മത്സരപ്പരീക്ഷയ്ക്കു കുട്ടികളെ പ്രാപ്തരാക്കാന്‍ അധ്യാപക ബാങ്കിലുള്ളവരെ നിയോഗിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: വിവിധ മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നതിനു കുട്ടികളെ പ്രാപ്തരാക്കാന്‍ അധ്യാപക ബാങ്കിലുള്ളവരെ നിയോഗിക്കുന്ന കാര്യം പരിഗണിക്കണമെന്ന് നിര്‍ദേശം. യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച നിയമസഭാ സമിതിയാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നത്. കടുത്ത മത്സരപ്പരീക്ഷകളുള്ള കാലഘട്ടത്തിലൂടെയാണ് കുട്ടികള്‍ കടന്നുപോകുന്നത്. ഹൈസ്‌കൂള്‍, പ്ലസ് ടു തലങ്ങളില്‍ വിവിധ മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം നേടുന്നവര്‍ക്കു മാത്രമേ പ്രൊഫഷണല്‍ വിദ്യാഭ്യാസമുള്‍പ്പെടെയുള്ള ഉന്നത പഠനത്തിന് അര്‍ഹത ലഭിക്കുന്നുള്ളൂ എന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അധ്യാപക ബാങ്കിലുള്ളവരുടെ സേവനം എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍മാരായും കോ- ഓര്‍ഡിനേറ്റര്‍മാരായും നിലവില്‍ പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇത് പ്രയോജനപ്പെടത്തക്ക രീതിയില്‍ കാര്യക്ഷമമായ പദ്ധതികള്‍ ഒന്നും ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
പി.എസ്.സി മുഖേനയല്ലാതെ വരുന്ന എയ്ഡഡ് അധ്യാപകരെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിയമിക്കുന്നത് സംവരണ തത്വത്തെ പ്രതികൂലമായി ബാധിക്കുന്നതായും സമിതി വിലയിരുത്തുന്നു.
എയ്ഡഡ് സ്ഥാപനങ്ങളിലെ ഗസ്റ്റ് നിയമനങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് സമിതിയെ തെളിവെടുപ്പു വേളയില്‍ അറിയിച്ചിരുന്നു. ഇതുള്‍പ്പെടെ പരിശോധിച്ചാണ് സമിതിയുടെ വിലയിരുത്തലുകള്‍. വര്‍ഷാവര്‍ഷം നിരവധി നിയമനങ്ങള്‍ നടക്കാറുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണതത്വം ഒട്ടും തന്നെ പാലിക്കപ്പെടുന്നില്ലെന്നും സാമൂഹിക വ്യവസ്ഥിതിക്കനുസൃതമായ സംവരണതത്ത്വം ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. ഇത് നീതിനിഷേധമാണെന്നും സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളോടുള്ള കടുത്ത അവഗണയാണെന്നുമാണ് സമിതിയുടെ നിരീക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."