മൂലങ്കാവ് സ്‌കൂള്‍; ജനകീയ പി.ടി.എക്ക് സംസ്ഥാന അംഗീകാരം
സുല്‍ത്താന്‍ ബത്തേരി: സ്‌കൂളിന്റെ ഉന്നതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച മൂലങ്കാവ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ സംസ്ഥാനത്തെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇത് വയനാട് ജില്ലയുടെ വിദ്യാഭ്യാസ മേഖലക്ക് ഉണര്‍വായി.
നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് പി.ടി.എയുടെ ശ്രമഫലമായി സ്‌കൂളില്‍ നടന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പി.ടി.എ പ്രസിഡന്റായിരുന്ന ഷിജോ പട്ടമനയുടേയും പ്രിന്‍സിപ്പല്‍ മിനി സി.ഇയാക്കുവിന്റേയും, ഹെഡ്മാസ്റ്റര്‍ ഹൈദ്രോസിന്റേയും നേതൃത്വത്തിലാണ് സ്‌കൂളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നതെന്ന് ഷിജോ പട്ടമനയും പ്രിന്‍സിപ്പല്‍ മിനി സി. ഇയാക്കുവും പറഞ്ഞു.
20 ലക്ഷം രൂപയോളം പി.ടി.എ സമാഹരിച്ച് ഹൈസ്‌കൂള്‍ മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 20 ക്ലാസ് മുറികള്‍ ഹൈടെക് ആക്കിയിരുന്നു. ഒന്നാം ക്ലാസില്‍ രണ്ട് ക്ലാസ് മുറികളും ഹൈടെക് ആക്കി. ഇതോടനുബന്ധിച്ച് മറ്റു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു.
പെയിന്റിങ്, പ്ലംബിങ്, ഇരുമ്പിന്റെ വാതിലുകള്‍, ജനലുകള്‍, കര്‍ട്ടന്‍ തുടങ്ങിയ സംവിധാനമൊരുക്കി സ്‌കൂളും പരിസരവും മനോഹരമാക്കി. കുട്ടികള്‍ക്ക് ഗൃഹാന്തരീക്ഷത്തില്‍ പഠിക്കുന്നതുപോലെ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കി. ക്ലാസ് മുറികളില്‍ പ്രൊജക്ട് വെക്കുന്നതിനുള്ള സംവിധാനങ്ങളും തയാറാക്കി. കൂടാതെ സ്‌കൂള്‍ പരിസരത്ത് മരങ്ങളും ചെടികളും വച്ചുപിടിപ്പിച്ച് മനോഹാരിത ഉറപ്പാക്കി.
കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം രൂപയോളം സ്‌കൂളിന് അനുവദിച്ചു. ആദ്യ ഘഡു ലഭിച്ചമുറക്ക് സ്‌കൂളില്‍ ലാബ് സൗകര്യം ഏര്‍പ്പെടുത്തി. കഴിഞ്ഞ മാസം 21നാണ് ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളത്തില്‍ കേന്ദ്ര ഫണ്ട് ലഭിച്ച ഏക സ്‌കൂളും മൂലങ്കാവ് സ്‌കൂളാണെന്ന് ഷിജോ പട്ടമന പറഞ്ഞു. നാല് വര്‍ഷം പ്ലസ് ടുവിന് തുടര്‍ച്ചയായി 100 ശതമാനം വിജയം നേടിയതും സ്‌കൂളിന്റെ നേട്ടമാണ്. കലാ-കായിക രംഗത്തും, ശാസ്ത്ര രംഗത്തും സ്‌കൂളിന് മികവാര്‍ന്ന നേട്ടമുണ്ട്. നാട്ടുകാരുടെ പൂര്‍ണ സഹകരണമാണ് സ്‌കൂളിന്റെ അഭിവൃദ്ധിക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."