ബാങ്ക് ഗ്യാരണ്ടി നല്‍കാത്ത കാരണത്താല്‍ അഡ്മിഷന് നഷ്ടമാവില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ബാങ്ക് ഗ്യാരണ്ടി നല്‍കാത്ത കാരണത്താല്‍ മാത്രം സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിന് അര്‍ഹതയുള്ള ഒരു വിദ്യാര്‍ഥിക്കും അഡ്മിഷന് നഷ്ടമാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരില് പഠന മികവുള്ളവര്‍ക്ക് മെഡിക്കല്‍ പ്രവേശനം സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും ഇതിനായി സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍.ആര്.ഐ സീറ്റില്‍ പ്രവേശനം നേടുന്നവരില്‍നിന്ന് അധികമായി വാങ്ങുന്ന അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് കോര്‍പ്പസ് ഫണ്ടിന് രൂപം നല്‍കും.
ബി.പി.എല്‍ വിഭാഗത്തില്‍നിന്ന് പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കാന് ഈ തുക ഉപയോഗിക്കും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്കു കൂടി ഈ പദ്ധതിയില്‍ സഹായം നല്കാന് ഉദ്ദേശിക്കുന്നുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ബി.പി.എല്‍ വിഭാഗത്തില്‍നിന്നുള്ള അര്‍ഹരായ കുട്ടികളെ സമിതി കണ്ടെത്തി കോര്‍പ്പസ് ഫണ്ടുപയോഗിച്ച് സ്കോളര്‍ഷിപ്പ് നല്‍കും.
ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഈ വിശദീകരണം രേഖപ്പെടുത്തി ഹരജി പരിഗണിക്കാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."