അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയില്‍ വിലയില്‍ തകര്‍ച്ച: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു
ന്യൂഡല്‍ഹി: അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ധനവിനെതിരേ ജനങ്ങളില്‍ നിന്നുണ്ടാകുന്ന പ്രതിഷേധം ഇല്ലാതാക്കാനാണ് വില ദിനംപ്രതി പരിഷ്‌കരിക്കുന്ന സമ്പ്രദായത്തിലേക്ക് എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചതെന്ന് വിമര്‍ശം.
ദിവസവും വിലയില്‍ മാറ്റമുണ്ടാക്കുന്ന രീതിയെ ആരും അത്ര ഗൗരവത്തില്‍ എടുക്കില്ല. മാസത്തിലോ അല്ലെങ്കില്‍ ആഴ്ചയിലോ ഉണ്ടാകുന്ന കുത്തനെയുള്ള വര്‍ധനവാണ് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഈ തിരിച്ചറിവാണ് വില ദിനംപ്രതി മാറ്റുന്ന നിലയിലേക്ക് എത്തിച്ചതെന്നും ആരോപിക്കപ്പെടുന്നു. കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ ഈ രീതി നിലവില്‍വന്ന ശേഷം പെട്രോള്‍ വിലയില്‍ ഇതുവരെ ലിറ്ററിന് 5.64 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഡീസല്‍ വിലയില്‍ ലിറ്ററിന് 3.72 രൂപയുംവര്‍ധിച്ചു.
അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വര്‍ധനവുണ്ടാകാതിരുന്നിട്ടും ഇന്ത്യയില്‍ വിലവര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ജൂലൈ ഒന്നുമുതല്‍ ബാരലിന് 47.07 ഡോളര്‍ മുതല്‍ 48.41 ഡോളര്‍ വരെ വില ഉയര്‍ന്നെങ്കിലും ഈ മാസം 28 മുതല്‍ ബാരലിന് 46.62ലേക്ക് വില താഴ്ന്നിട്ടുണ്ട്. ഇത് ഇന്ത്യയില്‍ ബാധിക്കുന്നില്ലെന്നത് ഇക്കാര്യത്തില്‍ എണ്ണക്കമ്പനികളും സര്‍ക്കാരും നടത്തുന്ന കൊള്ളയാണെന്ന് സാമ്പത്തിക വിദഗ്ധര്‍പോലും ചൂണ്ടിക്കാട്ടുന്നു. ഇന്നലെ ക്രൂഡ് ഓയില്‍ വിലയില്‍ 13 ശതമാനത്തിന്റെ കുറവാണ് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രേഖപ്പെടുത്തിയത്.
ജൂണ്‍ 15ന് മുന്‍പ് രാജ്യത്തെ എണ്ണക്കമ്പനികള്‍ രണ്ടാഴ്ചയിലൊരിക്കലായിരുന്നു വില പരിഷ്‌കരിച്ചിരുന്നത്. ദിവസവും വില പരിഷ്‌കരിക്കുകയെന്നത് അന്താരാഷ്ട്ര വിപണി വിലക്കനുസരിച്ചാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ വില പരിഷ്‌കരണം വന്നശേഷം ഇതുവരെ വിലയില്‍ കുറവുവന്നിട്ടില്ലെന്ന് മാത്രമല്ല കുതിച്ചുയരുകയാണ് ചെയ്യുന്നത്.
ഇന്നലെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 68.73 രൂപയും ഡീസലിന് 57.05 രൂപയുമാണ്. ജൂലൈ ഒന്നിന് പെട്രോളിന് ലിറ്ററിന് 63.09ഉം ഡീസലിന് 53.33ഉം ആയിരുന്ന സ്ഥാനത്താണ് വില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് എത്തുമ്പോള്‍ വിലയില്‍ വീണ്ടും വര്‍ധനവ് വരും. ഇന്നലെ കേരളത്തില്‍ പെട്രോളിന് ലിറ്ററിന് ശരാശരി 73 രൂപയ്ക്കടുത്തും ഡീസലിന് 60 രൂപക്ക് മുകളിലും കടന്നിട്ടുണ്ട്.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്നിട്ടും ഇന്ത്യയില്‍ വില വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. 2008ല്‍ ഏറ്റവും ഉയര്‍ച്ചയിലെത്തിയിരുന്നപ്പോള്‍ ഇന്ത്യയില്‍ ബാരലിന് 132.47 ഡോളറായിരുന്നുവെന്നാണ് പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനലൈസിസ് സെല്‍ പറയുന്നു. ഈ വര്‍ഷം ജൂണ്‍ ആയപ്പോള്‍ 65 ശതമാനം വില താഴ്ന്ന് ബാരലിന് 46.56 ഡോളറായി. വില ഉയര്‍ന്നു നിന്ന 2008 ജൂണില്‍ മുംബൈയില്‍ പെട്രോള്‍ വില 55.04 രൂപയായിരുന്നെങ്കില്‍ വില കുത്തനെ ഇടിഞ്ഞ ജൂണില്‍ 78.44 രൂപയായി ഉയര്‍ന്നിരിക്കുകയാണ്.
അതേസമയം ഇന്ധന വില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുതിച്ചു കയറ്റമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരായ പ്രതിഷേധം രാജ്യത്ത് ഇതുവരെ ഉയര്‍ന്നിട്ടില്ല. പ്രതിദിന വിലപരിഷ്‌കരണമെന്ന എണ്ണക്കമ്പനികളുടെ തന്ത്രമാണ് പ്രതിഷേധത്തിന്റെ മുനയൊടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."