ചരിത്ര വിജയം സ്വന്തമാക്കി വിന്‍ഡീസ്
ലീഡ്‌സ്: 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് വിജയം സ്വന്തമാക്കി വെസ്റ്റിന്‍ഡീസ്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന് വിജയം സ്വന്തമാക്കിയാണ് വിന്‍ഡീസ് ടീം ചരിത്ര നേട്ടത്തിലെത്തിയത്. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 209 റണ്‍സിന്റേയും കനത്ത തോല്‍വി ഏറ്റുവാങ്ങി നാണംകെട്ട വിന്‍ഡീസ് ടീം രണ്ടാം ടെസ്റ്റില്‍ ആധികാരിക വിജയത്തിലൂടെ ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ടി20യില്‍ മാത്രം ഒതുങ്ങിപ്പോകുന്ന വിന്‍ഡീസിന്റെ ഇപ്പോഴത്തെ പെരുമ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നതിന്റെ നല്ല സൂചനകള്‍ നല്‍കാനും ഈ വിജയത്തിലൂടെ കരീബിയന്‍ ടീമിന് സാധിച്ചിട്ടുണ്ട്.
രണ്ടിന്നിങ്‌സിലുമായി സെഞ്ച്വറികള്‍ നേടിയ ഷയ് ഹോപിന്റെ കരുത്തുറ്റ ബാറ്റിങാണ് വിന്‍ഡീസ് വിജയത്തിന്റെ നട്ടെല്ല്. ഓപണര്‍ ക്രെയ്ഗ് ബ്രാത്‌വയ്റ്റിന്റെ മികച്ച ബാറ്റിങും അവര്‍ക്ക് തുണയായി. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 258 റണ്‍സില്‍ പുറത്തായപ്പോള്‍ വിന്‍ഡീസ് ഒന്നാം ഇന്നിങ്‌സില്‍ 427 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.
എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ മികച്ച ബാറ്റിങുമായി കളം നിറഞ്ഞ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 490 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് വിന്‍ഡീസിന് മുന്നില്‍ 322 റണ്‍സ് വിജയം ലക്ഷ്യം വയ്ക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിന്‍ഡീസ് 322 റണ്‍സ് അനായാസം കണ്ടെത്തി.
ആദ്യ ഇന്നിങ്‌സില്‍ ഷയ് ഹോപ് 147 റണ്‍സെടുത്ത് പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ താരം പുറത്താകാതെ 118 റണ്‍സെടുത്ത് വിജയത്തിന്റെ അമരത്ത് നിന്നു. ലീഡ്‌സ് മൈതാനത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സ്മാനായും ഹോപ് മാറി. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി (134) നേടിയ ഓപണര്‍ ക്രെയ്ഗ് ബ്രാത്‌വയ്റ്റ് രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സില്‍ പുറത്തായി. അഞ്ച് റണ്‍സ് അകലെ താരത്തിന് സെഞ്ച്വറി നഷ്ടമായത് മാത്രമാണ് വിന്‍ഡീസിന് നിരാശ നല്‍കിയ ഏക ഘടകം. ഷയ് ഹോപാണ് കളിയിലെ കേമന്‍. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍ തുല്ല്യത പാലിക്കുന്നു. ഇതോടെ അവസാന ടെസ്റ്റ് ഇരു ടീമുകള്‍ക്കും നിര്‍ണായകമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."