കനത്ത മഴയില്‍ വീട് തകര്‍ന്നു: വീട്ടമ്മയും മക്കളും ഇനി കണ്ണീര്‍മഴയത്ത്
മുള്ളേരിയ: ശക്തമായ മഴയില്‍ വീടു തകര്‍ന്നതിനെ തുടര്‍ന്നു നിര്‍ധന കുടുംബം പെരുവഴിയിലായി. അപകടത്തില്‍ വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു. വീടു തകര്‍ന്നതോടെ കുടുംബം കോരിച്ചൊരിയുന്ന മഴയില്‍ നിന്നു രക്ഷപ്പെടാന്‍ ഇടമില്ലാതെ കണ്ണീരില്‍ കഴിയുകയാണ്.
മുളിയാര്‍ പഞ്ചായത്ത് കോപ്പാളം കൊച്ചിയിലെ പരേതനായ ബാബുവിന്റെ ഭാര്യ സുഗന്ധിയും മകളും ചെറുമകളും താമസിക്കുന്ന ഒറ്റമുറി വീടാണു കഴിഞ്ഞ ദിവസം വൈകുന്നേരം ശക്തമായ മഴയില്‍ തകര്‍ന്നത്. വീടിനകത്തുണ്ടായിരുന്ന സുഗന്ധി, മകള്‍ സരസ്വതി, മറ്റൊരു മകള്‍ പ്രസന്നയുടെ മകളും വിദ്യാര്‍ഥിനിയുമായ പ്രതിഭ എന്നിവര്‍ക്കാണു പരുക്കേറ്റത്.
ഇവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുഗന്ധിയുടെ ഭര്‍ത്താവ് ബാബു വര്‍ഷങ്ങള്‍ക്കു മുമ്പേ തളര്‍വാതം പിടിപ്പെട്ടു മരണപ്പെടുകയായിരുന്നു. അതിനു ശേഷം മക്കളായ മക്കളായ സുരേഷ്, സരസ്വതി, പ്രസന്ന, സുനില്‍ കുമാര്‍, ചന്ദ്രന് എന്നിവരുടെ സംരക്ഷണം സുഗന്ധിയുടെ ചുമലിലായി. ഒറ്റ മുറി വീട്ടിലാണ് ഇത്രയുംപേര്‍ താമസിക്കുന്നത്.
വീട് നിര്‍മിക്കുന്നതിനായി പഞ്ചായത്തില്‍ നിന്നു 2009 സാമ്പത്തിക വര്‍ഷത്തില്‍ ധനസഹായം അനുവദിച്ചിരുന്നുവെങ്കിലും പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സ്വന്തം നിലയില്‍ വീട് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നു കണ്ണീരോടെ സുഗന്ധി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."