശിച്ച പ്രശ്‌നപരിഹാരത്തിനുള്ള മറ്റു മാര്‍ഗങ്ങള്‍ ആരായണം. ഇതാണു ശരിയായ വിശ്വാസി ധാര്‍മികമായി ത്വലാഖിനോടു പുലര്‍ത്തേണ്ട സമീപനം. അല്ലാത്ത എല്ലാ ത്വലാഖുകളും അഭികാമ്യമല്ലാത്തതും ചിലപ്പോള്‍ നിഷിദ്ധവുമാണ്.
ഈ അര്‍ഥത്തില്‍ നേരത്തേ സൂചിപ്പിച്ച നിബന്ധനകള്‍ പാലിക്കാത്ത ത്വലാഖുകള്‍ സുപ്രിംകോടതി ജഡ്ജിമാര്‍ പറഞ്ഞതുപോലെ, ഭരണഘടനയുടെ അന്തഃസത്തയ്ക്കു മാത്രമല്ല ഇസ്‌ലാമിന്റെ അന്തഃസത്തയ്ക്കും വിരുദ്ധമാണ്. പക്ഷേ, ഇവിടെ ധാര്‍മികനിലപാടും നിയമത്തിന്റെ സാങ്കേതികതയും തമ്മില്‍ വ്യത്യാസമുണ്ട്. അതായത്, നേരത്തേ പറഞ്ഞ ഇസ്‌ലാമിക ധാര്‍മികത ഉള്‍ക്കൊള്ളാതെ ഒരാള്‍ ത്വലാഖ് ചൊല്ലിയാല്‍ അതു നിയമപരമായി നിലനില്‍ക്കുന്നതും അതുവഴി അവര്‍ തമ്മിലുള്ള വിവാഹബന്ധത്തിനു തിരശ്ശീല വീഴുന്നതുമാണ്.
അതിനു നല്ലൊരു ഉദാഹരണമാണ്, അന്യായമായി മറ്റൊരാളില്‍നിന്നു സ്വന്തമാക്കിയ സ്ഥലത്തുവച്ചു നിസ്‌കാരം നിര്‍വഹിച്ചാല്‍ അയാള്‍ കുറ്റക്കാരനാണെങ്കിലും ആ നിസ്‌കാരം സാധുവാണ് എന്നത്. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിലെ ഈ വ്യത്യാസം മനസിലാക്കുന്നിടത്തു സംഭവിച്ച പിഴവാണ് ജസ്റ്റിസ് ജോസഫ് കുര്യന്റെ വിധിന്യായത്തില്‍ കാണാന്‍ കഴിയുന്നത്. ഖുര്‍ആനു വിരുദ്ധമായ ഈ ത്വലാഖ് നിയമസാധുതയില്ലത്തതാണെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍ അതില്‍നിന്നു വരുന്നതാണ്.
ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്ന ഒറ്റയിരിപ്പില്‍ മൂന്നു ത്വലാഖും ചൊല്ലുന്ന വിഷയത്തിലും പ്രശ്‌നം ഇതുതന്നെയാണ്. ധാര്‍മികമായി ഇതു തെറ്റാണെങ്കിലും അതിലൂടെ ഉണ്ടാകുന്ന നിയമപരമായ സാധുതയ്ക്ക് അതു തടസ്സമല്ല. ഇവിടെ വിവാഹബന്ധത്തിനു തിരിശ്ശീല വീഴുന്നു. മൂന്നു ത്വലാഖ് ചൊല്ലപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കണമെങ്കില്‍ വളരെ പ്രയാസകരമായ നിബന്ധനകള്‍ ഇസ്‌ലാം മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു.
നിയമപരമായ മറ്റൊരു വിവാഹവും ശാരീരികബന്ധവും വിവാഹമോചനവും പൂര്‍ത്തിയാകാതെ ആ സ്ത്രീയെ വീണ്ടും വിവാഹം ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ത്വലാഖുകൊണ്ടു കളിക്കുന്ന പുരുഷസ്വഭാവത്തെ നിയന്ത്രിക്കുന്നതിനുകൂടി വേണ്ടിയാണു യഥാര്‍ഥത്തില്‍ അത്തരം നിബന്ധനകള്‍ നിയമമാക്കപ്പെട്ടത്.
ഇവിടെ കോടതി വിധിയോ മറ്റോ ഇതിനു നിയമസാധുതയില്ലെന്നു പറഞ്ഞതുകൊണ്ടു മാത്രം കര്‍മശാസ്ത്രപരമായി ഇതു ത്വലാഖ് അല്ലാതാവുന്നില്ല. അതായത്, ഇസ്‌ലാമിക നിയമങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ പകര്‍ത്തണമെന്ന് ആഗ്രഹിക്കുന്ന ദമ്പതികളെ സംബന്ധിച്ചിടത്തോളം പിന്നീട് അവര്‍ തമ്മിലുള്ള ശാരീരികബന്ധം നിഷിദ്ധവും വ്യഭിചാരത്തിനു തുല്യവുമാണ്. അപ്പോള്‍ ഇതിനെ നിയമവിരുദ്ധമായി കോടതി പ്രഖ്യാപിച്ചതുകൊണ്ടു മാത്രം ഇവിടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല.
മാത്രമല്ല, കോടതിവിധി ഉയര്‍ത്തുന്ന വേറെയും കുറേ നിയമ-കര്‍മശാസ്ത്ര പ്രശ്‌നങ്ങളുണ്ട്. ഇവിടെ ഒറ്റയിരിപ്പില്‍ മൂന്നു ത്വലാഖും ചൊല്ലിയാല്‍ അതു ത്വലാഖായേ പരിഗണിക്കപ്പെടുകയില്ലെന്നതാണോ അതോ ഒരു ത്വലാഖ് മാത്രമായി പരിഗണിക്കപ്പെടുമെന്നതാണോ വിധി. ഒരു ത്വലാഖ് മാത്രമായി പരിഗണിക്കപ്പെടുമെങ്കില്‍ അതിന്റെ ഇദ്ദകാലയളവില്‍ വ്യത്യസ്തസമയങ്ങളിലായി രണ്ടും മൂന്നും ത്വലാഖ് ചൊല്ലിയാല്‍ അവ പരിഗണിക്കപ്പെടുമോ. അതോ അതിനും നിയമസാധുതയില്ലെന്നാണോ കോടതി പറയുന്നത്. ഒറ്റയിരിപ്പില്‍ ചൊല്ലുന്നതിനു പകരം ഒരേദിവസം തന്നെ മൂന്നുവ്യത്യസ്ത സമയങ്ങളിലായി ഒരാള്‍ ത്വലാഖ് ചൊല്ലിയാല്‍ അതിന് ഈ വിധി ബാധകമാണോ തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ കോടതിവിധിയെത്തുടര്‍ന്ന് ഉയര്‍ന്നുവരുന്നുണ്ട്.

ത്വലാഖ്: പ്രതിവിധിയെന്ത്
മുത്വലാഖും ഏകപക്ഷീയമായ മറ്റു ത്വലാഖുകളും നിയമം വഴി നിരോധിക്കുന്നത്‌കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ലെന്നു മാത്രമല്ല പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുകയുള്ളൂ വെന്ന് നേരത്തെ വ്യക്തമാക്കിയല്ലോ. ഇസ്‌ലാമിക കര്‍മശാസ്ത്രത്തിനുള്ളില്‍ നിന്നുകൊണ്ട് ഇതിനു പരിഹാരം കണ്ടെത്തുക മാത്രമാണ് പോംവഴി. 'മഹര്‍ കേന്ദ്രീകൃത' ഇസ്‌ലാമിക വിവാഹ സംസ്‌കാരത്തിന്റെ നിയമപരവും ധാര്‍മികവുമായ സാഹചര്യം സൃഷ്ടിക്കുകയാണ് അതിനു ആദ്യമായി ചെയ്യേണ്ടത്. അതില്‍ മുസ്‌ലിം മത നേതൃത്വം മുന്‍കൈ എടുക്കണം. നിയമപരമായ സാഹചര്യത്തിനു മോഡല്‍ വിവാഹക്കരാര്‍ (നികാഹ് നാമ) നടപ്പാക്കണം. ഇസ്‌ലാമിലെ വിവാഹം ഒരു ഉഭയകക്ഷി കരാറായത്‌കൊണ്ടുതന്നെ വിവാഹത്തിന്റെ അടിസ്ഥാന കാര്യങ്ങളെ ബാധിക്കാത്ത രീതിയിലുള്ള നിബന്ധനകള്‍ കര്‍മശാസ്ത്രപരമായി സ്വീകാര്യമാണ്, ഇത്തരം നിബന്ധനകളുടെ വിശദാംശങ്ങളില്‍ പണ്ഡിതലോകത്തിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും. വിവാഹക്കരാറിന്റെ ഭാഗമാക്കാതെ പ്രത്യേക കരാറായും ഈ നിബന്ധനകള്‍ ആലോചിക്കാവുന്നതാണ്.
ഇവിടെ സ്ത്രീയുടെ താത്പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി പല മുസ്‌ലിം രാജ്യങ്ങളും നടപ്പിലാക്കിയിട്ടുള്ളതാണ് രണ്ടു തരം മഹര്‍ സിസ്റ്റം. വേഗം നല്‍കേണ്ട മഹറും (മഹര്‍ മുഖദ്ദം) പിന്തിപ്പിക്കപ്പെടുന്ന മഹറും (മഹര്‍ മുഅഖ്ഖര്‍). ഇവിടെ ഇത് രണ്ടും വിവാഹക്കരാറില്‍ ഉള്‍പ്പെടുത്തുകയും മഹര്‍ മുഖദ്ദം വിവാഹസമയത്തോ അതിന് ഉടനെയോ നല്‍കുമ്പോള്‍ മഹര്‍ മുഅഖ്ഖര്‍ സ്ത്രീ ആവശ്യപ്പെടുക ഏകപക്ഷീയമായി അവളെ വിവാഹമോചനം ചെയ്യുമ്പോള്‍ മാത്രമായിരിക്കും. മഹറിന്റെ ഭാഗമായത് കൊണ്ട് തന്നെ ശാരീരിക ബന്ധത്തോടെയോ അല്ലെങ്കില്‍ നിശ്ചയിക്കപ്പെടുന്ന കാലാവധിയിലോ അവള്‍ അതിനു അവകാശിയാണെങ്കിലും സാധാരണഗതിയില്‍ വിവാഹം നല്ല നിലക്ക് പോകുന്ന പക്ഷം അത് ആവശ്യപ്പെടാറില്ല. വിവാഹമോചനത്തില്‍ കലാശിക്കുന്ന പക്ഷം ഈ തുക പൂര്‍ണമായും നല്‍കാന്‍ പുരുഷന്‍ നിര്‍ബന്ധിതനാവുന്നു. വിവാഹമോചിതയാകുന്ന സ്ത്രീക്ക് സാമ്പത്തികമായി വലിയ ആശ്വാസം നല്‍കുന്നതോടൊപ്പം പുരുഷനെ അകാരണമായ ത്വലാഖില്‍ നിന്ന് തടഞ്ഞു നിര്‍ത്താനും ഇത് കാരണമാവും. മരണസമയത്തോ വിവാഹമോചന സമയത്തോ മാത്രം നല്‍കുമെന്ന നിബന്ധനയോടെയും ഇങ്ങനെ ചെയ്യാമെന്ന് ഹനഫി കര്‍മശാസ്ത്രം അഭിപ്രായപ്പെടുന്നുണ്ട്.

നികാഹ് ഹലാല അഥവാ തഹ്‌ലീല്‍
കോടതി ഇപ്പോള്‍ ഇടപെടാത്തതും എന്നാല്‍, മുത്വലാഖിനെ തുടര്‍ന്നു വന്നുഭവിക്കുന്നതുമായ മറ്റൊരു വിഷയമാണു നികാഹ് ഹലാല (ചടങ്ങുനില്‍ക്കല്‍). അതായത് മൂന്നു ത്വലാഖും ചൊല്ലപ്പെട്ട സ്ത്രീയെ വീണ്ടും അതേ വ്യക്തിക്കു വിവാഹം കഴിക്കണമെങ്കില്‍ ആ സ്ത്രീ നിയമപരമായ മറ്റൊരു വിവാഹത്തിനും ശാരീരികബന്ധത്തിനും വിവാഹമോചനത്തിനും വിധേയമാകണമല്ലോ. എന്നാല്‍, ഇവ്വിധം മുന്‍ഭര്‍ത്താവിന് അവള്‍ വീണ്ടും നിയമവിധേയമാകണമെന്ന താല്‍പര്യത്തോടെ നടത്തപ്പെടുന്ന വിവാഹങ്ങള്‍ ഇസ്‌ലാം അതിരൂക്ഷമായി വിമര്‍ശിക്കുന്നു.
അത്തരത്തില്‍ വിവാഹം ചെയ്യുന്നവനെ വാടകക്കൂറ്റന്‍ (അത്തൈസുല്‍മുസ്തആര്‍) എന്നാണു പ്രവാചക തിരുമേനി (സ) വിശേഷിപ്പിച്ചത്. അങ്ങനെ വിവാഹം ചെയ്യുന്നവനെയും അവന്‍ ആര്‍ക്കുവേണ്ടിയാണോ വിവാഹം ചെയ്യുന്നത് (മുന്‍ ഭര്‍ത്താവ്) അവനെയും അല്ലാഹു ശപിച്ചിരിക്കുന്നുവെന്നു പ്രവാചകന്‍ പറഞ്ഞു.
ഇങ്ങനെയുള്ള വിവാഹം നിഷിദ്ധവും വിവാഹക്കരാറില്‍ ഈ നിബന്ധന പറയുന്ന പക്ഷം നിയമപരമായി അസാധുവുമാണെന്നാണു ശാഫിഈ-മാലികി-ഹന്ബലി സരണികളുടെ ശാസന. ഹനഫി കര്‍മശാസ്ത്രത്തില്‍ അത്തരം നികാഹിന്റെ സാധുത ശരിവയ്ക്കുന്നുണ്ടെങ്കിലും ആ നിബന്ധനയെ തള്ളിക്കളയുകയും അവ വളരെ മോശപ്പെട്ട വിവാഹങ്ങളുടെ പട്ടികയില്‍ പെടുത്തുകയും ചെയ്യുന്നു. വിവാഹക്കരാറില്‍ ഈ നിബന്ധനവയ്ക്കാതെ എന്നാല്‍, ഈ ഉദ്ദേശ്യത്തോടുകൂടി പരസ്പരധാരണയോടെ വിവാഹം ചെയ്യുന്നപക്ഷം ശാഫിഈ മദ്ഹബില്‍ വിവാഹം സാധുവാകുമെങ്കിലും ധാര്‍മികമായി തെറ്റാണ്.
അല്ലാഹുവിന്റെ ശാപമുണ്ടെന്നു നേരത്തെ പ്രവാചകന്‍ പറഞ്ഞ വിഭാഗത്തില്‍ അവരും ഉള്‍പ്പെടും. മാലികി-ഹന്ബലി സരണികള്‍ അനുസരിച്ചു ഈ ഉദ്ദേശ്യത്തോടുകൂടിയുള്ള വിവാഹങ്ങള്‍ കരാറില്‍ നിബന്ധനയായി പറഞ്ഞിട്ടില്ലെങ്കിലും അസാധുവാണ്. ഇത്തരം വിവാഹങ്ങളെ നിയന്ത്രിക്കാന്‍ ഇസ്‌ലാമിക കര്‍മശാസ്ത്രത്തില്‍തന്നെ വകുപ്പുകള്‍ ഉണ്ട്.
ഒന്നിച്ചു മൂന്നു ത്വലാഖ് ചൊല്ലുന്നതു പോലെതന്നെയുള്ള മറ്റൊരു വിഷയമാണു വിവാഹമോചനം ആഗ്രഹിക്കുന്ന സ്ത്രീക്കു പുരുഷന്റെ ഭാഗത്തുനിന്നു ചിലപ്പോഴെങ്കിലും അതു അനുവദിക്കാതിരിക്കുന്ന പ്രശ്‌നം. ഈ വിഷയവും ഇസ്‌ലാമികകര്‍മശാസ്ത്രത്തിനുള്ളില്‍നിന്നു പരിഹരിക്കുന്നതിനു പല മുസ്‌ലിം രാജ്യങ്ങളിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുരുഷന്റെ അധികാരമായ ത്വലാഖ് തന്റെ ഭാര്യക്കു കൈമാറുന്ന തഫ്‌വീദ് എന്ന സാങ്കേതികതയുപയോഗിച്ചാണ് ഇതു ചെയ്യുന്നത്.
ഇതിന്റെ വിശദാംശങ്ങളിലും മദ്ഹബുകള്‍ക്കിടയിലും പണ്ഡിതന്മാര്‍ക്കിടയിലും അഭിപ്രായന്തരങ്ങള്‍ ഉണ്ടെങ്കിലും ഇതു നിയമവിധേയമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളില്‍ വിവാഹകരാറിനൊപ്പം ത്വലാഖ് തഫ്‌വീദു ചെയ്യുന്നതിനുള്ള സമ്മതംകൂടി ഉള്‍പ്പെടുത്തുന്നു. ബഹുഭാര്യത്വം നിയന്ത്രിക്കുന്നതിനും അത്തരം ഘട്ടങ്ങളില്‍ ആദ്യഭാര്യക്കു വിവാഹമോചനത്തിന് അവസരമൊരുക്കാനും ഇത് ഉപയോഗപ്പെടുത്തുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, വിവാഹക്കരാറില്‍ നിശ്ചയിക്കപ്പെടുന്ന നിബന്ധനകളിലൂടെയും മഹറ് വ്യവസ്ഥയിലൂടെയും ഒട്ടേറെ അധികാരങ്ങള്‍ സ്ത്രീക്ക് ഇസ്‌ലാമിക കര്‍മശാസ്ത്രം അനുവദിക്കുന്നുണ്ട്. അവയെക്കുറിച്ചു സ്ത്രീയെ ബോധവത്കരിക്കാനും അത് ആവശ്യാനുസരണം ചോദിച്ചുവാങ്ങാന്‍ അവളെ പ്രാപ്തയാക്കാനും മുസ്‌ലിം മത-സാമൂഹിക നേതൃത്വങ്ങള്‍ മുന്നോട്ടുവരികയും വിവാഹം സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മതപണ്ഡിതരും നിയമജ്ഞരും ഫാമിലി കൗണ്‍സിലര്‍മാരും അടങ്ങുന്ന ആര്‍ബിട്രേഷന്‍ കൗണ്‍സിലുകള്‍ ജില്ലാടിസ്ഥാനത്തിലോ മറ്റോ രൂപീകരിക്കുകയും വേണം. മുസ്‌ലിംവിരുദ്ധ ഫാസിസ്റ്റ് ശക്തികള്‍ക്കും മതനിരാസവാദികള്‍ക്കും മതത്തില്‍ വെള്ളം ചേര്‍ക്കാന്‍ നടക്കുന്നവര്‍ക്കും അടിക്കാനുള്ള വടി നല്‍കാതിരിക്കാന്‍ ഇസ്‌ലാമിക കര്‍മശാസ്ത്ര പരിഹാരങ്ങള്‍ക്കു മുസ്‌ലിം മതപണ്ഡിതസഭകളും അഖിലേന്ത്യാ പേഴ്‌സണല്‍ ലോ ബോര്‍ഡും നേതൃത്വം നല്‍കണം.

(അവസാനിച്ചു)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago
No Image

എ.ഡി.എമ്മിന്റെ മരണം; അന്വേഷണത്തിന് സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആറംഗ സംഘം

Kerala
  •  2 months ago