ഗുര്‍മീതിന് പകരം ദേര സച്ച സൗദയുടെ തലവനായി മകനെ തെരഞ്ഞെടുത്തു
ചണ്ഡീഗഡ്: പീഡനക്കേസില്‍ പ്രത്യേക സി.ബി.ഐ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചതോടെ അഴിക്കുള്ളിലായ ദേര സച്ച സൗദ അധ്യക്ഷന്‍ ഗുര്‍മീത് റാം സിങ്ങിന് പകരക്കാരനെ തെരഞ്ഞെടുത്തതായി അഭ്യൂഹം. സിര്‍സയിലെ ദേര ആസ്ഥാനത്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗുര്‍മീതിന്റെ മകന്‍ ജസ്മീത് ഇന്‍സാനെ സംഘടനയുടെ അധ്യക്ഷനാക്കിയതെന്നാണ് വിവരം.
ഗുര്‍മീത് ജയിലിലായതോടെ അദ്ദേഹത്തിന്റെ ദത്തുപുത്രിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ പപ്പയുടെ മാലാഖയെന്ന് സ്വയം വിശേഷിപ്പിച്ച ഹണിപ്രീത് കൗര്‍ ദേര സച്ച സൗദയുടെ അധ്യക്ഷയാകുമെന്നായിരുന്നു വിവരം. എന്നാല്‍ ഇത് തള്ളിയാണ് ചൊവ്വാഴ്ച തന്നെ ഗുര്‍മീതിന്റെ മകനെ അനുയായികള്‍ ദേര തലവനാക്കി അവരോധിച്ചതെന്നാണ് വിവരം.
സംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ രക്തച്ചൊരിച്ചിലുണ്ടാക്കാന്‍ ഇഷ്ടമില്ലെന്ന് ഇന്നലെ ചില അനുയായികള്‍ വ്യക്തമാക്കിയിരുന്നു. ഗുര്‍മീതിന്റെ കുടുംബത്തില്‍ നിന്നല്ലാതെ മറ്റൊരാളെ ദേരയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരില്ല. അതുകൊണ്ടാണ് ജസ്മീത്ത് ഇന്‍സാനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവന്നതെന്നും ഇവര്‍ പറഞ്ഞു.
ദേരയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ ഗുര്‍മീതിന്റെ പെണ്‍മക്കളായ ചരന്‍പ്രീതും അമന്‍പ്രീതും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഗുര്‍മീതിന്റെ ഉടമസ്ഥതയിലുള്ള കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ മറ്റാരിലേക്കും പോകാതിരിക്കാനാണ് മകനെ പെട്ടെന്നുതന്നെ ദേര സച്ച സൗദയുടെ തലപ്പത്തേക്ക് തെരഞ്ഞെടുത്തതിന് പിന്നിലെന്നും പറയപ്പെടുന്നു.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യത്തിന് ഉടമയാണ് ഗുര്‍മീത് റാം സിങ്. ബാബ രാംദേവിന്റെ വ്യവസായ സ്ഥാപനം പോലെ സ്വദേശി ഭക്ഷ്യോല്‍പന്ന യൂനിറ്റുകളടക്കം നിരവധി സ്ഥാപനങ്ങള്‍ ഗുര്‍മീതിന്റെ ഉടമസ്ഥതയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."