ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ പരീക്ഷണത്തെ കുറിച്ച് ഉ.കൊറിയ: മിസൈല്‍ പരീക്ഷണലക്ഷ്യം ഗുവാം
പ്യോങ്‌യാങ്: ജപ്പാനു മുകളിലൂടെയുള്ള മിസൈല്‍ ഗുവാം ആക്രമണത്തിന്റെ പ്രാരംഭ നടപടിയെന്ന് ഉത്തര കൊറിയ. ഇതോടെ മേഖലയില്‍ വീണ്ടും സംഘര്‍ഷത്തിന് കോപ്പുകൂട്ടുകയാണ്. ഇത്തരത്തിലൂടെ കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കണമെന്നും ഉത്തര കൊറിയ പറഞ്ഞു. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമമാണ് കഴിഞ്ഞ ദിവസത്തെ മിസൈല്‍ വിക്ഷേപണത്തെക്കുറിച്ചുള്ള വിശദീകരണം നല്‍കിയത്. യു.എസിന്റെ നിയന്ത്രണത്തിലുള്ള പസഫിക് മഹാസമുദ്രത്തിലെ ദ്വീപാണ് ഗുവാം. ഇവിടെ അമേരിക്കയുടെ നാവിക, വ്യോമതാവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ഗുവാം ആക്രമിക്കുമെന്ന് ഉത്തര കൊറിയ യു.എസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പദ്ധതിയും ഉത്തര കൊറിയ പുറത്തുവിട്ടു. ജപ്പാനു മുകളിലൂടെ മിസൈല്‍ സഞ്ചരിച്ച് ഗുവാമിലെത്തുന്ന പദ്ധതിയാണ് ഉത്തര കൊറിയ പുറത്തുവിട്ടത്. ഇതേ പാതയിലൂടെയാണ് കഴിഞ്ഞ ദിവസം ഉത്തര കൊറിയ മിസൈല്‍ അയച്ചത്. പസഫിക് സമുദ്രത്തില്‍ തന്നെ മിസൈല്‍ പതിക്കുകയും ചെയ്തു.
ചൊവ്വാഴ്ച വടക്കന്‍ ജപ്പാനിലെ ഹൊക്കയ്‌ദൊ ദ്വീപിനു മുകളിലൂടെയാണ് മിസൈല്‍ സഞ്ചരിച്ചത്. ഗുവാം ആക്രമണ പദ്ധതി മുന്നില്‍കണ്ട് മിസൈല്‍ പ്രതിരോധ സംവിധാനം നേരത്തെ ജപ്പാന്‍ വിന്യസിച്ചിരുന്നു. എന്നാല്‍ ഇത് ലക്ഷ്യംകണ്ടില്ല. അതിനിടെ, കഴിഞ്ഞ ദിവസത്തെ മിസൈല്‍ പരീക്ഷണത്തെ ഐക്യരാഷ്ട്രസഭ അപലപിച്ചു. ന്യൂയോര്‍ക്കില്‍ ചേര്‍ന്ന യോഗത്തില്‍ അംഗരാജ്യങ്ങളെല്ലാം ഉത്തര കൊറിയക്കെതിരായി നിലപാടെടുത്തു. എന്നാല്‍ ഉത്തര കൊറിയക്കെതിരേ പുതിയ ഉപരോധനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ചൈനക്കെതിരേ ബ്രിട്ടന്‍
ടോക്കിയോ: ജപ്പാനു ഭീഷണിയാകുന്ന മിസൈല്‍ പരീക്ഷണങ്ങളുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയക്കെതിരേ കൂടുതല്‍ ശക്തമായ സമ്മര്‍ദതന്ത്രം ചൈന പയറ്റണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. ഉ.കൊറിയയുടെ നിരുത്തരവാദ പ്രകോപനങ്ങളെ ചെറുക്കാന്‍ ചൈനയ്ക്കാണ് കഴിയുകയെന്നും അവര്‍ ജപ്പാന്‍ സന്ദര്‍ശനത്തിനിടെ പറഞ്ഞു.
ചിലത് സംഭവിക്കാന്‍
പോകുന്നു: യു.എസ്
യുനൈറ്റഡ് നാഷന്‍സ്: ചില ഗുരുതരമായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നുവെന്ന് യു.എന്നിലെ യു.എസ് അംബാസിഡര്‍ നിക്കി ഹാലെ.
ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ ദിവസം ജപ്പാനു മുകളിലൂടെ മിസൈല്‍ പറത്തിയതില്‍ യു.എസിന്റെ ആദ്യ പ്രതികരണമാണിത്.
ഗുവാം ലക്ഷ്യംവച്ചാണ് ആക്രമണം നടത്തിയതെന്ന് ഉ.കൊറിയ അറിയിച്ചിരുന്നു. ഇത്തരം പ്രകോപനങ്ങള്‍ അസ്വീകാര്യമാണ്. യു.എന്‍ പ്രമേയങ്ങള്‍ ഉ.കൊറിയ ലംഘിക്കുകയാണെന്നും നിക്കി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."