വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നത് വിവാഹ ബന്ധത്തെ അസ്ഥിരമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വൈവാഹിക ബലാത്സംഗം കുറ്റകരമാക്കുന്നത് വിവാഹ ബന്ധത്തെ അസ്ഥിരമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍. ഭര്‍ത്താവിന്റെ ലൈംഗീക പീഡനം ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ആര്.ഐ.ടി ഫൗണ്ടേഷനും ഓള് ഇന്ത്യ ഡെമോക്രാറ്റിക് വിമന്‍സ് അസോസിയേഷനും സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
വൈവാഹിക ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റകൃത്യമാക്കാന്‍ കഴിയില്ല. അത് വിവാഹ സമ്പ്രദായത്തെ അസ്ഥിരപ്പെടുത്തുന്നതും ഭര്ത്താക്കന്മാരെ എളുപ്പത്തില്‍ ശല്ല്യംചെയ്യാനുള്ള ഉപകരണമായി മാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ അന്ധമായി പിന്തുടരരുതെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം കൂടി തേടണമെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രതയില്ലാത്തതും സമൂഹത്തിന്റെ മനഃസ്ഥിതിയും ഓരോ സംസ്ഥാനങ്ങളുടെയും സംസ്കാരത്തിലുള്ള നാനാത്വവും ദാരിദ്ര്യവും ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതിന് തടസമാണ്. ഭാര്യാ ഭര്‍തൃ ബന്ധം ഏതു രീതിയിലാണെന്നതിന് നിലനില്‍ക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സില്‍ മോണിക്ക അറോറ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."