പൊലിസുകാരന്റെ ദുരൂഹമരണം: അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ രംഗത്ത്
തൊടുപുഴ: അടിമാലി പൊലിസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫീസറുടെ മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്ന ആവശ്യവുമായി കുടുംബാംഗങ്ങള്‍ രംഗത്ത്. ഭര്‍ത്താവിന്റെ സഹപ്രവര്‍ത്തകനായിരുന്ന എഎസ്‌ഐ സന്തോഷ് ലാലിന് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും കുടുംബാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിമാലി സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറായിരുന്ന കഞ്ഞിക്കുഴി കണിയാംപറമ്പില്‍ കെ.എസ് റെജിയുടെ മരണത്തില്‍െ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയെന്ന് ഭാര്യ രോഷ്‌നി പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി ഗണക സമുദായ സംഘടനാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സിലും രൂപികരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 11ന് വീട്ടില്‍ നിന്ന് പോയ ഭര്‍ത്താവിനെ 14ന് ആത്മഹത്യശ്രമത്തെ തുടര്‍ന്ന് പാലക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് രോഷ്‌നിക്ക് വിവരം ലഭിച്ചത്. കുടുംബാംഗങ്ങള്‍ അവിടെയെത്തിയെങ്കിലും 22ന് റെജി മരിച്ചു. കടബാധ്യതയെ തുടര്‍ന്നാണ് റെജി ആത്മഹത്യ ചെയ്തതെന്നാണ് പൊലിസ് പറയുന്നത്.
എന്നാല്‍ വീട് വാങ്ങാന്‍ എടുത്ത വായ്പയല്ലാതെ മറ്റു കടബാധ്യതകള്‍ റെജിക്ക് ഉണ്ടായിരുന്നില്ലെന്ന് രോഷ്‌നി പറയുന്നു. വായ്പാ തുക കൃത്യമായി ശമ്പളത്തില്‍ നിന്ന് അടച്ചിരുന്നു. കൂടെ ജോലി ചെയ്തിരുന്നവരില്‍ നിന്ന് മാനസീകപീഡനംഏറ്റതിനെ തുടര്‍ന്ന് റെജി ആത്മഹത്യ ചെയ്തതെന്നാണ് സംശയമെന്ന് ഭാര്യ പറഞ്ഞു.
അടിമാലി സ്‌റ്റേഷനിലെ എ.എസ്.ഐ സന്തോഷ് ലാലും റെജിയുമായി ചില പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. റെജിയുമായി ബന്ധപ്പെട്ട ഒരു വാട്‌സാപ്പ് പ്രചാരണത്തിന്റെ പേരിലായിരുന്നു ഇത്. ഇതുമൂലം സമീപകാലത്തായി റെജി മാനസിക ബുദ്ധിമുട്ടിലായിരുന്നു.
വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പേരില്‍ ഈ എ.എസ്.ഐ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്. എ.എസ്.ഐയുമായുള്ള പ്രശ്‌നങ്ങളിലായിരിക്കാം ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന സംശയമാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്. വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന്‍ അടിമാലി സ്‌റ്റേഷനില്‍ നിന്ന് സമ്മര്‍ദമുണ്ടായെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. അടിമാലി സ്റ്റേഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഈ കേസ് ഒതുക്കാന്‍ ശ്രമിക്കുന്നതായും കുടുംബാംഗങ്ങള്‍ സംശയിക്കുന്നു.
റെജിയുടെ ഭാര്യ രോഷ്‌നിക്കു പുറമെ ജ്യേഷ്ഠ സഹോദരന്‍ ഹരിദാസ്, ഗണക സമുദായ സംസ്ഥാന സെക്രട്ടറി സുമേഷ് ശാന്തിമഠം, രോഷ്‌നിയുടെ സഹോദരിമാരായ രജനി, അജിത എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."