മെഡിക്കല്‍ പ്രവേശനത്തിന് കോഴ: കെ.എം.സി.ടി സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ഥി മാര്‍ച്ച്
മണാശ്ശേരി മെഡിക്കല്‍ കോളജില്‍ എസ്.എഫ്.ഐ പ്രതിഷേധം
മുക്കം: കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സ്പോട്ട് അഡ്മിഷന് അട്ടിമറിക്കാന്‍ നീക്കംനടത്തി എന്ന് ആരോപിച്ച് മുക്കം മണാശ്ശേരിയിലെ കെ.എം.സി.ടി മെഡിക്കല്‍ കോളജിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലിസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ തള്ളിക്കയറിയതാണ് സംഘര്‍ഷമുണ്ടാവാന്‍ കാരണം. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആവശ്യമായ പൊലിസും സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് 50ഓളം വരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കെ.എം.സി.ടിയിലെത്തിയത്.
സ്പോട്ട് അഡ്മിഷന് അട്ടിമറിക്കാന്‍ കെ.എം.സി.ടി മാനേജ്മെന്റ് ശ്രമിക്കുന്നതായി ഒരു സ്വകാര്യ ചാനല്‍ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയാണ് എസ്.എഫ്.ഐ കോളജിലേക്ക് മാര്‍ച്ച് നടത്തിയത്. സ്പ്പോട്ട് അഡ്മിഷന് സമയത്ത് ഫീസ് കൂടാതെ പത്തു ലക്ഷം രൂപ നല്കുന്ന വിദ്യാര്‍ഥിക്ക് അഡ്മിഷന് നല്‍കാമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ സമ്മതിച്ച ഫോണ്‍ സംഭാഷണമാണ് ചാനല്‍ പുറത്തുവിട്ടത്.
മാര്‍ച്ച് എസ്.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. കെ.എം.സി.ടിയില്‍ ഏത് അഡ്മിഷന് ലഭിക്കണമെങ്കിലും കോഴ നല്‍കേണ്ട അവസ്ഥയാണന്ന് അദ്ദേഹം പറഞ്ഞു. പണത്തിന്റെ ആര്‍ത്തി തീരാത്ത, പണത്തിനായി എന്തും ചെയ്യുന്ന സംസ്ഥാനത്തെ ചില മാനേജ്മെന്റുകളില്‍ ഒന്നായി കെ.എം.സി.ടി മാറിയെന്നും അദ്ദേഹം ആരോപിച്ചു. സച്ചിന് ദേവ് അധ്യക്ഷനായി. രാഹുല്‍ രാജ്, അതുല്‍ദാസ്, അജയ് ശശിധരന് സംസാരിച്ചു.
പൂളാടിക്കുന്നില്‍ കോര്‍പ്പറേറ്റ്
ഓഫിസിനു നേരെ കെ.എസ്.യു അക്രമം
കോഴിക്കോട്: കെ.എം.സി.ടി മെഡിക്കല്‍ കോളജ് അധികൃതര്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ കോഴ വാങ്ങുന്നുവെന്നാരോപിച്ച് പൂളാടിക്കുന്ന് കെ.എം.സി.ടി കോര്‍പ്പറേറ്റ് ഓഫിസിലേക്ക് കെ.എസ്.യു പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി. ഇന്നലെ വൈകിട്ട് മൂന്നോടെയാണ് 12 ഓളം വരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഓഫിസിലെത്തിയത്. കോളജിന്റെ മുന്‍ഭാഗത്തെ ചില്ലുകളും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. മുന്‍ഭാഗത്ത് വെച്ച ചെടിച്ചട്ടികള്‍ ഓഫിസിലേക്ക് എറിഞ്ഞത് കാരണം ഓഫിസിലെ ഉപകരണങ്ങളും തകര്‍ന്നിട്ടുണ്ട്. കോളജ് അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ലക്ഷത്തിന്റെ നഷ്ടം കണക്കാക്കിയതായി പൊലിസ് പറഞ്ഞു. പ്രവര്‍ത്തകരെ തിരഞ്ഞ് പൊലിസ് കോഴിക്കോട് കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. അന്വേഷണം ഇന്ന് തുടരുമെന്ന് എസ്.ഐ അരുണ്‍ പ്രസാദ് പറഞ്ഞു.
അതേസമയം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ പൊലിസെത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്ന് എം.കെ രാഘവന് എം.പി ആരോപിച്ചു. ഓഫിസില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അത്രികമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അതിക്രമത്തിന് നേതൃത്വം നല്കിയ എലത്തൂര്‍ എസ്.ഐ അരുണ്പ്രസാദിനെതിരെയും പൊലിസുകാര്‍ക്കെതിരെയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി ഓഫിസില്‍ വാഹനവുമായി അതിക്രമിച്ചുകടന്ന പൊലിസ് നടപടി ഒരിക്കലും അംഗീകരിക്കാനാവില്ല. കെ.എം.സി.ടി കോളേജില്‍ അന്യായമായി ഫീസ് വാങ്ങുന്നതിനെതിരെയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ സമരം ചെയ്തത്. സമാധാനപരമായ സമരത്തിന് നേതൃത്വം കൊടുത്ത കെ.എസ്.യു ജില്ലാ പ്രസിഡന്റ് വി.ടി നിഹാലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം അപലപനീയമാണ്.
പൊലിസിന്റെ ബലപ്രയോഗം രാഷ്ടീയ പാര്‍ട്ടികളുടെ ഓഫിസിലേക്ക് നീങ്ങുന്നത് ജനാധിപത്യത്തിന് അപകടകരമാണ്. സ്വാശ്രയപ്രവേശന വിഷയത്തില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സര്‍ക്കാര്‍ നയം തിരുത്താന്‍ തയാറാകണമെന്നു എം.കെ രാഘവന് എം.പി ആവശ്യപ്പെട്ടു. എന്നാല്‍ കോളജ് അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ തിരഞ്ഞെത്തിയതാണെന്നാണ് പൊലിസ് നല്കുന്ന വിശദീകരണം.
കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് ഇന്ന്
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ കയറി പൊലിസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ കമ്മിഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ് അറിയിച്ചു. അന്യായ ഫീസ് വാങ്ങുന്ന മാനേജ്മെന്റുകള്‍ക്കെതിരേ സമരം ചെയ്ത വിദ്യാര്‍ഥി നേതാക്കളെ അക്രമിച്ച പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."