കോട്ടയത്തിന് ആവേശമായി ഹാഫ് മാരത്തണ്‍
കോട്ടയം: ലോകഹോക്കിയിലെ ഇതിഹാസ താരമായിരുന്ന ഹോക്കി മാന്ത്രികന്‍ മേജര്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമായ ഓഗസ്റ്റ് 29ന് ദേശീയ കായികദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹാഫ് മാരത്തണ്‍ ആവേശമായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സെയിന്റ് ഗിറ്റ്‌സ് ഇന്‍സ്റ്റിട്യൂഷന്‍സും സംയുക്തമായി ആതിഥ്യമരുളിയ മാരത്തണ്‍, ഇന്നലെ വെകിട്ട് നാലിന് കോട്ടയം പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നിന്ന് ജില്ലാ പൊലിസ് എ.ആര്‍ ക്യാംപ് അസിസ്റ്റന്റ് കമാന്‍ഡന്റ് ജി. അശോക കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചെത്തിയ യുവജനങ്ങളും കായികതാരങ്ങളും കോട്ടയത്ത് ആദ്യമായി നടന്ന മാരത്തണിന് ശക്തമായ പിന്തുണയേകി. സെയിന്റ്ഗിറ്റ്‌സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സിന്റെ കീഴിലുള്ള കലാലയങ്ങളിലെ കുട്ടികളും അധ്യാപകരും അനധ്യാപകരും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഭാഗമായുള്ള കായികതാരങ്ങളുമടക്കം ആയിരത്തോളം പേര്‍ ഹാഫ് മാരത്തണില്‍ പങ്കെടുത്തു. കഞ്ഞിക്കുഴി, മാന്നാനം, പുതുപ്പള്ളി, ഞാലിയാകുഴി, വാകത്താനം വഴി കടന്നുപോയ മാരത്തണ്‍ സെയിന്റ്ഗിറ്റ്‌സ് കാംപസില്‍ സമാപിച്ചു. മാരത്തണിന്റെ സുഗമമായ നടത്തിപ്പിനായി പതിനൊന്ന് കേന്ദ്രങ്ങളില്‍ സഹായകേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. മാരത്തണ്‍ കടന്നു പോയ വീഥികളില്‍ മത്സരം കാണുന്നതിനായി പൊതുജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴില്‍ പരിശീലനം നടത്തുന്ന കായികതാരങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. എസ്. ജിജില്‍ (സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി), നിജിന്‍ രവിചന്ദ്രന്‍ (സി.എം.എസ് കോളജ് കോട്ടയം), അജിത് കെ റെജി (സെന്റ് ഡൊമിനിക്‌സ് കോളജ്, കാഞ്ഞിരപ്പള്ളി) എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തത്. ഇവര്‍ക്ക് യഥാക്രമം 5000 രൂപ, 4000 രൂപ, 3000 രൂപ സമ്മാനമായി ലഭിച്ചു.
കൂടാതെ നിശ്ചിത സമയത്തിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കിയ എല്ലാവര്‍ക്കും 2000 രൂപ പ്രോത്സാഹന സമ്മാനമായി ലഭിച്ചു. മാരത്തണില്‍ പങ്കെടുത്ത എഴുപത്തിമൂന്നുകാരനും മുന്‍ കൗണ്‍സിലറും എം.ടി സെമിനാരി സ്‌കൂളിന്റെ മുന്‍ ഹെഡ്മാസ്റ്ററുമായിരുന്ന എം.ടി സാമുവലല്‍ നിശ്ചിത സമയത്തിനകം ഫിനിഷ് ചെയ്തത് യുവാക്കള്‍ക്കാകെ പ്രചോദനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."