കളമശ്ശേരിയിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്; പഴകിയ ഭക്ഷണവും പച്ചക്കറികളും പിടികൂടി
കളമശ്ശേരി: നഗരസഭയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും സൂപ്പര്‍മാര്‍ക്കറ്റുരകളിലും ആരോഗ്യവകുപ്പ് നടത്തിയ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി.
നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസ്സി പീററിന്റെ നിര്‍ദ്ദേശപ്രകാരം റൂറല്‍ ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ നഗരസഭയുടെ പൊതു മാര്‍ക്കറ്റിലും ഹോട്ടലുകളിലും പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലാണ് മാര്‍ക്കറ്റിലെ ഇറച്ചി, മത്സ്യക്കടകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. അറവുമാടുകളുടെ രക്തം മാര്‍ക്കറ്റിലും പരിസരത്തും തളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഒരു ഇറച്ചിക്കട ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു.
പാരഡൈസ് ഹോട്ടലില്‍ നിന്നും പഴകിയ ചെമ്മീന്‍ ഫ്രൈ, ചിക്കന്‍ കറി, ഗ്രീന്‍പീസ് എന്നിവയും മെസ്ബാന്‍ ഹോട്ടലില്‍ നിന്ന് പഴകിയ ചിക്കന്‍ കറിയും അല്‍ഫലയില്‍ നിന്ന് പഴകിയ കറിയും പിടിച്ചു. ഇഫ്താര്‍ ഹോട്ടലില്‍ നിന്നും പഴകിയ പഴങ്ങള്‍, ചിക്കന്‍കറി എന്നിവയും ഹോട്ടല്‍ ബ്രദേഴ്‌സില്‍ നിന്നും പഴകിയ ചിക്കന്‍കറിയും പിടികൂടി നശിപ്പിച്ചു. ബ്രദേഴ്‌സ് ഹോട്ടലിലെ കുടിവെള്ള ടാങ്കില്‍ ചത്ത പാറ്റയെ കണ്ടെത്തി.
മിക്ക ഹോട്ടലിലേയും തൊഴിലാളികള്‍ ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ്. ഇവര്‍ക്കാര്‍ക്കും ആരോഗ്യവകുപ്പ് നല്‍കുന്ന ഹെല്‍ത്ത് കാര്‍ഡ് ഇല്ല. പരിശോധനയില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.ടി ശ്രീധരന്‍, ഹെല്‍ത്ത് ഇന്‍പെക്ടര്‍മാരായ എ.എസ് നവാസ്, കെ.പി സന്തോഷ്, പി.സാബു തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി എസ്.നാരായണന്റെ നേതൃത്വത്തിലും പരിശോധന നടന്നു. ഈ പരിശോധനയില്‍ കൊച്ചില്‍ ദര്‍ബാറില്‍ നിന്നും പഴകിയ ചോറ്, ചിക്കന്‍, ന്യൂഡില്‍സ്, ചില്ലി ചിക്കന്‍, ചപ്പാത്തി എന്നിവ പിടിച്ചു.
ഹോട്ടല്‍ താളില്‍ നിന്നും പഴകിയ കടല പുഴുങ്ങിയതും ഹോട്ടല്‍ ശരവണഭവനില്‍ നിന്നും പഴകിയ എണ്ണയും കണ്ടെടുത്തു. കെ.ആര്‍ ബേക്കറിയില്‍ നിന്നും പഴകിയ പൊറോട്ട, മീന്‍,ഇറച്ചി, എന്നിവയും ടി.സോണില്‍ നിന്ന് പഴകിയ പാലും ഇടപ്പള്ളി ടോളില്‍ നിന്നും പഴകിയ വെണ്ടക്ക, പയര്‍, കൊത്തമര, പാവയ്ക്ക എന്നിവയും പിടികൂടി.
ഇവയെല്ലാം കളമശ്ശേരി നഗരസഭാ മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചു. പരിശോധനയ്ക്ക് നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രസാദ്, ശശികുമാര്‍ എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."