സ്വാശ്രയ മാനേജ്‌മെന്റുകള്‍ ബാങ്ക് ഗ്യാരന്റിക്കായി ശാഠ്യം പിടിക്കരുതെന്ന് മുഖ്യമന്ത്രി
കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി
ആലപ്പുഴ: മെഡിക്കല്‍ കോളേജ് പ്രവേശനത്തിന് സ്വാശ്രയ മാനേജ്‌മെന്റുകള്‍ ബാങ്ക് ഗ്യാരന്റിക്കുവേണ്ടി ആരെയും നിര്‍ബന്ധിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അര്‍ഹതയുള്ളവരെ ബാങ്ക് ഗ്യാരന്റി ഇല്ലാതെ പ്രവേശിപ്പിക്കണം. പ്രവേശന ഫീസുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ ബാങ്കുകളുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റി ഉള്‍പ്പെടെ 11 ലക്ഷം രൂപ പ്രവേശന ഫീസ് നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പേരില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ല. വിഷമഘട്ടത്തില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാവും.
ഉത്തരവ് വന്നാലുടന്‍ ബാങ്ക് ഗ്യാരന്റി ഇല്ലാതെ പ്രവേശനം നടത്തണമെന്ന് സ്വാശ്രയ മാനേജ്‌മെന്റുകളോട് അഭ്യര്‍ഥിച്ചിരുന്നു. ക്രൈസ്തവ മാനേജ്‌മെന്റും പരിയാരം മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റും ഈ അഭ്യര്‍ഥന സ്വീകരിച്ചു. മറ്റ് രണ്ട് മാനേജ്‌മെന്റുകള്‍ കൂടി അഞ്ചു ലക്ഷം രൂപ മാത്രം ഫീസായി വാങ്ങി പ്രവേശനം നടത്താന്‍ സമ്മതിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. വസ്തു ഈട് , മാര്‍ജിന്‍ മണി, തേര്‍ഡ് പാര്‍ട്ടി ഗ്യാരന്റി എന്നിവ വാങ്ങരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ഇക്കാര്യത്തില്‍ എന്തെങ്കിലും തടസമുണ്ടായാല്‍ സര്‍ക്കാര്‍ ഇടപെടും. ഫീസ് നിശ്ചയിക്കാനുള്ള ഫീസ് റെഗുലേറ്ററി കമ്മിഷന്‍ അവസാന ഫീസ് എന്താണെന്ന് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് അറിവ്. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ദുര്‍ബലപ്പെടാന്‍ പാടില്ല.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2020 ഓടെ 4824 നഴ്‌സിംഗ് തസ്തികകള്‍ നിലവില്‍ വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.ജി.എന്‍.എ പ്രസിഡന്റ് സുബ്രഹ്്മണ്യന്‍ അധ്യക്ഷതവഹിച്ചു. ആരോഗ്യമന്ത്രി കെ.കെ. ഷൈലജ മുഖ്യപ്രഭാഷണം നടത്തി. സജി ചെറിയാന്‍, ടി. ഉഷാകുമാരി, എം.എല്‍.എമാരായ എ.എം ആരിഫ്, കെ.കെ രാമചന്ദ്രന്‍, ആര്‍. രാജേഷ്, പ്രതിഭാഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."