ഒളിയജന്‍ഡകള്‍ തിരിച്ചറിയാന്‍ കഴിയാത്തവരോട്
ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് സിങിനെതിരേയുള്ള ബലാത്സംഗകുറ്റത്തില്‍ വിധി പറയാന്‍ കോടതി കൂടിയപ്പോള്‍ ഉത്തരേന്ത്യ നിന്നു കത്തുകയായിരുന്നു. ആള്‍ദൈവത്തിന്റെ അനുയായികള്‍ തെരുവില്‍ അഴിഞ്ഞാടുകയും രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്തു. ഭരണകൂടത്തെയും നിയമനിര്‍വഹണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയ ആള്‍ദൈവത്തിന്റെ ആള്‍ക്കൂട്ടത്തെക്കുറിച്ചാണു പിറ്റേദിവസം ഇറങ്ങിയ ഇന്ത്യന്‍പത്രങ്ങള്‍ മുഴുവന്‍ മുന്‍പേജില്‍ അച്ച്‌നിരത്തിയത്.
എന്നാല്‍, മലയാളത്തിലെ പത്രമുത്തശ്ശി ആ സമയത്തും മാപ്പിളപ്പെണ്ണിന്റെ അടിപ്പാവാടയുടെ അടിയില്‍ ചേലക്കഷണം തിരയുകയായിരുന്നു. കോഴിക്കോട്ടങ്ങാടിയില്‍ കച്ചവടക്കണ്ണുള്ള ആരോ തുടങ്ങിയ ക്ലിനിക്ക് ചൂണ്ടിക്കാട്ടി, 'ഇവിടെയിതാ മാപ്പിളപ്പെണ്ണുങ്ങള്‍ മുഴുവന്‍ ക്രൂരവും പ്രാകൃതവുമായ ചേലാകര്‍മം നടത്തുന്നു'വെന്നു വിലപിക്കുകയായിരുന്നു രാജ്യം കത്തുന്ന സമയത്തും അവര്‍. 'മലപ്പുറത്തിന്റെ സമീപജില്ലയിലെ' സ്‌ഫോടനവും പ്രവാചകനെ നിന്ദിക്കുന്ന ലേഖനങ്ങളും 'ഗുര്‍മീത് റാം റഹിം സിങി'ന്റെ അനുയായികള്‍ അഴിഞ്ഞാടി എന്നതിനു പകരം 'റഹീമിന്റെ അനുയായികള്‍ അഴിഞ്ഞാടി'യെന്നു വാര്‍ത്തയും കൊടുക്കുന്ന പത്രത്തില്‍നിന്ന് ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.
പക്ഷേ, തലപ്പുമുറിച്ചവരെ കണ്ടാല്‍ ഹാലിളകുന്ന പത്രത്തിലെ വാര്‍ത്ത വായിച്ചു സ്വന്തം സമുദായത്തിന്റെ അജന്‍ഡ തീരുമാനിക്കാന്‍ ഒരുങ്ങിയിറങ്ങിയവരെക്കുറിച്ച് ആലോചിക്കുമ്പോഴാണു സഹതാപം. കോഴിക്കോട്ടങ്ങാടിയിലെ ഒരു ക്ലിനിക്കില്‍ കാള പെറ്റെന്നു കേട്ടപ്പോഴേക്കു സമുദായത്തിലെ യുവജനരാഷ്ട്രീയ സംഘടനകള്‍ കൊടിപിടിച്ചിറങ്ങുന്നു. പെണ്‍ചേലാകര്‍മത്തിനെതിരേ കാംപയിന്‍ പ്രഖ്യാപിക്കുന്നു. പൊലിസിന്റെയും നിയമപാലകരുടെയും ഡ്യൂട്ടി സ്വയമേറ്റെടുത്തു വിവാദക്ലിനിക്ക് താഴിട്ടുപൂട്ടുന്നു. മുത്തശ്ശിപ്പത്രത്തിന്റെ തലക്കെട്ട് തലയിലേറ്റി പെണ്‍ചേലാകര്‍മം ക്രൂരവും പ്രാകൃതവുമാണെന്ന് പ്രസ്താവന ഇറക്കുന്നു. ഇതെല്ലാം അനിസ്‌ലാമികവും ആഫ്രിക്കയിലെ പ്രാദേശിക പ്രാകൃതാചാരവും മാത്രമാണെന്നു ഭിഷഗ്വരനായ ജനപ്രതിനിധിയടക്കം ഫത്‌വ ഇറക്കുന്നു. യുവതുര്‍ക്കികളുടെ ഫാന്‍സ് അസോസിയേഷനുകള്‍ സോഷ്യല്‍ മീഡിയകളിലും സൈബറിടങ്ങളിലും 'പെണ്‍ സുന്നത്തി'നെതിരേയും സമരാഹ്വാനം മുഴക്കുന്നു...
ഒളിയജന്‍ഡക്കാരുടെ 'ചേലാകര്‍മവിരുദ്ധ'യജ്ഞത്തില്‍ ഭാഗഭാക്കാവാനും മതത്തിന്റെ പേരില്‍ നടക്കുന്ന പെണ്‍ചേലാകര്‍മങ്ങളെ വിമര്‍ശിക്കാനും ഈ രാജ്യത്ത് എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഒരു മതത്തിന്റെയും സമുദായത്തിന്റെയും മറപിടിച്ച് അടച്ചുപൂട്ടിക്കല്‍ സമരങ്ങളും കാംപയിനുകളും ആചരിക്കുമ്പോള്‍ ആ മതം ഈ വിഷയത്തില്‍ എന്തുപറയുന്നു എന്നു മിനിമം മനസിലാക്കിയിരിക്കണം.
മുസ്‌ലിം യുവജനസംഘടനകളും അവയുടെ മുന്നില്‍ നില്‍ക്കുന്ന യുവതുര്‍ക്കികളും മതത്തിന്റെ പേരിലാണു പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു സ്ത്രീ ചേലാകര്‍മത്തിനെതിരേ ഇസ്‌ലാം എന്തുപറയുന്നുവെന്ന് അന്വേഷിക്കാതെ 'ക്രൂരം, പ്രാകൃതം,അനിസ്‌ലാമികം' എന്നിങ്ങനെ പ്രസ്താവനകളിറക്കിയാല്‍, ഇരിക്കുംകൊമ്പ് മുറിക്കുന്ന വിഡ്ഢിയുടെ റോളിലാണ് എത്തിപ്പെടുക.
ഇന്നു സ്ത്രീ ചേലാകര്‍മത്തിനെതിരേ ക്രൂരം പ്രാകൃതം എന്നു വിധിയെഴുതുന്ന പത്രത്തിന് നാളെ മറ്റൊരു കച്ചവട ക്ലിനിക്ക് ചൂണ്ടിക്കാട്ടി പുരുഷ ചേലാകര്‍മവും ക്രൂരപ്രാകൃതമെന്നു വിധിയെഴുതാന്‍ സാധിക്കും. അത് അശാസ്ത്രീയമാണെന്നു തെളിയിക്കുന്ന 'ശാസ്ത്രീയ പഠനങ്ങള്‍' നിരത്താന്‍ കഴിഞ്ഞേക്കാം. ഒരു ശാസ്ത്രവും നോക്കാതെ തലപ്പു മുറിച്ച് 'മാര്‍ഗം' കൂടിയ യുവതുര്‍ക്കികള്‍ക്ക് അപ്പോള്‍ എന്തു നിലപാടാണാവോ സ്വീകരിക്കാനുണ്ടാവുക.
ഇപ്പോള്‍തന്നെ പുരുഷചേലാകര്‍മവും ക്രൂരവും പ്രാകൃതവുമാണെന്ന വാദക്കാര്‍ മുസ്‌ലിം ലേബലില്‍ സജീവമാണ്. അത് അനിസ്‌ലാമികവും അപരിഷ്‌കൃതവും ജൂതമതത്തില്‍നിന്നു മുസ്‌ലിംകളിലേയ്ക്കു കയറിപ്പറ്റിയ ദുരാചാരമാണെന്നുമാണ് അവരുടെ പക്ഷം. പുരുഷന്മാരുടെ പരിച്ഛേദനംതന്നെ അശാസ്ത്രീയമാണെന്നു തെളിയിക്കുന്ന ധാരാളം 'ശാസ്ത്രീയ തെളിവുകള്‍' ഇവര്‍ക്കു ഹാജരാക്കാന്‍ ഉണ്ടുതാനും!
ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയും ചേകന്നൂരാദികളും ഉയര്‍ത്തിപ്പിടിക്കുന്ന ഈ വാദം ഏതെങ്കിലും നാലാംകിട ക്ലിനിക്കിന്റെ ചെലവില്‍ ഇത്തരം പത്രത്താളുകളില്‍ വാര്‍ത്തയാകുമെന്നുറപ്പ്. ഇപ്പോള്‍തന്നെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലം മുതലെടുത്ത് അവര്‍ 'സ്ത്രീസുന്നത്തിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ടു പുരുഷസുന്നത്തിനെ എതിര്‍ക്കുന്നില്ല' എന്ന ചോദ്യം പരസ്യമായി ഉയര്‍ത്തിക്കഴിഞ്ഞു. സമുദായത്തിലെ യൂത്തന്മാര്‍ക്ക് എന്തു മറുപടിയാണാവോ ഉള്ളത്.
പുരുഷചേലാകര്‍മം പരിചയപ്പെടുത്തിയ ഖുര്‍ആനും മുഹമ്മദ് നബി(സ്വ)യും തന്നെയാണു മുസ്‌ലിംകളോടു സ്ത്രീ ചേലാകര്‍മത്തെക്കുറിച്ചും പറഞ്ഞത്. സെമിറ്റിക് മതങ്ങളുടെ പിതാവാണ് ഇബ്‌റാഹിം പ്രവാചകന്‍.'ഇബ്‌റാഹീമീ ചര്യ നിങ്ങള്‍ പിന്തുടരുവിന്‍' എന്ന ഖുര്‍ആന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. ആ ഇബ്‌റാഹീം നബിയുടെ ചര്യയില്‍ ഒന്നാണ് ചേലാകര്‍മം. സൂറ അല്‍ബഖറ 124 ല്‍ വ്യക്തമാക്കിയ പ്രകാരം, ഇബ്‌റാഹീം നബിയെ അല്ലാഹു പത്തുകല്‍പനകള്‍ കൊണ്ടു പരീക്ഷിച്ചു. ആ പത്തു കല്‍പനകളില്‍ ഒന്നായിരുന്നു പരിച്ഛേദന. നഖം മുറിക്കുക, ശരീരരോമങ്ങള്‍ വടിക്കേണ്ടതു വടിച്ചും വെട്ടിയൊതുക്കേണ്ടതു വെട്ടിയും പരിപാലിക്കുക, സുഗന്ധം ഉപയോഗിക്കുക, പല്ലും നാക്കും വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളും കല്‍പിക്കപ്പെട്ടവയില്‍ പെടുന്നു. ഹദീസുകള്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഇതില്‍ 'ചേലാകര്‍മത്തില്‍ സ്ത്രീകള്‍ ഒഴിവാണ് ' എന്ന് ഇസ്‌ലാമിക ലോകത്ത് ഇന്നോളം ഒരു പ്രാമാണികപണ്ഡിതരും പറഞ്ഞിട്ടില്ല.
മാത്രമല്ല നബി തിരുമേനി(സ) തന്നെ സ്ത്രീകളുടെ ഖിതാന്‍ (ചേലാകര്‍മം) അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി ഇസ്‌ലാമിന്റെ ദ്വിതീയപ്രമാണമായ ഹദീസുകളില്‍ ധാരാളം കാണാം. (ഉദാ: അബൂദാവൂദ്, തിര്‍മിദി, ബൈഹഖി) മതപ്രമാണങ്ങളില്‍ ഖണ്ഡിതമായി സ്ഥിരപ്പെട്ടതുകൊണ്ടുതന്നെ ഇസ്‌ലാമിക ലോകം മുഴുവന്‍ പെണ്‍ചേലാകര്‍മത്തെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിംലോകത്തിന്റെ കര്‍മകാണ്ഡം നിയന്ത്രിക്കുന്ന നാലു മദ്ഹബുകള്‍ക്കും ഇത് ഇസ്‌ലാമികം തന്നെയെന്നതില്‍ ഏകസ്വരമാണ്. നിര്‍ബന്ധമാണോ ഐച്ഛികമാണോ എന്നതില്‍ മാത്രമാണ് അഭിപ്രായവ്യത്യാസം.
നാലു മദ്ഹബിനു പുറത്തുള്ള ഇബ്‌നു ഹസമിനെ പോലുള്ള പണ്ഡിതരും അല്‍ബാനി, ഇബ്‌നു ബാസ്, യൂസുഫുല്‍ ഖറദാവി തുടങ്ങിയ ആധുനികരുമെല്ലാം സ്ത്രീചേലാകര്‍മം ഇസ്‌ലാമിക ശരീഅത്തിന്റെ ഭാഗമാണെന്ന പക്ഷക്കാരാണ്. ഈ വിഷയത്തില്‍ മുസ്‌ലിംലോകത്തിന്റെ ഏകകണ്ഠാഭിപ്രായ(ഇജ്മാഅ)മാണു തെളിവായി ഉദ്ധരിക്കപ്പെട്ടിട്ടുള്ളത്. (സ്വഹീഹ് അബൂദാവൂദ് അല്‍ബാനി, ലജ്‌ന ദാഇമ ഫത്‌വാ നമ്പര്‍ 2137, ഖര്‍ദാവിയുടെ ഫത്‌വകള്‍ 1:328)
കേരളത്തിലെ മുസ്‌ലിംകള്‍ കര്‍മശാസ്ത്രത്തില്‍ പ്രധാനമായും അവലംബിക്കുന്നതു ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റ ഫത്ഹുല്‍ മുഈന്‍ ആണ്. അതില്‍ അദ്ദേഹം സ്ത്രീകളുടെ ഖിതാന്‍ നിര്‍ബന്ധമാണെന്നു പറയുന്നതോടൊപ്പം ഐച്ഛികമാണെന്ന ഒരു വീക്ഷണം കൂടി അവതരിപ്പിക്കുന്നുണ്ട്. സമീപകാലത്ത് ആ വീക്ഷണപ്രകാരമുള്ള ജീവിതമാണു നമ്മുടെ നാട്ടില്‍ വ്യാപകമായത്.
സ്ത്രീകളുടെ വിഷയം കൈകാര്യംചെയ്യാന്‍ സ്ത്രീകള്‍തന്നെ വേണമെന്നും അതു പരസ്യമാക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ രംഗത്തു വിദഗ്ധരായ സ്ത്രീകളുടെ അഭാവവും ഈ ആചാരം നിന്നുപോകാന്‍ കാരണമായി. അതുകൊണ്ടുതന്നെ നമ്മുടെ മതപണ്ഡിതന്മാരൊന്നും സ്ത്രീകള്‍ ചേലാകര്‍മം ചെയ്യാത്തതിനെ വിമര്‍ശിച്ചില്ല.
പക്ഷേ, ആരെങ്കിലും പരിച്ഛേദനം ചെയ്താല്‍ അത് ഇസ്‌ലാമിക വിരുദ്ധമാണെന്നു പറയുന്നതു ഗൗരവമുള്ളതാണ്. താടി ഇസ്‌ലാം വിരുദ്ധമാണെന്നു പറയുന്നതിനു സമാനമാണിത്.
താടിവയ്ക്കല്‍ നിര്‍ബന്ധമാണെന്നുമുള്ള വീക്ഷണം മുസ്‌ലിം ലോകത്തുണ്ട്. താടി വടിച്ച ഒരാളെ നാം മതത്തില്‍നിന്നു പുറത്താക്കുകയുമില്ല. എന്നാല്‍, താടി പ്രകൃതവും അനിസ്‌ലാമികവുമാണെന്നു വാദിക്കുമ്പോള്‍ പ്രശ്‌നമാണ്. ഇതുതന്നെയാണു സ്ത്രീകളുടെ ഖിതാനിലും ഉള്ളത്.
ചുരുക്കത്തില്‍, ഒരുപിടി യുക്തിവാദികളും മോഡേണിസ്റ്റുകളും ഏറ്റെടുത്ത ഇസ്‌ലാംവിരുദ്ധ പ്രചാരണങ്ങളില്‍ ഒന്നുമാത്രമാണു സ്ത്രീചേലാകര്‍മം.അതുപോലെ തന്നെയാണവര്‍ക്കു പുരുഷചേലാകര്‍മവും. ഒരു സ്ത്രീ ആഭരണമണിയാന്‍ എന്ന പേരില്‍ വേദന സഹിച്ചു കാതു തുളക്കുന്നതും മൂക്കുതുളയ്ക്കുന്നതും പരിഷ്‌കൃതമായി കാണുന്നവരാണവര്‍.
വയറു തുളച്ച് ആധുനിക പടിഞ്ഞാറന്‍ പെണ്ണ് പൊക്കിളില്‍ ആഭരണം ചാര്‍ത്തുന്നതു പോലും പ്രശ്‌നമല്ലാത്തവരാണു മാപ്പിളപ്പെണ്ണിന്റെ അടിപ്പാവാടക്കിടയില്‍ ടോര്‍ച്ചടിക്കുന്നത്. ഇവര്‍ക്കനുസരിച്ചു മതത്തെ വ്യാഖ്യാനിക്കാന്‍ തുനിഞ്ഞാല്‍, ചെരിപ്പു മാത്രമല്ല കാലും മുറിക്കേണ്ടിവരുമെന്നു തീര്‍ച്ച.
ഇസ്‌ലാമിക ശരീഅത്തിന്റെ സംരക്ഷണത്തിനു വേണ്ടി നിയമനിര്‍മാണസഭയിലടക്കമുള്ള പോരിടങ്ങളില്‍ നിലകൊണ്ട ഖാഇദേ മില്ലത്ത്, ബാഫഖി തങ്ങള്‍, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, ശിഹാബ് തങ്ങള്‍ തുടങ്ങിയവരുടെ പിന്‍മുറക്കാരില്‍നിന്ന് ഇത്തരം പ്രവണതകളുണ്ടാകുമ്പോള്‍ സഹതപിക്കാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."