ദിലീപിന്റെ ഓണം അഴിക്കുള്ളില്‍തന്നെ; 'ആരാധകക്കൂട്ടം' നിരാശയില്‍
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ സിനിമാ നടന്‍ ദിലീപിന് ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ചതോടെ താരത്തിനൊപ്പം 'ആരാധകക്കൂട്ടവും' നിരാശയിലായി. ഒപ്പം, താരത്തിന്റെ ഓണം അഴിക്കുള്ളിലാകുമെന്നും ഉറപ്പായി. ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചതാണെങ്കിലും ഇക്കുറി ഉറപ്പായും ജാമ്യംകിട്ടുമെന്ന അതിരറ്റ ആത്മവിശ്വാസത്തിലായിരുന്നു താരത്തിന്റെ ആരാധകര്‍. ജാമ്യത്തിലിറങ്ങുന്ന ദിലീപിന് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ഒരുക്കങ്ങള്‍വരെ അണിയറയില്‍ നടന്നു. എന്നാല്‍, പ്രതീക്ഷകളെല്ലാം തകിടം മറിക്കുന്നതായി ഹൈക്കോടതി വിധി.
ഓണത്തിന് 'നിറഞ്ഞ് നില്‍ക്കുക' എന്ന ശൈലിയായിരുന്നു എന്നും ദിലീപിന്റേത്. സിനിമയില്‍ സജീവമായി വരുന്ന കാലത്ത് തുടര്‍ച്ചയായി ഓണനാളുകളില്‍ കാസറ്റുകള്‍ ഇറക്കിക്കൊണ്ടായിരുന്നു തുടക്കം. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ടെലിവിഷന്‍ ചാനലുകളിലും പത്രങ്ങളുടെ ഓണം സ്‌പെഷല്‍ പതിപ്പുകളിലുമെല്ലാമാണ് നിറഞ്ഞുനിന്നിരുന്നത്. ജയിലിലായതോടെ ഇതെല്ലാം തകിടം മറിഞ്ഞു.
അതിനിടെ, ദിലീപിന് ജാമ്യം ലഭിച്ചാല്‍ വന്‍ വരവേല്‍പിന് ആരാധകക്കൂട്ടം പദ്ധതിയിട്ടിരുന്നതെന്ന് പൊലിസിന് സൂചന ലഭിച്ചു. ജയിലില്‍നിന്ന് ആനയിച്ച് വീട്ടിലെത്തിച്ചതിന് ശേഷം വിവിധ തിയറ്റര്‍ സമുച്ചയങ്ങളിലും ദിലീപിന്റെ സാന്നിധ്യം ഉറപ്പാക്കാനായിരുന്നു ശ്രമം.
ജാമ്യം സിനിമാലോകത്തിനും ആവശ്യമായിരുന്നു. ദിലീപിനെ നായകനാക്കി അന്‍പത് കോടിയോളം രൂപ മുതല്‍ മുടക്കുള്ള വിവിധ സിനിമകളുടെ ജോലിയാണ് മുടങ്ങിക്കിടക്കുന്നത്.
ദിലീപ് ജയിലിലാവുകയും മറ്റ് ചിലര്‍ക്കെതിരേ സംശയമുന നീളുകയും ചെയ്തതോടെ മലയാള സിനിമാ രംഗത്ത് മൊത്തത്തില്‍ മ്ലാനതയുണ്ട്. സാധാരണ ഗതിയില്‍ പ്രധാന സിനിമകള്‍ റിലീസാകുന്ന സമയമാണ് ഓണക്കാലം. എന്നാല്‍, ഇക്കുറി മിക്ക നിര്‍മാതാക്കളും ആശയങ്കയിലാണ്. മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ പൊതുജനത്തിനിടയില്‍ ശക്തമായിരിക്കുന്ന പ്രതിഷേധം ഓണം റിലീസിനെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് അവര്‍.
ദിലീപിനെതിരേ കുറ്റപത്രം മൂന്നാഴ്ചക്കുള്ളില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അന്വേഷണസംഘം മൂന്നാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. കേസിലെ പ്രധാന തെളിവുകളായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്തിയിട്ടില്ലായെന്നത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തടസമാകില്ല എന്ന നിയമോപദേശം പൊലിസിന് ലഭിച്ചു. കേസിലെ പതിനൊന്നാം പ്രതിയാണ് ദിലീപ്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയെ ബോധിപ്പിച്ചു. നിശ്ചിത പരിധിയായ 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം നല്‍കുന്നതിനാല്‍ ചട്ടമനുസരിച്ചുള്ള ജാമ്യത്തിന് ദിലീപ് അര്‍ഹനല്ല. അന്വേഷണം നിര്‍ണായ ഘട്ടത്തിലാണെന്ന വാദം അംഗീകരിച്ച കോടതി ദിലീപിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.
ദിലീപിനെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത് നിര്‍ണായക തെളിവുകള്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരേ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത് നിര്‍ണായക തെളിവുകള്‍.
ആലുവ പൊലിസ് ക്ലബില്‍ ചോദ്യം ചെയ്യലിനിടെ പള്‍സര്‍ സുനി ദിലീപിന് അയച്ച ശബ്ദ സന്ദേശമടങ്ങുന്ന തെളിവുകളാണ് ഇത്തവണ മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കിയിരിക്കുന്നത്.'ദിലീപേട്ടാ കുടുങ്ങി' എന്ന ശബ്ദ സന്ദേശമാണ് ഇതില്‍ ഏറെ നിര്‍ണായകം.
കേസില്‍ അറസ്റ്റിലായ ഉടന്‍ പള്‍സര്‍ സുനിയെ ആലുവ പൊലിസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്നപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു പൊലിസുകാരനെ സ്വാധീനിച്ചു കൈക്കലാക്കിയ ഫോണില്‍നിന്നാണ് സുനി ദിലീപിന് ഇത്തരത്തില്‍ ശബ്ദ സന്ദേശം അയച്ചത്. കൂടാതെ ദിലീപിനെയും കാവ്യയേയും വിളിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
പിന്നീട് കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലേക്കും ഇതേ പൊലിസുകാരന്റെ സഹായത്തോടെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. ഇതു കൂടാതെ പൊലിസുകാരന്‍ സ്വന്തം നിലയ്ക്ക് ദിലീപിനെയും കാവ്യയെയും വിളിക്കാന്‍ ശ്രമിച്ചതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു.
തൃശൂരിലെ ഒരു കോയിന്‍ ബൂത്തില്‍നിന്ന് പൊലിസുകാരന്‍ ലക്ഷ്യയിലേക്ക് വിളിച്ചതിന്റെ തെളിവുകള്‍ പൊലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട അന്വേഷണം വഴിതെറ്റിക്കാന്‍ പൊലിസുകാരന്‍ തന്നെ സിംകാര്‍ഡ് നശിപ്പിച്ചുകളഞ്ഞെങ്കിലും അന്വേഷണവുമായി അന്വേഷണ സംഘം മുന്നോട്ടുപോയി. ഇതോടെ കുടുങ്ങുമെന്നു ബോധ്യമായ സമയത്ത് പൊലിസുകാരന്‍ മാപ്പപേക്ഷയോടൊപ്പം നടന്ന സംഭവങ്ങള്‍ അന്വേഷണ സംഘത്തെ എഴുതി അറിയിച്ചെന്നാണ് സൂചന. ഈ പൊലിസുകാരന്റെ മാപ്പപേക്ഷയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങളും വിളിച്ചതിന്റെ ടെലിഫോണ്‍ രേഖകളും അന്വേഷണ സംഘം നിര്‍ണായക രേഖകളായി മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സുനിയെ പരിചയമില്ല എന്ന ദിലീപിന്റെ വാദം പ്രോസിക്യൂഷന്‍ പൊളിച്ചത് ഇതടക്കമുള്ള നിര്‍ണായക തെളിവുകള്‍ നിരത്തിയാണ്.
പ്രധാന തൊണ്ടിയായ മൊബൈല്‍ഫോണും മെമ്മറി കാര്‍ഡും കണ്ടെടുക്കാനാവാത്തതും ദിലീപിന് സുനിയുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പുതിയ തെളിവുകളും പരിഗണിച്ചാണ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."