പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടുള്ള എതിര്‍പ്പ്: വ്യവസായ-വാണിജ്യവകുപ്പ് ഡയരക്ടറാകാന്‍ ഐ.എ.എസുകാര്‍ക്ക് മടി
കൊല്ലം: സംസ്ഥാന വ്യവസായ-വാണിജ്യവകുപ്പ് ഡയറരക്ടറേറ്റില്‍ ഡയറക്ടരാകാന്‍ ഐ.എ.എസുകാര്‍ക്ക് മടി. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണിയോടുള്ള ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പാണ് കഴിഞ്ഞ ആറുമാസത്തോളമായി ഡയരക്ടര്‍ പദവി ഒഴിഞ്ഞുകിടക്കാന്‍ കാരണമെന്നാണ് വിവരം.
ഇതിനെത്തുടര്‍ന്ന് രണ്ട് അഡി.ഡയരക്ടര്‍മാര്‍,രണ്ട് ജോയിന്റ് ഡയരക്ടര്‍മാര്‍, നാല് ഡെ.ഡയരക്ടര്‍മാര്‍ ഉള്‍പ്പെടെ 160 ജീവനക്കാരുള്ള തിരുവനന്തപുരത്തെ ഡയരക്ടറേറ്റ് നാഥനില്ലാകളരിയായി മാറി.
സര്‍ക്കാര്‍ സാധാരണയായി വ്യവസായ-വാണിജ്യവകുപ്പില്‍ ഐ.എ.എസുകാരെയാണ് ഡയരക്ടര്‍മാരായി നിയമിക്കുന്നത്. പോള്‍ ആന്റണി,സി.എച്ച് കുര്യന്‍,ടി.ഒ സൂരജ്,പി.എം ഫ്രാന്‍സിസ് എന്നിവരായിരുന്നു നേരത്തേ ഡയരക്ടര്‍മാരായിരുന്നത്.
പി.എം ഫ്രാന്‍സിസ് വിരമിച്ചതോടെയാണ് ഡയരക്ടര്‍ സ്ഥാനത്തേക്ക് ഒഴിവുവന്നത്. പോള്‍ ആന്റണിയുടെ കീഴില്‍ ഡയരക്ടറായിരിക്കാന്‍ താല്‍പര്യമില്ലെന്ന് മിക്ക ഐ.എ.എസുകാരും മന്ത്രിയെ അറിയിച്ചിരുന്നു.
ഇതോടെ ഹൗസിങ് ബോര്‍ഡ് സെക്രട്ടറി കെ.എന്‍ സതീശന് ഡയരക്ടറുടെ അധിക ചുമതല നല്‍കുകയും ചെയ്തു. എന്നാല്‍ കെ.എന്‍ സതീശന്‍ അപൂര്‍വ്വമായി മാത്രമേ ഓഫിസില്‍ എത്താറുള്ളു എന്നാണ് പരാതി.
ഓഫിസ് ജീവനക്കാരന്‍ വഴി ഫയലുകള്‍ തീര്‍പ്പാക്കാന്‍ സ്വന്തം കാര്യാലയത്തിലേക്ക് കൊണ്ടുപോകുകയാണ് പതിവ്. താല്‍ക്കാലിക ചുമതലയുള്ള ഡയരക്ടറായതിനാല്‍ ഫയലുകള്‍ തീര്‍പ്പാക്കാന്‍ ഇദ്ദേഹത്തിന് നിയമപരമായി കഴിയുകയുകയുമില്ല. ഇതിനാല്‍ ഡയരക്ടറേറ്റില്‍ ഫയലുകള്‍ കുന്നുകൂടിയെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഡയരക്ടര്‍ ഇല്ലാതെ വന്നതോടെ ഡയരക്ടറേറ്റിലെ ഡെപ്യൂട്ടി ഡയരക്ടര്‍ സ്ഥിരം ഓഫിസില്‍ എത്താത്തതും വിമര്‍ശനത്തിന് കാരണമായിരുന്നു.
ഇതു അഡീഷനല്‍ ഡയരക്ടര്‍ ചോദ്യം ചെയ്തത് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള അസ്വാരസ്യത്തിന് കാരണമായതായി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."