മുസ്‌ലിം ലീഗ് ദേശീയതലത്തില്‍ 'സേവ് സെക്യുലറിസം സേവ് ഇന്ത്യ' കാംപയിന്‍ നടത്തും
മലപ്പുറം: ഇന്ത്യയില്‍ മതേതര പാര്‍ട്ടികളെ ശക്തിപ്പെടുത്താനും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ സജീവമായ ഇടപെടലും ലക്ഷ്യമിട്ട് മുസ്‌ലിം ലീഗ് ദേശീയ തലത്തില്‍ 'സേവ് സെക്യുലറിസം സേവ് ഇന്ത്യ' കാംപയിന്‍ നടത്തും. മലപ്പുറത്ത് ചേര്‍ന്ന പാര്‍ട്ടി ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
പാര്‍ട്ടിയെ വളര്‍ത്തുന്നതിനുവേണ്ടി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിവിധ പരിപാടികള്‍ നടത്താനും യോഗത്തില്‍ തീരുമാനിച്ചതായി ദേശീയ പ്രസിഡന്റ് പ്രഫ. ഖാദര്‍ മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താന്‍ ലീഗ് മുന്നിലുണ്ടാകും.
സുപ്രിംകോടതിയുടെ മുത്വലാഖ് വിധിയെ മറയാക്കി ബി.ജെ.പി അവരുടെ അജന്‍ഡകള്‍ നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കും.
മറ്റു മുസ്‌ലിം സംഘടനകളുമായും പേഴ്‌സനല്‍ ലോ ബോര്‍ഡുമായും ചര്‍ച്ച ചെയ്ത് ശരീഅത്തില്‍ ഇടപെടാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കും. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിനുവേണ്ടി സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെയും മറ്റു മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് എതിര്‍ക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയ നേതാക്കള്‍ പര്യടനം നടത്തും.
ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തല്‍, പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കല്‍, ജീവകാരുണ്യമേഖലയിലെ സജീവ ഇടപെടല്‍ എന്നീ കാര്യങ്ങള്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ലീഗ് ദേശീയ തലത്തില്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണു ദേശീയ തലത്തിലുള്ള കാംപയിനെന്നും നേതാക്കള്‍ പറഞ്ഞു. ദേശീയ സെക്രട്ടേറിയറ്റ് യോഗം മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, എസ്. നഈം അക്തര്‍ (ബിഹാര്‍), ദസ്തഖീര്‍ അഖ(കര്‍ണാടക), കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."