ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് പൊലിസ്
ചണ്ഡീഗഡ്: കോടതി ശിക്ഷ വിധിച്ച് പുറത്തിറങ്ങിയ ഗുര്‍മീത് റാം റഹീം സിങിനെ ജയിലിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടയില്‍ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നിരുന്നുവെന്ന് റിപ്പോര്‍ട്ട്.
പൊലിസ് വാഹനം തടഞ്ഞ് ഗുര്‍മീതിനെ കടത്തിക്കൊണ്ടുപോകാന്‍ ആയുധങ്ങളുമായി അനുയായികള്‍ എത്തിയെന്നാണ് ഹരിയാന പൊലിസ് ഐ.ജി കെ.കെ റാവു വെളിപ്പെടുത്തിയത്. എന്നാല്‍ പൊലിസിന്റെ തന്ത്രപൂര്‍വമായ ഇടപെടലാണ് ആ ശ്രമം പൊളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിടാനും ഗുര്‍മീത് അനുയായികള്‍ പദ്ധതിയിട്ടിരുന്നുവെന്നും പൊലിസ് പറയുന്നു. ഗുര്‍മീത് ഒപ്പം കരുതിയിരുന്ന ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്ക് നല്‍കുന്ന അടയാളമായിരുന്നുവെന്നും പൊലിസ് പറയുന്നു.
ഈ ചുവന്ന പെട്ടിയിലായിരുന്നു എല്ലാവരുടെയും കണ്ണുകള്‍. ദേര അധ്യക്ഷനെ അനുഗമിക്കാനായി എത്തിയ വാഹന വ്യൂഹങ്ങള്‍ക്ക് കോടതി വളപ്പിലേക്ക് പ്രവേശനം തടഞ്ഞതാണ് ഗുര്‍മീതിനെ രക്ഷപ്പെടുത്താനുള്ള ശ്രമം വിഫലമാക്കിയത്. കുറ്റക്കാരനെന്ന് കോടതി വിധിച്ചശേഷം തന്റെ വസ്ത്രങ്ങളടങ്ങിയ ചുവന്ന നിറത്തിലുള്ള പെട്ടി അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊരു ഗൂഡാലോചനയുടെ നീക്കമായിരുന്നു. ഇത് അടയാളമാക്കി എന്തിനും തയാറായിട്ടായിരുന്നു അനുയായികള്‍ പുറത്ത് കാത്തിരുന്നത്. പെട്ടി പുറത്തെടുത്തതോടെ അനുയായികള്‍ ഇളകിയത് തിരിച്ചറിഞ്ഞതോടെയാണ് ഇത് ഗൂഡനീക്കമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിനു മുന്‍പ് കോടതി വരാന്തയില്‍ ദത്തുമകളെന്ന് പറയുന്ന ഹണിപ്രീതുമായി ദീര്‍ഘനേരം ഗുര്‍മീത് സംസാരിച്ചുനിന്നതും സംശയത്തിന് ഇടയാക്കിയിരുന്നു. സ്വന്തം വാഹനത്തില്‍ ജയിലിലേക്ക് പോകാനായിരുന്നു ഇയാള്‍ ആദ്യം നീക്കം നടത്തിയിരുന്നത്. സ്വന്തം കമാന്‍ഡോകള്‍ വാഹനത്തിനു ചുറ്റും അണിനിരന്നത് കണ്ടതോടെ ഗുര്‍മീതിനെ പൊലിസ് വാഹനത്തിലേക്ക് മാറ്റുകയായിരുന്നുവെന്നും കെ.കെ റാവു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."